വളര്‍ത്തിയില്ലാരും; വളര്ത്തപ്പെടാതെ വളരാനിടം തന്നുവല്ലോ...
വളര്‍ത്തിയില്ലാ വളര്‍ത്തുദോഷങ്ങളും, മുളയ്ക്കവേ തളര്ത്തിനാരല്ലോ...
മടിയിലിരുത്തിക്കളിപ്പിയ്ക്കുവാന് നേരമതൊത്തില്ലെന്നാലും
കൊഞ്ചലും ‘പുഞ്ചയും” തന്‍കാര്യം നോക്കലും തല്ലിത്തിരുത്തിനാരല്ലോ..
ചെറുചേലച്ചരടിന്റെ ചുരുളില്‍ തളയ്ക്കാതെ,യക്ഷരപ്പെരുമഴ നനയാനനുവദിച്ചല്ലോ..
ചെറുതിലേയോടി വീണപ്പോള്‍ വന്നെടുത്തൊരുവേള ‘കരയണ്ടെന്നോതിയുമില്ല”
പലവട്ടം വീണേ നടക്കാന്‍ പഠിയ്ക്കൂവെന്നെളുതായ് പറഞ്ഞു തന്നല്ലോ..
കാതു കനക്കെയുരുക്കിയൊഴിച്ചീല സന്മാര്ഗപാഠങ്ങളൊന്നും..
പകരം വിളക്കായ് മാറിയെന് വഴികാട്ടി മുന്‍പേ നടന്നുവല്ലോ..
“ഇല്ലയെന്നോതുമാറില്ല,ഉണ്ടായിട്ടില്ല “വേണ്ടാ”കളുമധികം..
നല്ലതും തീയതും നന്നായിക്കാണുവാനായ് കണ്ണു രണ്ടും തെളിച്ചുതന്നല്ലോ..
അറിയാമൊരിയ്ക്കലും സ്വന്തമായ് മാറ്റിവെച്ചില്ലൊരു തുള്ളി ജീവിതം പോലും..
പുലരന്തിയോളം മഴയിലും വെയിലിലും ഉടല് വേച്ചുവീണിടുമ്പോഴും..
ഉഴറിപ്പറന്നു നടക്കുന്നു കൂട്ടിലെ പറവക്കുഞ്ഞിന് പശിയാറ്റാന്‍
കളയാതെ കൂട്ടിപ്പെറുക്കിവെച്ചീടുന്നു ചെറുതാമൊരു നെന്മണി പോലും..
വരമാണ്,നേരിന്റെ പൊരുളാണു നന്മ തന് വഴിമരത്തണലാണെന്നെന്നും..
കടലിനെക്കാളും വലുതാം ഹൃദയത്തില്‍ നിറയുന്നൊരന്പാമമൃതാല്..
നിറയട്ടെയെന്മനം,നിര്‍ത്തുന്നു ഞാനെന്റെയധികപ്രസംഗങ്ങളിതിനാല്...
കുറിയതാണേറെച്ചെറിയവള ,ല്ലെങ്കിലിനിയും ചെറുതാകുമല്ലോ..
4 comments:
വളര്ത്തുദോഷങ്ങള്!!!
എഴുദോഷങ്ങള് എന്ന് കൂടി കൂട്ടി വായിക്കുക
കവിതയെക്കുറിച്ച് പറയാന്‍ അറിയില്ലെങ്കിലും വായിച്ചാല്‍ മനസ്സിലാകുന്ന വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
എന്തൊക്കെ പഠിച്ചാലും ഇന്നിപ്പോള്‍ എല്ലാം താറുമാറാക്കാന്‍ നമ്മുടെ നാടിന്റെ വേഗം കൂടിയിരിക്കുന്നു.
ആശംസകള്‍.
നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
ഇനിയും തുടരുക..
Post a Comment