Thursday, April 17, 2008

എന്റെ വിഷു

പൊന്നുരുക്കിയൊഴിയ്ക്കുന്നുണ്ടംബരം
കര്‍ണ്ണികാരങ്ങള്‍ക്കു കമ്മല്‍ പണിയുവാന്‍.
നെല്ലറകള്‍ നിറയുന്നു വേനലിന്‍
വന്‍ വറുതിക്കാലമാണെങ്കിലും..
മാമലനാടിന്നന്‍പെഴും മടിത്തട്ടില്‍
സായന്തനങ്ങളൊരുക്കും വിഷുക്കണി.
മാങ്ങയുമുണ്ടാം കണിവെള്ളരി,കൊന്നപ്പൂവും
മാധവരൂപം,മായാത്ത സമൃദ്ധിയും..
മാനസേ തെളിയുന്നുണ്ടാമനോഹര ദൃശ്യം
മായികസുന്ദരമൊരു സ്വപ്നം പോലവേ!
നാടതങ്ങകലെയാണേറെ വഴിയ്ക്കപ്പുറം,
പോകുവാന്‍ പഴുതില്ല ഹൃത്തടം പിടച്ചാലും!

എഴുത്തുമേശമേലിരിപ്പൂ രാമാ‍യണം,
അതിന്റെയൊന്നാം താളില്‍ പതിച്ച ദേവീരൂപം
എടുത്തു കണ്ണോടു ചേര്‍ക്കും,പ്രാര്‍ത്ഥിയ്ക്കും,
അടുത്തകൊല്ലവും നന്മകള്‍,അതാണെന്‍ വിഷു.

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും,
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും..

ഞായറാണിന്ന്,ഞാനുറങ്ങട്ടെയെന്നായ്
ആയിരമാലസ്യത്തില്‍ പുതപ്പുകള്‍ നെയ്യവേ,
ജാലകത്തിങ്കല്‍ കേട്ടൂ പരിചിതമേതോ സ്വരം,
വാലു കുലുക്കിച്ചിരിയ്ക്കും വിഷുക്കിളി!


പൊരിയുന്ന വേനലില്‍ തണല്‍ തേടി വന്നതോ?
പരദേശിയ്ക്കൊരു വിഷുക്കണി കൊണ്ടുവന്നതോ?
ഒരുപാടു സ്നേഹത്തിന്‍ പായസപ്പങ്കുമായ്
അരുമയായെന്നമ്മ ചൊല്ലിയയച്ചതോ?
അറിയില്ല,എങ്ങനെ ,എന്തിനെന്നെങ്കിലും,
ചിരപരിചിത,എന്റെ പ്രിയ കളിത്തോഴി നീ.

മഴവില്ലു പോലുള്ള പട്ടിളം പീലിയും
നറുതേന്‍ ചൊരിയുന്ന കളകള നാദവും
ഉടലാകെയായിരം പൂമ്പൊടിക്കൂട്ടുമായ്
വരമായി വന്നു നീയീവഴിയോമലേ
പഴയൊരീ പരിചയം കണ്ടു പുതുക്കുവാന്‍


കണിയായി നിറയട്ടെ നീയെന്നുമെന്‍‌മുന്നില്‍,
ശ്രുതി ചേര്‍ന്നു നില്‍ക്കട്ടെ നീയെന്റെയാത്മാവില്‍,
തെളിവും നിറവും പരത്തിനിന്നീടുമാ
നിലവിളക്കിന്റെ തിരിനാളം പോലവേ!

Sunday, April 6, 2008

വലുതാവാതിരുന്നെങ്കില്‍..!

കുഞ്ഞിക്കാലാദ്യമായ് പിച്ച വെച്ചതു മുതല്‍
എന്തു കൊതിച്ചിരുന്നെന്നോ വലുതാവാന്‍!
ആരുമറിയാതമ്മ തന്‍ സാരി ചുറ്റി
ആശിച്ചിരുന്നു‘ ഒരിയ്ക്കലമ്മയെപ്പോലെ ഞാനും..’
കുഞ്ഞു വാമൊഴികളില്‍ വല്യ വര്‍ത്താനങ്ങള്‍
കുഞ്ഞാവയോടു കിന്നാരം വല്യേച്ചി മട്ടിലും..
കണ്ടുകൊതിച്ചിരുന്നന്നൊക്കെയേറെ ഞാന്‍
കുറ്റങ്ങളറ്റതാം വല്യോരുടെ ലോകം!
എന്തു സുഖമാണു വലുതായാല്‍,,
പതിവായ് നനയാം പുതുമഴ,ശാസിയ്ക്കില്ലാരും.
പാലുകുടിയ്ക്കേണ്ട,സ്കൂളിലും പോകണ്ട.
പേടിയ്ക്കണ്ട ഹനുമാന്‍ പണ്ടാരത്തെയും
പാട്ടുകാരിക്കിളിക്കൂട്ടത്തിനൊപ്പമായ്
പാറിപ്പറന്നു കളിച്ചു നടക്കൊലാം!
എന്നൊക്കെയായിരമാകാശക്കോട്ടകള്‍
എന്തെന്തു മിന്നുന്ന മഞ്ചാടിക്കനവുകള്‍..
മൊട്ടിന്റെയുള്ളിലൊളിച്ച വസന്തങ്ങള്‍
പെട്ടെന്നൊരു ദിനം കണ്മിഴിയ്ക്കുമ്പോലെ
ഇത്തിരിക്കുഞ്ഞനാം പട്ടുനൂല്‍പ്പുഴുക്കുട്ടന്‍
ഉച്ചമയക്കത്തിന്നൊടുവിലെഴുന്നേല്‍ക്കുമ്പോള്‍
പട്ടിളം ചിറകുകള്‍ വീശിപ്പറക്കുന്ന
കൊച്ചുപൂമ്പാറ്റയായ് മാറുന്നതു പോലെ
പെട്ടെന്നു പിന്നിലായ് വന്നെത്തിയെന്‍ കണ്ണു
പൊത്തിക്കളിപറഞ്ഞീടുന്ന പോലവേ..
‘വന്നൂ ഞാന്‍ നോക്കൂ’,വെന്നോതിച്ചിരിയോടെ
വന്നുവെന്‍ കൌമാരമെന്നില്‍ ,ഞാനറിയാതെ

മിഴികളറിയുകയായ് പുതിയ തിളക്കങ്ങള്‍!
വരവായ് വര്‍ണ്ണങ്ങള്‍ ചാലിച്ച കനവുകള്‍
വലുതാവുകയായീ കൊച്ചു കാന്താരി!

വഴിക്കണ്ണുമായേറെ മോഹിച്ചു നേടിയ
‘വലുതായ്മ’ തന്‍ നിയമങ്ങള്‍ വിചിത്രങ്ങള്‍!
വരികയായ് വിലക്കുകള്‍,തടക,ളുപദേശങ്ങള്‍
വലുതായതിനിത്ര ബഹളങ്ങള്‍ വേണമോ?

ഉറക്കെയിമ്മട്ടില്‍ ചിരിയ്ക്കയോ;
അടയ്ക്കു വായിതെന്നുറച്ച നോട്ടങ്ങള്‍,
പുറത്തിറങ്ങയോ തുണയ്ക്കാരുമില്ലാതെ;
അടക്കം വേണ്ടയോ;മുതിര്‍ന്ന പെണ്ണല്ലയോ?
കുറയ്ക്കയാവാം കുറുമ്പും കൊഞ്ചലുമല്പം,
നിറുത്താ‍മിനി മരംകേറ്റവും മഴനനയലും!
ഒരൊറ്റഞെട്ടിലെപ്പൂക്കളെപ്പോലെന്നും
ചിരിച്ചു നിന്നവര്‍ ,കളിത്തോഴരെങ്കിലും
നിനക്കിനിയവരന്യരാമാണ്‍കുട്ടികള്‍
കളിച്ചു നടക്കുവാന്‍ പ്രായവുമേറിപ്പോയ്
കൊതിച്ചതിതിനോ ഞാനേറെനാള്‍ നോമ്പു നോറ്റി-
രുന്നു നേടിയൊരാ ലോകം വിലക്കുകളുടേതെന്നോ?
തിരിച്ചു തരുമോ മാനം കാട്ടാതെ
എടുത്തു വെച്ചൊരെന്‍ മയില്‍പ്പീലിയുമാ വളപ്പൊട്ടും?
തിരിച്ചു തരുമോ നനുത്ത ബാല്യത്തിന്‍ തണുപ്പുമിളം തെന്നല്‍
കണക്കെത്താളം ചേരുമമ്മ തന്‍ താരാട്ടും?
ഇല്ല,വരില്ല തിരിച്ചിനിയവയൊന്നും..
ഇങ്ങിനി വരില്ലാ മഴയും കിളിപ്പാട്ടും
പുലരികള്‍ക്കിനിയില്ല പൈമ്പാല്‍ മധുരം
നിനവുകള്‍ക്കിനിയില്ല മഞ്ചാടിച്ചന്തം!
തിരിച്ചിനിവരില്ലവയൊന്നുമെങ്കിലും
ചിണുങ്ങിക്കൊഞ്ചുന്നുണ്ടുള്ളിലെവിടെയോ
അടക്കമില്ലാ‍ത്ത പഴയ കാന്താരി “വലുതാവാതിരുന്നെങ്കില്‍!“
.