Sunday, March 15, 2009

കാലാപാനി!!

"നീ ആന്‍ഡമാനില്‍ വരുന്നോ??" ഇടവപ്പാതിയെ കീറിമുറിച്ചാണു ഈ ചോദ്യം കാതില്‍ വന്നു വീണത് എങ്കിലും അതിനൊരു പുതുമഴയുടെ ഇഫക്റ്റ് ആയിരുന്നു..
കാരണം ഒന്ന്:ചോദ്യകര്‍ത്താവ് എന്റെ അമ്മയാണു.അങ്ങനിങ്ങനൊന്നും അലിയുന്ന ഒരു അമ്മമനസ്സല്ല അത്.
കാരണം രണ്ട്: ഹോസ്റ്റലിലെ ക്യാബേജ് പുഴുങ്ങിയതും മീനിട്ട കറിയും ഒക്കെ കഴിച്ചു സ്വന്തം അവതാരോദ്ദേശ്യം തന്നെ പാഴായിപ്പോയ ഒരു പാവം വയറിന്റെ ഉടമയായിരുന്നു അന്ന് ഈയുള്ളവള്‍..
കാരണം മൂന്ന്:ആസന്നമായ പരീക്ഷയില്‍ അതിദാരുണമായി സംഭവിച്ചേയ്ക്കാവുന്ന തോല്‍‌വിയുടെ ധാര്‍മികമായ ഉത്തരവാദിത്വം ആന്‍ഡമാനിലേയ്ക്കു കപ്പല്‍ കയറ്റാം!
ഇങ്ങനെ ഒന്നിലധികം ഹിഡന്‍ അജണ്ടകളോടെ ഉള്ളില്‍ തികട്ടി വന്ന സന്തോഷം മറച്ചു വെച്ച് നോം ഇങ്ങനെ ഉവാച:"അതിപ്പോ..പരീക്ഷയാ..എന്നാലും.ഹാ..നോക്കാം"......
.അങ്ങനെ രണ്ടായിരത്തഞ്ചിലെ ഓണക്കാലത്ത് ഞാനും അനിയനും അച്ഛനും അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആന്‍ഡമാനിലേയ്ക്ക്ബീമാനം കേറി...





.ജീവിതത്തില്‍ ആദ്യായിട്ടാ വിമാനത്തില്‍ കയറുന്നതെന്ന യാതൊരു അഹങ്കാരവുമില്ലാതെ അവിടെക്കണ്ട ഫ്ലൈറ്റ് സ്റ്റുവാര്‍ഡുമാരെ ഒക്കെ വായിനോക്കിയും,എയര്‍ ഹോസ്റ്റസ്സുമാരെ കുടുംബത്തിലെ പുരനിറഞ്ഞു നിക്കണ ചേട്ടന്മാര്‍ക്കു കല്യാണമാലോചിച്ചും പേടിച്ചു കണ്ണടച്ചിരുന്നു ഉറങ്ങിപ്പോയ സഹോദരനെ ഇടയ്ക്കൊന്നു ചൊറിഞ്ഞും കന്നി ആകാശയാത്ര എംജോയ് ചെയ്തു ഞാന്‍..
അങ്ങനെ ആന്‍ഡമാന്‍ .. ചരിത്രമുറങ്ങുന്ന സെല്ലുലാര്‍ ജയിലും പ്രകൃതിനിര്‍മ്മിതമായ ചുണ്ണാമ്പു ഗുഹയുമടക്കം ഒരുപാട് കാഴ്ചകള്‍ക്കു ശേഷം ഈ പോസ്റ്റിനാധാരമായ ആ യാത്രയുടെ ദിവസം വന്നെത്തി..

അന്നത്തെ യാത്ര പവിഴപ്പുറ്റുകള്‍ നിറഞ്ഞ് കോറല്‍ ഐലന്‍ഡിലേയ്ക്കായിരുന്നു..ആ ദ്വീപിലെ ഒരു പ്രത്യേകത എന്താന്നു വെച്ചാല്‍ അവിടെ കടലില്‍ തീരത്തോട് അടുത്ത് പവിഴപ്പുറ്റുകളുടെ ഒരു വന്‍ ശൃംഖല രൂപപ്പെട്ടിട്ടുണ്ട്..കടലില്‍ കുറച്ചു ദൂരം പോയി താഴേയ്ക്കു നോക്കിയാല്‍ പവിഴപ്പുറ്റുകള്‍ കാണാമെന്നര്‍ത്ഥം..പണ്ട് ഇവിടെ അടിവശം സുതാര്യമായ ബോട്ട് സര്‍വ്വീസുകളും ഉണ്ടായിരുന്നത്രേ..
ഞങ്ങള്‍ അവിടെ ചെന്നപ്പോ കുറച്ച് ബംഗാളി ചേട്ടന്മാര്‍ റബ്ബര്‍റ്റ്യൂബും പിന്നെ വെള്ളത്തിന്റെ അടിയില്‍ നിന്നു ശ്വാസം വലിയ്ക്കാനുള്ള നീണ്ട കുഴലും ഒക്കെയായി നില്‍ക്കുന്നു..
പണ്ടു മുതലേ...എനിയ്ക്കീ നീന്തല്‍ എന്നു പറയുന്ന കലയോട് വല്യ പ്രതിപത്തി ഇല്ല...പഠിപ്പിയ്ക്കാന്‍ വീട്ടുകാരും വെള്ളയമ്പലം വാട്ടര്‍ അതോരിറ്റി വക സ്വിമ്മിംഗ് പൂള്‍ അധികൃതരു പഠിച്ച പണി പതിനെട്ടും നോക്കി..എന്തൊക്കെ ചെയ്താലും ഒടുക്കം റബ്ബര്‍ പന്തു പോലെ ഞാന്‍ പൊങ്ങി വരും..നീന്തല്‍ ഒഴികെ വെള്ളത്തില്‍ ഉള്ള സകല കലാപരിപാടികളും (മുങ്ങാം കുഴി,കുത്തി മറിച്ചില്‍,മുങ്ങി വന്നു കാലു വാരി ബാക്കിയുള്ളോരെ പേടിപ്പിയ്ക്കുക ഇത്യാദി വാട്ടര്‍ സ്പോര്‍ട്ട്സ്.)നോം അതിനകം മണിമല,പമ്പ ആറുകളില്‍ ഉള്ള നീണ്ട ജലാധിവാസ പരിപാടികളിലൂടെ സ്വായത്തമാക്കിയിരുന്നു..
അപ്പോ പറഞ്ഞു വന്നത്..ആ ചേട്ടന്മാര്‍ സര്‍‌വായുധ ധാരികളായി അവിടെ നില്‍ക്കുന്നു..
ഒരുപാടാളുകള്‍ അവരുടെ കൂടെ കടലിലേയ്ക്ക് പോകുന്നു..
ആഴക്കടലില്‍ തിരമാലകള്‍ക്കെതിരേ തോണി തുഴഞ്ഞു പരിശീലിച്ച ആ സഹോദരന്മാര്‍ ഓരോരുത്തരെയും കടലിലെ ഒരു പ്രത്യേക പോയിന്റ് വരെ കൊണ്ടു പോയി പവിഴപുറ്റുകളെ എല്ലാം വിശദമായി കാട്ടിക്കൊടുത്ത ശേഷം സുരക്ഷിതരായി തിരിച്ചെത്തിയ്ക്കുന്നു..

ഇതെല്ലാം കണ്ട് വണ്ടറടിച്ച് ആരാധനയോടെ സാഹസികരായ ആ ടൂറിസ്റ്റുകളെയും അവര്‍ക്കൊരു പോറല്‍ പോലുമേല്‍ക്കാതെ കരയില്‍ തിരിച്ചെത്തിയ്ക്കുന്ന ആ ചേട്ടന്മാരെയും ഒക്കെ അന്തം വിട്ടു നോക്കിയിരിക്കുന്നതിനിടയിലാണു അച്ഛന്റെ വിളി..
"നിനക്കല്ലേ കോറല്‍സ് കാണണമെന്നു പറഞ്ഞത്?വാ"
കടലിലൂടെ ബോട്ടില്‍ ഉള്ള റൈഡും,ചുറ്റും തിരമാലകളും പിന്നെ അടിത്തട്ടില്‍ തെളിയുന്ന പവിഴപ്പുറ്റുകളുടെ വര്‍ണ്ണജാലവും എല്ലാം സ്വപ്നം കണ്ടു ഞാനോടിച്ചെന്നു..
നോക്കിയപ്പോള്‍..നേരത്തെ പറഞ്ഞ ആയുധങ്ങളെല്ലാം ധരിച്ച് ഒരു ചേട്ടന്‍ അച്ഛ്നുമായി ഹിന്ദിയില്‍ എന്തൊക്കെയോ സംസാരിയ്ക്കുന്നു..അടുത്തു അമ്മയുമുണ്ട്..
ബോട്ടു പോയിട്ട് അതിന്റെ പൊടി പോലും ആ പരിസരത്തെങ്ങുമില്ല..
"ആപ് ഇന്‍‌കോ ലേ കെ ജാ സക്തേ ഹൈ..മുഝ് കോ ബാക് പെയിന്‍ ഹോ രഹ ഹൈ"
അച്ഛന്റെ ഡയലോഗ്..എന്നെയും അമ്മയെയും കടലിലേയ്ക്ക് കൊണ്ടോയിക്കൊള്ളാന്‍ അച്ഛന്‍ ആ ചേട്ടനോട് പറയുകയാണ്..എന്നാലും..വീട്ടില്‍ വെച്ച് സ്ത്രീയൊരു ശല്യം എന്ന് ഇടയ്ക്കിടെ പറയുമെങ്കിലും ഇത്ര പെട്ടെന്നൊരു കടുത്ത തീരുമാനം പുള്ളി എടുക്കുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല..

അല്ല..അപ്പോ ബോട്ട്..???ഞാന്‍ ആശങ്കിച്ചു..
"ബോട്ടൊന്നുമില്ല.. നമുക്കു രണ്ടാള്‍ക്കും രണ്ട് റബ്ബര്‍റ്റ്യൂബ് തരും.കൂടെ ഇയാളും വരും.കടലില്‍ കോറല്‍സ് ഉള്ള സ്ഥലത്ത് കൊണ്ടു പോയി കാട്ടിത്തരും"അമ്മ വിശദീകരിച്ചു..അതു ശരി..അപ്പോ അമ്മയും കൂടി അറിഞ്ഞോണ്ടാണല്ലേ???ഈ കൂട്ടത്തില്‍ നീന്തല്‍ അറിയാത്ത ഒരേ ഒരംഗം ഞാന്‍ ആണെന്നറിഞ്ഞോണ്ടാണോ ഇങ്ങനെ ഒരു പ്ലാന്‍?എനിയ്ക്ക് ഒരവസരം കൂടി തന്നൂടേ????

കൂടുതല്‍ ചിന്തിയ്ക്കാന്‍ നേരമില്ല..അമ്മ റ്റ്യൂബ് കഴുത്തിലിട്ടു കഴിഞ്ഞു..യാന്ത്രികമായി ഞാനും അതെടുത്തു കഴുത്തിലിട്ടു..എന്നിട്ടു യാത്രയായി..അറ്റമില്ലാത്ത ബേ ഓഫ് ബെംഗാളിന്റെ മടിത്തട്ടിലേയ്ക്ക്...
തുടക്കം വള്രെ മനോഹരമായിരുന്നു..
ഉപ്പുരസമുള്ള വെള്ളത്തിന്റെ ഇളം ചൂടും കാലില്‍ ഇക്കിളി കൂട്ടുന്ന പഞ്ചാരമണലും ഇളം വെയിലും ഉള്ളിലെ ഭയം ഒന്നു കുറച്ചു.
പതുക്കെപ്പതുക്കെ ചില മാറ്റങ്ങള്‍ ..നടക്കുമ്പോള്‍ ഒരു ഫുട്ടിംഗ് ഇല്ല..കാലു നീങ്ങുന്നുണ്ട്..പക്ഷേ ചവിട്ടാന്‍ ശ്രമിയ്ക്കുമ്പോള്‍ താഴെ ശൂന്യത..വൈകാതെ ഞാനാ സത്യം മനസ്സിലാക്കി..എന്നിലെ അഞ്ചടിക്കാരിയുടെ കാലുകള്‍ക്ക് എത്തിച്ചേരാവുന്നതിലും എത്രയോ താഴെയാണു അടിത്തട്ട് എന്ന
ഭീകരസത്യം!.. മാതാജിയ്ക്കും ഗൈഡ് ചേട്ടനും നോ എക്സ്പ്രഷന്‍സ്..എങ്കിലും പ്രതീക്ഷ കൈവിടാതെ കാരാമ തുഴയുന്നതു പോലെ ഞാന്‍ കയ്യും കാലുമിട്ടിളക്കി പിടിച്ചു നിന്നു...

ഒടുവില്‍ നിര്‍ണായകമായ ആ നിമിഷമെത്തി..
പവിഴപ്പുറ്റുകളുടെ സാന്ദ്രത ഏറ്റവും കൂടിയ ഭാഗത്ത് ഞങ്ങളെത്തി..ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ആ ഗൈഡ് ചേട്ടനും അമ്മയും പിന്നെ അവരുടെ കൂടെ വെള്ളത്തില്‍ വീണ പൊങ്ങുതടി പോലെ ഞാനും..
ചേട്ടന്‍ അവിടെ നിന്നു...എന്നിട്ട് ഹിന്ദിയില്‍ ഒറ്റച്ചോദ്യം"ആപ് ഘടേ ഹൊ?"(ഇങ്ങനെ തന്നെ ആണോന്ന് ഉറപ്പില്ല..എന്തായലും പുള്ളി ഉദ്ദേശിച്ചത് വെള്ളത്തില്‍ നില്‍ക്കാനുള്ള നിലയുണ്ടോ എന്നായിരുന്നു)
ജീ ഹാം എന്നു അമ്മയുടെ ഉത്തരം..
ഏതാണ്ടതു പോലൊന്ന് എന്റെ വായീന്നും വീണെന്നു തോന്നുന്നു...
ഏതായാലും അതോടെ എന്റെ അവസാന ആശ്രയമായ റ്റ്യൂബും കൈവിട്ടു പോയി..ആ ചേട്ടന്‍ ഇത്രയും നേരം ഞങ്ങള്‍ രണ്ടാളുടെയും റബ്ബര്‍ റ്റ്യൂബുകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു.."ജീ ഹാം കേട്ടതോടെ അങ്ങേരു കൈ വിട്ടു..അതേ നിമിഷം റ്റ്യൂബില്‍ നിന്നും ഞാന്‍ തല വലിച്ചൂരി..
അതു അതിന്റെ വഴിയ്ക്കു പോയി.

അതോടെ നടുക്കടലില്‍ ഞാന്‍ തീര്‍ത്തും വഴിയാധാരമായി
ഗുളു ഗുളു ശബ്ദത്തോടെ അടിയിലേയ്ക്കു താഴ്ന്നു പോയി ഞാന്‍..
പാരാവാരത്തിന്റെ അഗാധതയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പെറ്റു വളര്‍ത്തിയ സ്വന്തം മാതാവിന്റെ മുഖം ഒരു നോക്കു കണ്ടപ്പോള്‍ വരണ്ടുണങ്ങിയ ചുണ്ടുകള്‍ അവസാനമായി മന്ത്രിച്ചു..
"അയ്യോ...ഞാന്‍ ദേ ചാകാന്‍ പോണേ"
മൂന്നാലു തവണ മുങ്ങിപ്പൊങ്ങിയപ്പോഴേയ്ക്കും ലൈഫ് ഗാര്‍ഡ് ഇടപെട്ടു.വീണ്ടും റ്റ്യൂബ് എന്റെ കഴുത്തില്‍ കയറി..ഞങ്ങള്‍ കരയിലേയ്ക്കു തിരിച്ചു..
വിജയശ്രീലാളിതയായി..സുമാര്‍ അര ലിറ്റര്‍ കടല്‍ വെള്ളം അകത്താക്കി...ഗാര്‍ഡിനാല്‍ ആനയിക്കപ്പെട്ട് കഴുത്തില്‍ റ്റ്യൂബ് മാലയുമായി തീരത്തണഞ്ഞ എന്നെ നോക്കി പിതാശ്രീ ഒന്നു പുഞ്ചിരിച്ചു..ഒരു മൊണാലിസാ ചിരി.."ആകാത്ത പണിയ്ക്കു പോകരുത്" എന്നാണോ അതിനര്‍ത്ഥം??
ബാക്കിപത്രം:ആ സംഭവത്തിനു ശേഷം നാട്ടിലെത്തി ആദയ്ം ചെയ്തത് വെള്ളയമ്പലം വാട്ടര്‍ വര്‍ക്സില്‍ നീന്തല്‍ പഠിയ്ക്കാന്‍ ചേരുക എന്നുള്ളതായിരുന്നു..
പുസ്തകങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച് ഹിന്ദിയല്ല അനുഭവങ്ങളിലെ ഹിന്ദി എന്ന വലിയ പാഠം ഉള്‍ക്കൊണ്ട് ഹിന്ദി സംസാരിയ്ക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങി...ഇന്നും തുടരുന്ന മറ്റൊരു പ്രയാണം..
സര്‍‌വോപരി..മേല്‍ക്കൊണ്ട് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പൂര്‍വാധികം ഭംഗിയായി നല്ല നടപ്പ് ശീലിച്ചു തുടങ്ങി..
(ഒന്നുമില്ലേലും തല്ലും പിടിയുമൊക്കെയാ നടുക്കടലില്‍ ഉപേക്ഷിയ്ക്കപ്പെടുന്ന്തിനേക്കാള്‍ ഭേദം!

13 comments:

കാര്‍ത്ത്യായനി said...

കാലാപാനി..അഥവാ കാലനാകേണ്ടിയിരുന്ന പാനി!

അല്‍ഭുത കുട്ടി said...

അടിപോളി

Mr. X said...

ശ്ശോ.. കഷ്ടമായി പോയി...
മുങ്ങിയതല്ല, തിരിച്ചു കേറി വന്നത്.
"അച്ഛന്‍റെ മുഖത്ത് മോണാലിസയുടെ പുഞ്ചിരി!"
ഇതായിരുന്നില്ലേ ആ ചിരിയുടെ അര്‍ത്ഥം...

Ashly said...

ഓ ഹോ .....അദ്ശരി ....ഇങ്ങനെ ഒരാള്‍ ഇവിടെ ഉണ്ട് അല്ലെ .....ആദിയംയ്ട്ടാണ് ബ്ലോഗ് കാണുന്നത് . നല്ല എഴുത്ത് സ്റ്റൈല്‍, കീപ് ഇറ്റ് അപ്.

കാര്‍ത്ത്യായനി said...

അത്ഭുത കുട്ടീ..നന്ദി !
ആര്യന്‍..ആ മൊണാലിസച്ചിരി പുള്ളി ഇടയ്ക്കിടെ ചിരിയ്ക്കാറുള്ളതാ..അതിന്റെ അര്‍ത്ഥം വളരെ ഫ്ലെക്സിബിള്‍ ആണ്!സന്ദര്‍ഭം അനുസരിച്ച് അര്‍ത്ഥം കല്പിയ്ക്കുന്നതാ എളുപ്പം :)
പിന്നെ മറിയക്കുട്ടി എന്തു പറയുന്നു?
ആഷ്‌ലി..നന്ദി..വീണ്ടും വരിക..

തെന്നാലിരാമന്‍‍ said...

"ആകാത്ത പണിയ്ക്കു പോകരുത്" എന്നാണോ അതിനര്‍ത്ഥം??
അല്ലാതെ അതിനു വേറെന്തറ്‍ത്ഥം വരാന്‍... :-)

കാര്‍ത്ത്യായനി said...

തെന്നാലിരാമാ..അതേന്നേ..ആ സമയത്തെ ആ പുഞ്ചിരിയുടെ അര്‍ത്ഥം അതല്ലാതെ മറ്റൊന്നുമായിരുന്നില്ല..പറഞ്ഞിട്ടു പ്രയോജനം ഇല്ലെന്നറിയാവുന്ന്തോണ്ടാ പുള്ളി പ്രതികരണം ഒരു ചിരിയിലൊതുക്കിയത്
നന്ദി രാമാ..വന്നതിനും വായിച്ചതിനും അഭിപ്രായിച്ചതിനും:)

ശ്രീഇടമൺ said...

"കാലാപാനി“
കൊള്ളാം...*

SR.EE.RAJ said...

kidilam..kidilolkidilam..

കാര്‍ത്ത്യായനി said...

ശ്രീ ഇടമണ്‍,നന്ദി...
DudeAboard :dangs dude! ;)

ഹാഫ് കള്ളന്‍||Halfkallan said...

അടിയന്റെ സ്ഥിതി ഇപ്പോളും ഇത് തന്നെ ... അഞ്ചടി മൂന്നു ഇന്ചിനു മുകളില്‍ വെള്ളം ഉണ്ടെങ്കില്‍ അങ്ങേ ലോകതെതും ..
എന്തായാലും മരണത്തെ face to face കണ്ട അനുഭവം കലക്കി ..

അല്പം വൈകി ആണെങ്കിലും .. കൊള്ളാം .. ആശംസകള്‍ :-)

കാര്‍ത്ത്യായനി said...

arakkallaaa...thanku:)

ഇസാദ്‌ said...

ഹഹഹ, നല്ലോണം രസിച്ച് വായിച്ചു. വളരേ നല്ല ശൈലി.