Friday, March 28, 2008

ഒരു നൊസ്റ്റാള്‍ജിക് സ്വപ്നം

ഒരു മൂളിപ്പാട്ടുമായിളം കൈകള്‍ കോര്‍ത്ത്
കലപിലയോതി നാം നടന്നൊരാവഴികളിന്നുമുണ്ടോ??
ഇന്നുമുണ്ടോ വയല്‍ക്കിളികളും കുസൃതിക്കാറ്റും..
‘നന്നായേ വരൂ’വെന്ന് നമുക്കായ് നേരുന്നൊരാ
അമ്പലമണികള്‍ തന്‍ മന്ദ്രസംഗീതവും...
കാത്തിരിയ്ക്കുന്നുവോ നാമം ചൊല്ലിക്കൊണ്ടിന്നും
അപ്പൂപ്പനരയാലും പേരറിയാത്ത സുന്ദരിക്കിളികളും..
വിടരാറുണ്ടോയിന്നും..പേരറിയാക്കാട്ടുപൂക്കളാ
യിരമാവഴിവക്കില്‍??
നിത്യാര്‍ദ്രയാ തുളസിയിന്നുമുരുവിടാറുണ്ടോ വരിതെറ്റാതെ സന്ധ്യാനാമം?
കറുകത്തുമ്പിലിപ്പൊഴും കണ്ണാടി തീര്‍ക്കാറുണ്ടോ മഴത്തുള്ളികള്‍..
നിന്‍ കണ്‍കളിലിന്നുമുണ്ടോ...കണ്ണീരോ കുസൃതിയോ എന്നറിയാത്തൊരാ-
ത്തിളക്കവും...എനിയ്ക്കു മാത്രം വായിക്കുവാന്‍
മൌനത്തിന്‍ ഭാഷയിലെഴുതിയ വാചാലതയും?
ചുണ്ടിലിന്നും ബാക്കിയോ പണ്ടു നാമെതിരു
പാടിയൊരാ കുയില്‍‌പ്പാട്ടിന്നീണങ്ങള്‍? .
അലറിക്കുതിച്ചെന്നെയുംകൊണ്ടീ തീവണ്ടിയകലുമ്പോള്‍..
ജനാലയ്ക്കലെ മഴത്തുള്ളികളോടിഴചേര്‍ന്ന കണ്ണീര്‍ത്തുള്ളികളോര്‍പ്പിയ്ക്കുന്നു..
ചവിട്ടിയകന്ന പാതകള്‍ക്കപ്പുറം..കയറിപ്പോയ പടവുകള്‍ക്കു താഴെ..
ഓര്‍മ്മകള്‍ സുഗന്ധം തട്ടിത്തൂവിയ ഇടനാഴികളിലെവിടെയോ നീയുണ്ട്..
വാകമരങ്ങള്‍ തണല്‍ വിരിച്ച വഴികളിലെവിടെയോ..
നാമൊരുമിച്ചു കണ്ടൊരാ നൊസ്റ്റാള്‍ജിക് സ്വപ്നവും...

10 comments:

കാര്‍ത്ത്യായനി said...
This comment has been removed by the author.
കാര്‍ത്ത്യായനി said...

എന്താ ചെയ്ക???നൊസ്റ്റാല്‍ജിയോസിസ് ബാധിച്ചതാ..വളരെപ്പെട്ടെന്നായിരുന്നു..
ക്ഷമിയ്ക്കുക..സഹിയ്ക്കുക..ദയവായി തല്ലാതിരിയ്ക്കുക...

ഹരിയണ്ണന്‍@Hariyannan said...

ഇതിന്റെ ലേബലുവായിച്ചിട്ടു ചിരിവന്നു...
ഇതു കവിത തന്നെ!നല്ല ഒരു കവിത ഇതിനുള്ളിലെവിടെയോ ഉണ്ട്...
വളരെ നൊസ്റ്റാള്‍ജിക് ആയ ഒരു കവിത!

തോന്ന്യാസി said...

വാകമരങ്ങള്‍ തണല്‍ വിരിച്ച വഴികളിലെവിടെയോ..
നാമൊരുമിച്ചു കണ്ടൊരാ നൊസ്റ്റാള്‍ജിക് സ്വപ്നവും


ഇതൊക്കെ എപ്പോസംഭവിച്ചെന്റെ കാര്‍ത്തൂ?
എനിക്കൊന്നും ഓര്‍മ്മ വരുന്നില്ലല്ലോ....

തോന്ന്യാസി said...
This comment has been removed by the author.
ഉപാസന || Upasana said...

ഇതും കൊള്ളാം.
ഹരിയണ്ണന്‍ പറഞ്ഞത് കേട്ടല്ലോ..?
:-)
ഉപാസന

കാര്‍ത്ത്യായനി said...

ഹരിയണ്ണാ.നന്ദി.. നൊസ്റ്റാള്‍ജിയ..പിന്നിട്ട വഴികള്‍ ഓര്‍ത്തു നോക്കുമ്പോള്‍ തോന്നുന്ന സുഖമുള്ള ഒരു നൊമ്പരം.തു കുത്തിക്കുറിച്ചപ്പോള്‍ ഇങ്ങനെയൊക്കെ ആയി .

കാര്‍ത്ത്യായനി said...

@ തോന്ന്യാസി..ഓര്‍മ്മകളുണ്ടായിരിക്കണം.ഇല്ലേല്‍ അംനീഷ്യം വരും..അംനീഷ്യം!!

കാര്‍ത്ത്യായനി said...
This comment has been removed by the author.
കാര്‍ത്ത്യായനി said...

@ ഉപാസന.നന്ദി...വന്നതിന്,കമന്റിയതിന്..