തുടക്കത്തിലെ ആവേശം ബോറടിയ്ക്കു വഴിമാറിത്തുടങ്ങിയ ഒരു ഡിസംബര്‍ വെക്കേഷന് ..പറ്റിച്ചേ എന്നു കളിയാക്കിച്ചിരിച്ചു കൊണ്ട് ഓടിപ്പോകുന്ന ദിവസങ്ങള്‍....വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലൂടെ വീണ്ടുമൊരോട്ടപ്രദക്ഷിണമാവാമെന്നോര്‍ത്താണ് മുകളിലെ മുറിയിലെത്തിയത്..അലമാര തുറന്നപ്പോള്‍ സ്വീകരിച്ചത് പക്ഷേ വേറൊരു കൂട്ടര്..ഒരു പഴയ ഫോള്‍ഡര്‍ നിറയെ കത്തുകള്‍..
പലരുടേതുമായ ഈ ഓര്‍മ്മപ്പൊട്ടുകളെ ആരാണാവോ ഇവിടെയിങ്ങനെ കൂട്ടിവെച്ചത്?പലയിടത്തും വൈകിയെത്താറുള്ള ഒരു ചരിത്രാന്വേഷിയെ എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ അവര്‍?... .
.അവയ്ക്കെന്തൊക്കെയോ ഒരുപാട് പറയാനുണ്ടായിരുന്നു...നനുത്ത നീലക്കടലാസില്‍ കിനിഞ്ഞ കര്‍പ്പൂരഗന്ധമുള്ള വാക്കുകളിലൂടെ.....വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ..മേല്‍വിലാസങ്ങള്‍ പലതും മാറിയെങ്കിലും..പുതുമ മാറാത്ത കുറെയേറെ വിശേഷങ്ങള്‍..
കുട്ടിക്കാലത്ത് അമ്മൂമ്മയ്ക്ക് കത്തെഴുതാന്‍ അമ്മ വിളിയ്ക്കുമ്പോള്‍ "അമ്മൂമ്മയ്ക്കു സുഖമാണോ?മരുന്നു കഴിയ്ക്കുന്നുണ്ടോ?ബാക്കി അമ്മ എഴുതും" എന്നിങ്ങനെ മൂന്നാലു വരി എഴുതിക്കൂട്ടി രക്ഷപ്പെട്ടിരുന്നു..അക്ഷരങ്ങളുടെ മൗനത്തേക്കാള്‍ കളിപ്പാട്ടങ്ങളുടെ കലപിലയേ സ്നേഹിച്ച ആ പച്ചിലക്കാലത്തൊരിയ്ക്കലും അറിഞ്ഞില്ല..ചിതറിത്തെറിച്ച ആ അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലെവിടെയോ ഒരു നാലു വയസ്സുകാരിയുടെ പുഞ്ചിരി തിരഞ്ഞിരുന്ന രണ്ടു നരവീണ കണ്ണുകളുണ്ടായിരുന്നുവെന്ന്..
പിന്നീട് ബാക്കിയെല്ലാം പോലെ കത്തെഴുതലും ഒരു കളിയായി..ചായങ്ങളും തൊങ്ങലുകളും പിടിപ്പിച്ച് അക്ഷരങ്ങളെ അലങ്കരിച്ചു.. കൗമാരത്തിലും കത്തുകളെഴുതിയിരുന്നു.. കൊച്ചു ശാഠ്യങ്ങള്‍ക്കും വികൃതികള്‍ക്കും കൂട്ടായി..കരയുമ്പോള്‍ ചിരിപ്പിയ്ക്കുന്ന..ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കുന്ന..നേര്‍ത്ത വയലറ്റ് നിറമുള്ള സ്വപ്നക്യാന്‍വാസില്‍ ഞാന്‍ വരഞ്ഞ പ്രിയപ്പെട്ടവനായി മാത്രം....മൗനത്തിന്റെ ഭാഷയിലെഴുതിയവ...പ്രണയാക്ഷരങ്ങളുടെ കൈയ്യൊപ്പു പതിഞ്ഞവ...ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ളവ..മെയിലുകളൂം ഈ-കാര്‍ഡുകളും നിറഞ്ഞ എന്റെ കമ്പ്യൂട്ടറിനെ താങ്ങുന്ന മേശവലിപ്പില്‍ അവയൊക്കെയും അനാഥരായിട്ട് എത്ര നാളായി?..ആവോ..
ഇപ്പോഴാരും കത്തെഴുതാറില്ലെന്നു തോന്നുന്നു..എസ്.എം.എസ്സുകള്‍ ധാരാളം..വല്ലപ്പോഴും ഈ-മെയിലുകളയയ്ക്കുന്നതു തന്നെ സമയമില്ലാക്കാലത്ത് ആര്‍ഭാടമാണ്...
ഓരോ കത്തും ഓരോ ചരിത്രരേഖയല്ലേ? ചിരിയും കണ്ണീരും സ്നേഹവും ഉപദേശങ്ങളും അക്ഷരങ്ങളെ ദൂതയയ്ക്കുന്നു..കാലത്തിന്റെ കഥപറച്ചിലുകാരാവാന്‍..പലരുടെ വിരലുകള്‍ വരഞ്ഞവ...മഷി വീണ മറുകുകളും അക്ഷരപ്പിശകിന്റെ പോറലുകളുമുള്ളവ..പകുതിയ്ക്ക് വെച്ചു വെട്ടിയ വികലാംഗരായ വാചകങ്ങളുടെ നൊമ്പരം പേറുന്നവ..അവയ്ക്ക് പകരം നില്ക്കാന് ഡിജിറ്റല്‍ അക്ഷരമാലയ്ക്കാകുമോ?ഒരുപക്ഷേ ഇടവപ്പാതിയുടെ സംഗീതവും മൂവാണ്ടന്‍ മാങ്ങയുടെ കൊതിയ്പ്പിക്കുന്ന മണവും പിറന്നാള്‍പായസത്തിന്റെ മധുരവും അറ്റാച്ച്ഡ് ഫയലുകളായി അയയ്ക്കാവുന്ന കാലം വന്നേയ്ക്കാം..എങ്കിലും വരികള്‍ക്കിടയില്‍ തെളിയുന്ന സ്നേഹത്തിന്റെ ഭാഷ ഈ അക്ഷരങ്ങള്‍ക്കു മാത്രം സ്വന്തം....കാരണം അവയ്ക്കു കര്‍പ്പൂര ഗന്ധമാണ്..സ്നേഹത്തിനും.
8 comments:
എങ്കിലും വരികള്‍ക്കിടയില്‍ തെളിയുന്ന സ്നേഹത്തിന്റെ ഭാഷ ഈ അക്ഷരങ്ങള്‍ക്കു മാത്രം സ്വന്തം....
നന്നായിരിയ്ക്കുന്നു....
ഇനി ഞാനൊരു ‘ഇല്ലന്റ്’ വാങ്ങട്ടെ, പഴയ വിലാസങ്ങളൊക്കെ ഒന്ന് തപ്പിയെടുക്കട്ടെ....
കാര്‍ത്തൂ..കുറേ കാലായല്ലോ കണ്ടിട്ട് എവിടായിരുന്നു?
dear karthu,
ee karppora gandham ethra nalum evideyaayirunnu?
oru padu ezhthezhethi talarnna kaikalanu entethu.anuvinte ezhthukalkkai priyappettavar kathirunnoru kaalam........
katha mari........kaalam mari........
chattingingum emailsum vazhi eppol connected aanu.ente kude cherunno?
eniyum ezhuthuka.........othiriothiri...
sasneham,
anu
തോന്ന്യാസീ..എടുത്തോളൂ എടുത്തോളൂ...പഴയ മേല്‍വിലാസങ്ങളും ഇല്ലന്റുകളും ..പൊടി തട്ടാന്‍ മറക്കണ്ട...
അനൂ..കൂടെ ചേരാന്‍ സന്തോഷം മാത്രം..ഒരുപാട് കത്തുകളെഴുതിയിരുന്ന ഈ കൈകള്‍ തളര്‍ന്നു പോയതെന്തേ?എഴുതൂ ഇനിയും..ഈ-മെയിലുകളിലൂടെ ഞാനും എഴുതി അയയ്കാറുണ്ട് വന്‍ ഉപന്യാസങ്ങള്‍..
പലയിടത്തും വൈകിയെത്താറുള്ള ഒരു ചരിത്രാന്വേഷിയെ എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ അവര്‍?...
.............................
അറിഞ്ഞില്ല..ചിതറിത്തെറിച്ച ആ അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലെവിടെയോ ഒരു നാലു വയസ്സുകാരിയുടെ പുഞ്ചിരി തിരഞ്ഞിരുന്ന രണ്ടു നരവീണ കണ്ണുകളുണ്ടായിരുന്നുവെന്ന്..
..........................
ഇമ്മാതിരിയുള്ള വാചകം
വായിക്കുമ്പോള്‍....
വല്ലാത്തൊരു നോവ്്
തോന്നുന്നുണ്ട്്
..........................................
പിന്നെ ഒത്തിരിയെഴുതി
വഴിമാറിപ്പോവാതെ
നന്നായി എഡിറ്റ് ചെയ്താല്‍
എല്ലാ പോസ്റ്റും കൂടുതല്‍ നന്നാകും
:)
ഞാന്‍ ഇയാളുടെ ബ്ലോഗ് കുറെ വായിച്ചു....
കുറച്ചു പോസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്...
പക്ഷെ ഇത് കിടിലന്‍.........ഒരുപാട് ഒരുപാട് ഇഷ്ടമായി ...
ഈ ഒരു ചിന്തക്കും രചനക്കും ഭാവുകങ്ങള്‍
ഞാനും ഇതുവഴി വന്നു പോയി
Post a Comment