Sunday, September 19, 2010

വളര്‍ത്തുദോഷങ്ങള്‍‌ ...

വളര്‍ത്തിയില്ലാരും; വളര്‍ത്തപ്പെടാതെ വളരാനിടം തന്നുവല്ലോ...
വളര്‍ത്തിയില്ലാ വളര്‍ത്തുദോഷങ്ങളും, മുളയ്ക്കവേ തളര്‍ത്തിനാരല്ലോ...
മടിയിലിരുത്തിക്കളിപ്പിയ്ക്കുവാന്‍ നേരമതൊത്തില്ലെന്നാലും
കൊഞ്ചലും ‘പുഞ്ചയും” തന്‍‌കാര്യം നോക്കലും തല്ലിത്തിരുത്തിനാരല്ലോ..
ചെറുചേലച്ചരടിന്റെ ചുരുളില്‍ തളയ്ക്കാതെ,യക്ഷരപ്പെരുമഴ നനയാനനുവദിച്ചല്ലോ..
ചെറുതിലേയോടി വീണപ്പോള്‍ വന്നെടുത്തൊരുവേള ‘കരയണ്ടെന്നോതിയുമില്ല”
പലവട്ടം വീണേ നടക്കാന്‍ പഠിയ്ക്കൂവെന്നെളുതായ് പറഞ്ഞു തന്നല്ലോ..
കാതു കനക്കെയുരുക്കിയൊഴിച്ചീല സന്മാര്‍ഗപാഠങ്ങളൊന്നും..
പകരം വിളക്കായ് മാറിയെന്‍‌ വഴികാട്ടി മുന്‍പേ നടന്നുവല്ലോ..
“ഇല്ലയെന്നോതുമാറില്ല,ഉണ്ടായിട്ടില്ല “വേണ്ടാ”കളുമധികം..
നല്ലതും തീയതും നന്നായിക്കാണുവാനായ് കണ്ണു രണ്ടും തെളിച്ചുതന്നല്ലോ..
അറിയാമൊരിയ്ക്കലും സ്വന്തമായ് മാറ്റിവെച്ചില്ലൊരു തുള്ളി ജീവിതം പോലും..
പുലരന്തിയോളം മഴയിലും വെയിലിലും ഉടല്‍‌ വേച്ചുവീണിടുമ്പോഴും..
ഉഴറിപ്പറന്നു നടക്കുന്നു കൂട്ടിലെ പറവക്കുഞ്ഞിന്‍‌ പശിയാറ്റാന്‍‌
കളയാതെ കൂട്ടിപ്പെറുക്കിവെച്ചീടുന്നു ചെറുതാമൊരു നെന്മണി പോലും..
വരമാണ്,നേരിന്റെ പൊരുളാണു നന്മ തന്‍ വഴിമരത്തണലാണെന്നെന്നും..
കടലിനെക്കാളും വലുതാം ഹൃദയത്തില്‍ നിറയുന്നൊരന്‍പാമമൃതാല്‍..
നിറയട്ടെയെന്മനം‌,നിര്‍ത്തുന്നു ഞാനെന്റെയധികപ്രസംഗങ്ങളിതിനാല്‍...
കുറിയതാണേറെച്ചെറിയവള ,ല്ലെങ്കിലിനിയും ചെറുതാകുമല്ലോ..

Thursday, September 9, 2010

നിഷേധി..

മുടി രണ്ടായ്‌പിന്നിയറ്റത്തു റിബണ്‍‌ കെട്ടി
ചെറുതാമൊരു കടുകുപൊട്ടും ,ചന്ദനക്കുറിയുമായ്,
മിഴികള്‍‌ രണ്ടും മഷിയെഴുതിക്കറുപ്പിച്ചും..
പുതുതാമൊരു നറുമുല്ലമൊട്ടു പോലവള്‍‌...
വലുതായിട്ടില്ല നാളെത്രയായാലും..വലുതാകയുമില്ലവള്‍..
അതുപോലിരിയ്ക്കുന്നു...കുറുമ്പിയായ്,വായാടിയായ്..
മിടുക്കിയാണവള്‍‌..വയസ്സു പതിന്നാലോ പതിനഞ്ചോ.
പരക്കെപ്പാറിനടക്കുമെമ്പാടും പൂമ്പാറ്റ പോല്‍,
കളിച്ചു ചിരിച്ചു ചുവന്നപട്ടിന്റെ പാവാട ചുറ്റി..

കിതച്ചു വന്നു കയറുമെന്‍‌ മനസ്സിന്റെ മേശമേല്‍‌ ഞാനൊ-
തുക്കിവെച്ചൊരാക്കടലാസ്സു കഷ്ണങ്ങള്‍‌
തിരക്കില്‍‌പരതും..തട്ടിയൊഴിയ്ക്കും, ഓര്‍മ്മ തന്‍‌ മഷി..
ചിലപ്പൊളോര്‍ത്തു ചിരിയ്ക്കുന്നതു കാണാം...ചിണുങ്ങിക്കരയും ചിലപ്പോള്‍..
ഓര്‍ത്തോര്‍ത്തിരുന്നെന്തോ തിരയുന്നതു കാണാം പഴയ ചിത്രങ്ങളില്‍...
കുസൃതിയാണവള്‍ക്കേറും കുറുമ്പുമല്പം..
അടുക്കയില്ലൊന്നിനും തെല്ലും താന്‍പോരിമക്കാരി.
അടുത്തുവന്നാലാധിയാണെനിയ്ക്കേറ്റം...
വലിച്ചിടുന്നീലിവളെന്തൊക്കെയീശ്വരാ.!
മാനം കാണാതെ നൊയമ്പു നോല്‍ക്കുമെന്‍ മയില്പീലികളുമവര്‍
ചൊല്ലുമായിരം കഥകളും കുഞ്ഞു കനവും,കണ്ണീരും...
നിറഞ്ഞു പൂമണം പരത്തിനിന്നൊരൊറ്റച്ചെമ്പകപ്പൂവും ഞാന്‍‌..
എടുത്തുവെച്ചതിവയെല്ലാമെന്നോ..പിന്നെയതിന്‍ നിറം മാറിപ്പോയ്...
ചിരിച്ചു നിന്നതാണോര്‍മ്മകള്‍ ചില്ലു കൂട്ടിലെച്ചിത്രങ്ങളായ്..കുഴച്ചു മറിച്ചല്ലോ..കുറുമ്പി,നിഷേധി നീ..
തിരഞ്ഞെടുത്തിനിയതാതിന്‍ സ്ഥലത്തു വെയ്ക്കണം.....കുഴച്ചു മറിച്ചല്ലോ..കുറുമ്പി,നിഷേധി നീ.
തിരിച്ചു നടക്കുവാന്‍‌ സമയവുമില്ലിനി..മറന്നു പോയവ വീണ്ടുമോര്‍മ്മിയ്ക്കുവാന്‍‌...
ഇളക്കിമറിച്ചിതാ കിടക്കുന്നെന്‍‌ മേശപ്പുറം..അടക്കമില്ലാത്തൊരീയസത്തുപെണ്ണിനാല്‍‌...

പിണങ്ങിപ്പോകയോ നീ കുറുമ്പിപ്പെണ്ണേ നില്ലുനില്ലൊരു നിമിഷം നീയൊന്നു നീന്നീടുക...
കരയാതെ ,ചോദിയ്ക്കട്ടെ .നിനക്കേറെയിഷ്ടമാമീ കലമ്പല്‍ കൂട്ടീടുവാനിടയ്ക്കിടെ വന്നീടുമോ??
നിനക്കു മാത്രം വഴങ്ങും ചിണുക്കവുമിണക്കവും...
മണിക്കിലുക്കം പോല്‍‌ ചിരിയും തേന്മൊഴിയും....
ഇടയ്ക്കുവരേണം നീയീവഴി....വലിച്ചുപുറത്തെടേണമെന്‍‌ മയില്‍പ്പീലിത്തുണ്ടുകള്‍..
എടുക്കാതെ മറന്നുവെച്ചൊരായിരം സുഗന്ധങ്ങളും...
ഉറക്കെച്ചിരിയ്ക്കണം...കൊഞ്ഞനം കുത്തിയോടണം...
ഒഴിഞ്ഞൊരീയിടനാ‍ഴിനീളെക്കിലുങ്ങണം പാദസരം...
ഉറങ്ങിയ്ക്കോളു നീയിപ്പൊഴേയ്ക്കൊരു ഞൊടി..
വിളിച്ചുണര്‍ത്താം ഞാനിട്യ്കിടെ,ഓടിവരേണമപ്പോള്‍‌.....