Monday, November 16, 2009

ഒരു വടക്കന്‍ വീരഗാഥ..!!!

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ഫോണ്‍ കിടന്ന് നിലവിളിയ്ക്കുന്നു..വീട്ടീന്ന് അനിയനാ..”മ്മൂ..ഞാനിന്നൊരു സ്വപ്നം കണ്ടു...അമ്മു ഒരു മരത്തേന്ന് വീണെന്നും വീണ ഉടനെ അമ്മൂനെ കുറേ പട്ടികള്‍ ചേര്‍ന്ന് കടിച്ച് കീറിക്കൊന്നെന്നും!!”...
സ്വപ്നം ഇതാണേലും ,അതു കണ്ട് ഞാന്‍ ജീവനോടുണ്ടോ അതോ വല്ല പട്ടികളും ബിരിയാണിയാക്കിയോ എന്നറിയാന്‍ നീ വിളിച്ചല്ലോ..ഈ ചേച്ചിയ്ക്ക് സന്തോഷമായെടാ!!സന്തോഷമായി!!!..

എന്നങ്ങോട്ട് ആത്മഗതിയ്ക്കാന്‍ വിട്ടില്ല..അതിനും മുന്നേ അമ്മ ഫോണ്‍ വാങ്ങിപ്പറഞ്ഞു..”അതേ സ്വപ്നമൊന്നുമല്ല..ശരിയ്ക്കും ഇന്നിവിടെ മരത്തേന്ന് വീണ ഒരു മരപ്പട്ടിയെ പട്ടികളു ചേര്‍ന്ന് കടിച്ചു കൊന്നാരുന്നു!!”...സന്തോഷമായമ്മേ...സന്തോഷമായി!!!!


അങ്ങനെ മാവേന്ന് മരപ്പട്ടി വീണു ചത്തതും,അതിനെ മരണാനന്തരബഹുമതികളോടെ കാലോചിതമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെയുള്ള അന്താരാഷ്ട്ര ഉച്ചകോടിയ്ക്കിടയിലാണ്...ആ മഹാ‍സത്യം എനിയ്ക്ക് മനസ്സിലായത്......

ഈ പറഞ്ഞ സര്‍വശ്രീ മരപ്പട്ടി മഹാനെ ഞാനിന്നു വരെ നേരില്‍ കണ്ടിട്ടില്ല!!!

ഈ സത്യം ഉണര്‍ത്തിച്ചപ്പോള്‍ എന്റെ വത്സലമാതാവ് മൊഴിഞ്ഞു...”മരപ്പട്ടിയെ മാത്രമല്ല..ഉടുമ്പിനേം,വെരുകിനേം കീരിയേം നീ കണ്ടിട്ടുണ്ട്!!”...
ഓഹോ!!അപ്പോള്‍ അങ്ങനെയാണു കാര്യങ്ങള്‍....ഇപ്പറഞ്ഞ എല്ലാ വന്യജീവികളെയും നോം തൃക്കണ്‍ പാര്‍ത്തിട്ടുണ്ട്...അല്ലാ...എനിയ്ക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ,,,ഞാനെന്നാ ആന വളര്‍ത്തിയ വാനമ്പാടിയോ????

വിശദമായ ചരിത്രാന്വേഷണത്തില്‍,ചില സത്യങ്ങള്‍ വെളിവായി...
മാതാവിന്റെ ഉദ്യോഗാര്‍ത്ഥം നോം ബാല്യകാലം...ച്ചാല്‍ ഒരു 2-3 വയസ്സു വരെ ചിലവഴിച്ചത് തിരുവല്ലായിലുള്ള അമ്മയുടെ അച്ഛന്റെ വീട്ടിലായിരുന്നു...ഒരുപാട് മരങ്ങളുള്ള ഒരു പറമ്പിലാണ് ആ വീട്...അതിരില്‍ക്കൂടെ മണിമലയാറ് ഒഴുകുന്നുണ്ട്..വീട്ടില്‍ എന്റെ കെയര്‍ ടേക്കേര്‍സ് ആയി വല്യമ്മൂമ്മ,രവിയപ്പൂപ്പന്‍,കുട്ടമ്മാവന്‍,രത്നമ്മ...പിന്നെ രത്നമ്മേടെ മൂന്നു മക്കള്‍..,ഹരിച്ചേട്ടന്‍...
വീടിനു പുറത്ത് ഒരു പശു,ഒരു പൂച്ച,കുറേ കോഴികള്‍,പിന്നെ ആറ്റില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു മുതല...

അങ്ങനെ കിരീടം വെയ്ക്കാത്ത രാജ്ന്ഞി ആയി നോം വാണരുളുന്ന സമയം..അക്കാലങ്ങളില്‍ അങ്ങനിരിയ്ക്കുമ്പോള്‍ ., .ഇടയ്ക്ക് പ്രപഞ്ചഗതിയെത്തന്നെ മാറ്റിമറിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്കുത്തരം തേടി ഞാന്‍ അമ്മൂമ്മേടെ അടുത്തു ചെല്ലും..
”അമ്മൂമ്മേ,അച്യുതം കേശവം ന്നും പറഞ്ഞ് വായില്‍ വരുന്നതൊക്കെ പറയുന്നതെന്തിനാ?????,

പുത്രകാമേഷ്ടി നടത്തി പായസം വാങ്ങിച്ചപ്പോള്‍ ദശരഥന്റെ കൈ പൊള്ളീലേ??

അങ്ങനെയുള്ള അതിതീക്ഷ്ണമായ ചിന്തകളുടെ തീച്ചൂ‍ളയില്‍ നിന്നും പൊങ്ങിവന്ന ഒരു സംശയമായിരുന്നു “ഈ ഉടുമ്പിനെ കണ്ടാല്‍ എങ്ങനിരിയ്ക്കും???? എന്നുള്ളത്...

സംഭവം വിഷയമായി...ആഗോള പ്രശ്നമായി..ഒടുവില്‍ കുറ്റൂര്‍ പഞ്ചായത്തിനെയാക് ഇളക്കിമറിച്ച് എവിടന്നൊക്കെയോ ഹരിച്ചേട്ടന്‍ ഒരു ഉടുമ്പിനെ പിടിച്ച് കൊണ്ട് വന്ന് കെട്ടിയിട്ടു...അമ്മുക്കുഞ്ഞിന് കാണാന്‍!!!...ഒരു ചാക്കു ചരടില്‍ കുടുക്കു ജനല്‍ക്കമ്പിയേല്‍ കുടുക്കിയിടും..വൈകിട്ടാവുമ്പോള്‍ അഴിച്ചു വിടും...പിന്നെ അതൊരു പതിവായി..ഉടുമ്പ്,വെരുക്,കീരി..അങ്ങനെ നാനാവിധ ജന്തുജാലങ്ങള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോ നടത്തി..(മനേകാജീ..ആപ് ക്ഷമാ കീജിയേ..)

അപ്പോള്‍ അതാണു കാര്യം....ബാല്യത്തിലേയുള്ള മൃഗസ്നേഹം വളര്‍ന്നപ്പോഴും പിന്തുടര്‍ന്നു..പിന്നെപ്പിന്നെ ഞാന്‍ എവിടെപ്പോയാലും ഏതേലുമൊക്കെ പെറ്റ്സ് വേണംന്ന് തോന്നാന്‍ തുടങ്ങി...

എല്‍.കെ,ജിയിലോ മറ്റോ പഠിയ്ക്കുമ്പോള്‍ അമ്മ എനിയ്ക്ക് ഉറൂബിന്റെ “ഉണ്ണിയുടെ ആട്ടിന്‍‌കുട്ടി” കഥ പറഞ്ഞു തന്നു...അതിനുശേഷം അതിലെ അങ്കവാലന്‍ എന്ന കോഴി ആയി ഹീറോ...ഊണിലും ഉറക്കത്തിലും അങ്കവാലന്‍...കൊക്കും പൂവും പഞ്ചവര്‍ണ്ണത്തിലുള്ള വാലുമായി അവനങ്ങനെ എന്റെ ഉറക്കം കെടുത്തി...ഞാന്‍ അമ്മേടെ സ്വൈര്യവും കെടുത്തി...

കാറിച്ച സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ എവിടന്നോ അമ്മ ഒരു കോഴിക്കുഞ്ഞിനെ കൊണ്ടുവന്നു..പോരേ പൂരം...താഴത്തും വെക്കാതെ,തലയിലും വെക്കാതെ,ഞാനതിനെ വളര്‍ത്താന്‍ തുടങ്ങി..പേരും ഇട്ടു..”അങ്കവാലന്‍!!!”..
പിന്നെ കുറേ നാള്‍ അങ്കവാലനായിരുന്നു വി.ഐ.പി..ഞാന്‍ തിന്നുന്നതെല്ലാം അതിനും കൊടുക്കും..ചോറ്,നെയ്യ്,മീന്‍,ജിലേബി,മുട്ടായി,..എന്നു വേണ്ടാ...ശരിയ്ക്കും രാജകീയ ജീവിതം...
കാര്യങ്ങള്‍ വളരെ സ്മൂത്തായി പൊയ്ക്കൊണ്ടിരുന്നപ്പോളാണ് എനിയ്ക്കൊരു ഉള്‍വിളി.....
......പേരു മാത്രം അങ്കവാലന്‍ എന്നായതു കൊണ്ട് കാര്യമില്ല..ആ‍ പേര് എന്തു കൊണ്ടും തനിയ്ക്ക് യോജിച്ചതാണെന്ന് തെളിയിയ്ക്കേണ്ട ബാധ്യത കൂടി അവനുണ്ട്...
.
...കഥയിലെ അപ്പുവിന്റെ അങ്കവാലന്‍ വന്‍ സംഭവമാണ്.അടുത്ത വീട്ടിലെ കോഴിയെ കൊത്തിത്തോല്‍പ്പിയ്ക്കുന്നതൊക്കെ പറയുന്നുണ്ട്...അപ്പോ എന്റെ അങ്കവാലനും മോശമാവരുതല്ലോ!!!
നഗരിത്തലയ്ക്കലെ അങ്കത്തട്ടില്‍ മയിലിനെപ്പോലെ പറന്നു വെട്ടിയ ആരോമല്‍ ചേകവരെ പ്പോലെ,
തച്ചോളി ഒതേനനെപ്പോലെ....ബാബു ആന്റണിയെ പോലെ,സുരേഷ് ഗോപിയെപ്പോലെ..

അങ്കവാലന്‍ അങ്കം വെട്ടണം!!!!!!


എതിരാളിയേം ഞാന്‍ തന്നെ കണ്ടു പിടിച്ചു...അപ്പുറത്തെ അപ്പുച്ചേട്ടന്റെ വീട്ടിലെ പൂവങ്കോഴി...
ചുവന്നപൂവും,കറുത്തു മിനുത്ത ബോഡിയും...അവനാളൊരു ഗ്ല്ലാമര്‍ താരമാ...കണ്ടാലൊരു പൃഥ്വിരാജ്!!!!

അങ്കത്തിനു നാള്‍ കുറിച്ചൂ....അങ്കത്തട്ടൊരുങ്ങി..ചേകവന്മാരൊരുങ്ങി..പാണന്മാര്‍ നാടാകെ പാടി നടന്നു പബ്ലിസിറ്റി കൊടുത്തു....

തുടര്‍ന്നുള്ള ദിവസങ്ങള്‍ അതി തീക്ഷ്ണമായ പരീക്ഷണ നിരീക്ഷണങ്ങളുടേതായിരുന്നു....
അങ്കവാലനു ദിവസവുമുള്ള നെയ്യ്,പാല്‍,ചോറ് മെനു കൂടാതെ...അഡീഷണല്‍ ഫുഡ് സപ്പ്ലിമെന്റ്സ്...ലൈക്, മീന്മുള്ള്,തവിട്,പുഴു,പ്രാണി,പാറ്റ!!!....... ഇതിനെയൊക്കെ തപ്പി ഞാന്‍ ദിവസം മുഴുവന്‍ പറമ്പില്‍ അലഞ്ഞു നടന്നു.. അവന്‍ കോഴിക്കൂട്ടില്‍ എനെര്‍ജി ഡ്രിങ്കും കഴിച്ച് വിശ്രമിച്ചു!!!

അത്രേമൊക്കെയായിട്ടും പോരാ... അങ്ങോട്ട് പുഷ്ടിപ്പെടുന്നില്ല എന്റെ ബാബു ആന്റണി......ഇനിയിപ്പോ എന്താ ചെയ്യാ??????അങ്കത്തിനാണേലൊട്ട് ദിവസോമില്ല..അപ്പുറത്തെ പൃഥ്വിരാജ് ആണേല്‍ മസിലൊക്കെ പെരുപ്പിച്ച് വന്‍ ഡെമോ....പിന്നേം ടെന്‍ഷന്‍....!!!!

ആ ആഴ്ച ലീവിനു വന്നപ്പോ അച്ഛന്‍ കൊണ്ട് വന്ന ച്യവനപ്രാശം അപ്പോഴാണ് ഓര്‍മ്മയിലെത്തിയത്...
കണ്ണും പൂട്ടി ധ്യാനിച്ചിരിയ്കണ ച്യവനമഹര്‍ഷീടെ പടമുള്ള കുപ്പിയ്ക്കകത്ത് ബ്രൌണ്‍ നിറത്തിലുള്ള ഒരു സാധനം...മധുരത്തിന്റെ കൂടെ ചെറിയ എരിവും ഉള്ളതിനാല്‍ ബോണ്‍‌വിറ്റയും ഹോര്‍ലിക്സും പോലെ വെറുതേ വാരിത്തിന്നു വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പറ്റത്തില്ല,..
ആകെമൊത്തം യാതൊരു പ്രയോജനവുമില്ല ... സൊ... നോം അമ്മയോട് നേരെ ചൊവ്വെ ചെന്ന് കാര്യം അവതരിപ്പിച്ചു..

“മേ...എനിയ്ക്ക് ആ ച്യവനപ്രാശം കുറച്ച് തരോ???”
നേരെ ചൊവ്വെയുള്ള ഭക്ഷണം പോലും അകത്തോട്ട് കേറ്റാന്‍ ക്വട്ടെഷന്‍ ടീമിനെ വിളിയ്ക്കേണ്ട മൊതലാ ച്യവനപ്രാശം ചോദിയ്ക്കുന്നത്.. ഏതൊരമ്മയും ഞെട്ടും... എന്റമ്മയും ഞെട്ടി!!!!!

എന്നിട്ട് ചോദിച്ചു...”എന്തിനാ???’

ഞാന്‍ സത്യം പറഞ്ഞു ......”അങ്കവാലന് കൊടുക്കാനാ!!!”
പിന്നീടവിടെ നടന്നത് മണിച്ചിത്രത്താഴിനെ വെല്ലുന്ന പ്രകടനമായിരുന്നു...

ഗംഗയില്‍ നിന്നും നാഗവല്ലിയിലേയ്ക്കുള്ള പ്രയാണത്തിനിടെ ഒരു ശങ്കരനാരായണന്‍ തമ്പിയാവാന്‍ താത്പര്യമില്ലാത്തതു കൊണ്ട് ഞാനോടി രക്ഷപ്പെട്ടു!!

പിന്നെ ച്യവനപ്രാശത്തിനു പകരം എന്നും രാത്രി എനിയ്ക്കുള്ള വിറ്റാമിന്‍ ഗുളിക അടിച്ചു മാറ്റി കൊടുത്തു സോള്‍വ് ചെയ്തു...

അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിവസം വന്നെത്തി...

അങ്കത്തട്ടില്‍ ചേകവന്മാര്‍ മുഖത്തോട് മുഖം നോക്കി..എന്തിനും തയ്യാറായി നിന്നു...
പുറത്ത് കാണികളായി അനുച്ചേച്ചി,കണ്ണന്‍ ചേട്ടന്‍.,സുഭ്ദ്ര ഇന്റി,ജോമോന്‍ ചേട്ടന്‍,കണ്മണി,പൊന്നുമണി,സുകുച്ചേട്ടന്‍...

വീറും വാശിയും സ്ഫുരിയ്ക്കുന്ന “അടിയെടാ,കൊത്തെടാ,ചാടെടാ..മാറെടാ” ആക്രോശങ്ങളുമായി ഇരുവശത്തും ഞാനും അപ്പുച്ചേട്ടനും.

ചേകവക്കോഴികള്‍ രണ്ടും കുറച്ചു നേരം ആര്‍ട്ട് പടം പോലെ..മുഖത്തോട് മുഖം നോക്കി ഭാവാഭിനയം നടത്തി...പൃഥ്വിരാജിന്റെ മുഖത്ത് “മടങ്ങിപ്പോ മക്കളേ....മടങ്ങിപ്പോ” എന്നൊരു ഭാവം...

കൌണ്ടര്‍ ഭാവാഭിനയത്തിനായി അങ്കവാലന്റെ മുഖത്തു നോക്കിയ ഞാന്‍ ചെറുതായിട്ടൊന്ന് ഞെട്ടി...

‘“ഹൈറ്റെകും ബ്ലൂചിപും കൊണ്ടമ്മാനമാടിയ മോഹന്‍ തോമസിനോട് കൌണ്ടര്‍ ഡയലോഗടിയ്ക്കുന്ന സുരേഷ് ഗോപീടെ എക്സ്പ്രഷനു പകരം അവിടെ ...,

ഒരു വശപ്പിശക് ഭാവം..
ഒരു മാതിരി ഉമ്മറിനെ കണ്ട ജയഭാരതീടെ മുഖഭാവം...

“എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ...പ്ലീസ്..ഞാനൊരു പാവമല്ലേ” ആറ്റിറ്റ്യൂഡ്...

ആറ്റിറ്റ്യൂഡ് മാത്രമല്ല..കക്ഷീടെ ബോഡി ലാംഗ്വേജിനും ഒരു ചാന്തുപൊട്ട് സ്റ്റൈല്‍...
ഈശ്വരാ‍.... ചീത്തപ്പേരുണ്ടാക്കുവോ ഇവന്‍??

മറ്റേ സൈഡില്‍ പൃഥ്വിരാജ് കത്തിക്കയറുന്നു...ചാടുന്നു..ഓടുന്നു..പറക്കുന്നു..കൊത്തുന്നു...
എന്റെ കണ്ണിലിരുട്ടു കയറി...
അരമണിയ്ക്കൂറില്‍ ചാന്തുപൊട്ട് ടേന്‍ഡ് ബാബു ആന്റണിയെ അവന്‍ ചുരുട്ടിക്കൂട്ടി കൈയ്യില്‍ തന്നു..


തകര്‍ന്ന സ്വപ്നങ്ങളുടെ ആംബുലന്‍സില്‍ അവനേയും കേറ്റി ഞാന്‍ വീട്ടിലെത്തി...വീട്ടില്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്ന തെറി മുഴുവന്‍ ഒന്നും വിട്ടു പോകാതെ ഏറ്റുവാങ്ങി...

“എന്തൊക്കെയായിരുന്നു....വിറ്റാമിന്‍.ച്യവനപ്രാശം,മീന്‍,ഇറച്ചി...ഒലക്കേടെ മൂട്..!!അതേയമ്മേ. ,,.അതേ.!!..അവസാനം പവനായി ശവമായി!!!!”

തീറ്റിച്ച വിറ്റാമിന്റെയൊക്കെ ഒരു ഗുണം കൊണ്ടായിരിക്കും...പവനായി പൂര്‍ണമായും ശവനായി ആയില്ല..
പാതിചത്ത അവന്റെ വായില്‍ മഞ്ഞള്‍ വെള്ളം ഇറ്റിച്ചു കൊടുത്തു കൊണ്ടിരുന്ന എന്റ കണ്ണിലേയ്ക്ക് നോക്കി അവന്‍ കരഞ്ഞു..കൊക്കൊ...കോ..കോ....”എന്നെ കൊണ്ട് ഇത്രേ പറ്റൂ!!!”
“പണ്ടാരക്കോഴീ..നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട്!!!! യൂ കോഴീടെ മകനേ!!!!”

കോഴിക്കൂട്ടിന്റെ മുന്നില്‍ അടയിരിയ്ക്കുന്ന എന്നെ കണ്ട് അച്ഛന്‍ കാര്യം ചോദിച്ചു...ദുഖത്തോടെ ഞാനാ സത്യം വെളിപ്പെടുത്തി..എന്റെ അങ്കവാലന്‍ തോറ്റു തുന്നം പാടിയ കഥ..!!

കാര്യം കേട്ടപ്പോള്‍ അച്ഛനൊരു സംശയം....”നീ ആ കോഴിയെ ഇങ്ങു കൊണ്ടു വന്നേ..ഞാനൊന്നു നോക്കട്ടേ...”

അങ്ങനെ അങ്കവാലന്‍ ഫിറ്റ്നെസ് ടെസ്റ്റിനു വിധേയനായി...
പരിശോധനാഫലം ഞെട്ടിയ്ക്കുന്നതായിരുന്നു...

ഇത്രയും നാള്‍ ഞാന്‍ താലോലിച്ചു വളര്‍ത്തിയ...
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ...കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ തേജോമയനായ..
പുരുഷസൌന്ദര്യത്തിന്റെ മകുടോദാഹരണമായ...
എന്റെ അങ്കവാലന്‍....

അവന്‍..
അവന്‍...

അങ്കവാലന്‍ ഒരു പിടക്കോഴിയാണ്!!!!!!!!

സത്യം!!!..

ബാബു ആന്റണി നിമിഷനേരം കൊണ്ട് സാരി ചുറ്റി ബീനാ ആന്റണിയായി...
സുരേഷ് ഗോപി ഫിലോമിനയായി...

ഛേ!!!വാട്ട് എ ഷെയിം!!!യൂ നാസ്റ്റി ഫീമെയില്‍ കുക്കുട്,ഹൌ ഡേര്‍ യൂ ഫാന്‍സി ഡ്രെസ് മീ??”

നീയാരെടീ പന്നപ്പെടക്കോഴീ ദയയിലെ മന്‍‌ജുവാര്യരുടെ അനിയത്തിയോ?????”


അതായിരുന്നു അനിവാര്യമായ പര്യവസാനം..
അതോടെ എല്ലാത്തിനും ഒരു തീരുമാനമായി...
അങ്കവാലി എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ട ആ പെടക്കോഴീടെ പതിനാറടിയന്തിരത്തിന്റെ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു...

പാലു കൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ അവളെ അതേ കൈ കൊണ്ട് തന്നെ എനിയ്ക്ക് ചോറിന്റെ കൂടെ കുഴച്ചുരുട്ടി തിന്നണം എന്ന അപേക്ഷ തള്ളപ്പെട്ടു..

അക്കരെയുള്ള അന്നാമ്മച്ചേടത്തിയ്ക്ക് അവളെ വളര്‍ത്താന്‍ കൊടുത്ത് പകരം ഒരു സുന്ദരന്‍ പൂവങ്കോഴിയെ വാങ്ങി അമ്മ എനിയ്ക്ക് ഫ്രൈയാക്കി തന്നു...

അതോടെ അങ്കവാലന്‍-വാലി ദ് ഗ്രേറ്റ് സ്റ്റോറി ഓഫ് ട്രാന്‍സ്ഫോര്‍മേഷന്‍ ഞാന്‍ താത്കാലികമായി മറന്നു....

വീണ്ടും കുറേക്കാലം ഉത്സവപ്പറമ്പിലൊക്കെ കളറടിച്ച കൊഴിക്കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഞാന്‍ വയലന്റാവുകയും അതുങ്ങളെ പിടിയ്ക്കാന്‍ ചെല്ലുകയും ചെയ്തിരുന്നു..എന്നും..”മിണ്ടാതെ വന്നില്ലേല്‍ ഇന്നു തല്ലിക്കൊല്ലും ഞാന്‍ “ എന്ന മാതൃവചനം കേട്ട് അടങ്ങുകയും ചെയ്തിരുന്നു എന്നത് പില്‍ക്കാല ചരിത്രം.....

!


.
..

Sunday, October 4, 2009

എനിയ്ക്ക് ബോധോദയം വന്നു!!!

ഒത്തിരി കാലത്തിനു ശേഷം ഇങ്ങോട്ട് കാലെടുത്തു കുത്തിയത് നിങ്ങളേവരെയും ഒരു സന്തോഷ വാര്‍ത്ത.;.അതേ,...ഒരത്ഭുത വാര്‍ത്ത അറിയിക്കാനാണ്.....

ഇന്നു കാലത്തു കൃത്യം ഒന്നു മുപ്പതിനു എനിയ്ക്ക് ബോധോദയം വന്നു!!!!

തുടക്കം വളരെ സമാധാനപരമായിരുന്നു..


ഞങ്ങടെ സ്വന്തം ഹോസ്റ്റല്‍ മുറി. .....
അച്ചടക്കത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും,
...അടക്കത്തിന്റെയും ഒതുക്കത്തിന്റെയും.,,.സര്‍വോപരി വൃത്തിയുടെയും വെടിപ്പിന്റെയും കേളീരംഗമായ.,.......
ചെളിയില്‍ നിന്നും വിടര്‍ന്നു വിലസുന്ന താമരപ്പൂവ് സത്യമാണെങ്കില്‍..,
.പ്രാചീനഗുഹകളില്‍ നിന്നും പരിഷ്കൃതമനുഷ്യന്‍ ഉത്ഭവിച്ചതു സത്യമെങ്കില്‍...

ഇതും സത്യം...

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍..അതിവിടെ...ഇവിടെ...ദേ..ഇവിടെ!!!!!


അങ്ങനെ ഞങ്ങള്‍ക്കു വേണ്ടി...ഞങ്ങളാല്‍ രചിയ്ക്കപ്പെട്ട്...ഞങ്ങള്‍ താമസിയ്ക്കുന്ന ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിലെ ഒരു ടിപ്പിക്കല്‍ വീക്കെന്‍ഡ് രാത്രി..

അതിഥികളൊഴിഞ്ഞു..അരങ്ങൊഴിഞ്ഞു...
പതിവ് ഡപ്പാംകൂത്ത്,ഹിന്ദി..മലയാളം,തമിഴ് ഭാഷകളിലുള്ള കൂവല്‍(ഞങ്ങളതിനെ പാട്ടെന്ന് പറയും..).....,പരസ്പരമുള്ള വൊക്കാബുലറി ഇമ്പ്രൂവ് ചെയ്യല്‍.....
നട്ടപ്പാതിരാ ചായ...അങ്ങനെ യവനിക വീഴാറായി..

വാതില്ക്കലൊട്ടിച്ച ഡെന്നിസ് ദ് മെനാസിന്റെ പടത്തിനെ നോക്കി (..ഞങ്ങടെ അടുക്കും ചിട്ടയും ഒക്കെ കണ്ട് മനം കുളിര്‍ത്ത് ,തൊട്ടപ്പുറത്ത് താമസിയ്ക്കുന്ന സീനിയര്‍ ചേച്ചി തന്നതാ അവനെ...എന്നും രാത്രി കിടക്കണേനു മുന്‍പേ തൊട്ടു വന്ദിക്കാന്‍!!!!!!..) ഒന്നു കണ്ണിറുക്കി., .കതകടച്ചു തിരിച്ച വന്നതേയുള്ളൂ..

ഇനിയെന്ത്.??????.എന്നാലോചിച്ച് തല പുകച്ച് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന ഞങ്ങടെ തലയ്ക്കു മുകളിലൂടെ ഒരു ചെറുകാറ്റു വീശി...

കലണ്ടര്‍ താളുകള്‍ പറപറേന്ന് മുന്നോട്ട് മറിഞ്ഞു... ഒരു ഹൊറര്‍ സിനിമയുടെ നിര്‍ണായകമായ ഫ്ലാഷ്‌ബാക് പോലെ... ണ്ടായിരത്തിയൊന്‍പത് നവംബര്‍ രണ്ട്!!!.... ചുവന്നമഷിയില്‍ വര്‍ഷാദ്യത്തില്‍ അടയാളപ്പെടുത്തിയ കോളത്തിലെ വാക്കുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി. .”സെവന്‍‌ത് സെമസ്റ്റര്‍ എക്സാംസ്”!!!

എനിയ്ക്ക് ബോധോദയം വന്നു!!!!!!!!!!


പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു........
പേന..പുസ്തകം എന്നീ വര്‍ഗശത്രുക്കളുമായുള്ള കള്ളനും പോലീസും കളി.. ,മാഗി, സൂപ്പ് പൌഡര്‍,ചിപ്സ്,കാപ്പിപ്പൊടി എന്നീ അവശ്യവസ്തുക്കളുടെ അടിയന്തിരമായ കണക്കെടുപ്പും സംഭരണവും, സ്റ്റഡിലീവ് സമയത്ത് പഠിച്ച് വട്ടാവുമ്പോള്‍ കാണനുള്ള സിനിമകള്‍,കേള്‍ക്കാനുള്ള പാട്ടുകള്‍,കളിയ്ക്കാനുള്ള ഗെയിംസ് ഇവയൊക്കെ ഡൌണ്‍ലോഡല്‍..അങ്ങനെ തയ്യാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നു..

ഇനിയിപ്പോ സംഗതി ജോറാകും...പകലു മുഴുവന്‍ നിശ്ശബ്ദത.....ഫാനിന്റെ കട കട ശബ്ദം മാത്രം..

വൈകിട്ട് ഒരു നാല്-അഞ്ചു മണിയാകുന്നതോടെ അനക്കം വെയ്ക്കും..ലൈബ്രറിയില്‍ പോയവര്‍ തിരിച്ചെത്തും. .ഉറങ്ങിക്കിടന്നവര്‍ എഴുന്നേറ്റ് ചായ് കുടിച്ക് പുസ്തകമെടുക്കും.. എന്നിട്ടും ഉണരാത്തവര്‍ റൂം മേറ്റിന്റെ കോസ്മോപൊളിറ്റന്‍ ചീത്തവിളി കേള്‍ക്കും.....

ഇനിയിപ്പോ രാത്രികള്‍ പകലുകളാവും... പകലുകള്‍ രാത്രികളും.. ഇടനാഴിയിലെങ്ങും പത്തോളജിയും കമ്യൂണിറ്റി മെഡിസിനും ഫോറന്‍സിക് സയന്‍സും ..... രാത്രിയുടെ അന്ത്യയാമങ്ങളില്‍ മുടിയഴിച്ചിട്ട് ഉലാത്തുന്ന രൂപങ്ങള്‍...കരിഞ്ഞ നൂഡിത്സിന്റെയും പുകഞ്ഞ കാപ്പിയുടെയും മണം വമിയ്ക്കുന്ന മുറികള്‍...വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം പുറത്തുകാണപ്പെടുന്ന പുസ്തകങ്ങള്‍ കുന്നുകൂടിയ മേശപ്പുറങ്ങള്‍..പാറിപ്പറക്കുന്ന പേപ്പറുകള്‍,നോട്ടുകള്‍... കഥകളൊരുപാടൊളിപ്പിച്ച ചുവരെഴുത്തുകള്‍...ഹിയര്‍ ഗോസ് എ റ്റിപ്പിക്കല്‍ സ്റ്റഡിലീവ് ഇന്‍ ഹോസ്റ്റല്‍!!!!!!!!!!

അപ്പോ..ഈ വര്‍ഷത്തെ പരീക്ഷപ്പനിയ്ക്ക് തുടക്കമായി.. ഓണം,വിഷു,ക്രിസ്തുമസ് പോലെ ഇക്കൊല്ലത്തെ പരീക്ഷയും സമുചിതമായി ആഘോഷിയ്ക്കാന്‍ ഇയുള്ളവള്‍ തീരുമാനിച്ചിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു... വിഷ് മീ ഗുഡ് ലക്ക്!!!!!

Wednesday, April 8, 2009

"ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"

പ്രിയമുള്ളവരേ..
എന്റെ കഥയുടെ പേരാണ്... "ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"
കഥ നടക്കുന്നത്...കോട്ടയം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കന്യാസ്തീയമ്മമാര്‍ നടത്തുന്ന സ്കൂളില്‍.കോട്ടയം മൗണ്ട്കാര്‍മ്മല്‍...ഈയുള്ളവള്‍ അന്നവിടെ ഊ.കെ.ജിയില്‍ പഠിയ്ക്കുന്നു..പ്രായം നാലു വയസ്സ്..ഇന്റര്‍‌വ്യൂവിനു ചെന്നപ്പോള്‍ "മോള്‍ക്ക് പാട്ടു പാടാനറിയ്യോ?" എന്നു ചോദിച്ച മദറിന്റെ മുഖത്തു നോക്കി.."അറിയാം പക്ഷേ ഇപ്പം പാടാന്‍ മനസ്സില്ല" എന്ന് വിനയപുരസ്സരം ഉവാചിച്ചതിന്റെ പരിണത ഫലമായിരുന്നു..കുട്ടിയ്ക്ക് മാനസിക വളര്‍ച്ച അല്പം കൂടുതലാണെന്നും എത്രയും വേഗം ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കിയില്ലെങ്കില്‍ ഭാരതത്തിനു നഷ്ടമാവുക ഒരതുല്യ പ്രതിഭയയെ ആണെന്നുമുള്ള സിസ്റ്റര്‍മാരുടെ കണ്ടെത്തലും തത്ഫലമായി മൂന്നു വയസ്സിലേ ഉള്ള എന്റെ എല്‍.കെ.ജി രംഗപ്രവേശവും...


..കരച്ചിലില്‍ മുങ്ങിയ എന്റെ വിദ്യാലയ ജീവിതത്തിലെ ആ ആദ്യദിനങ്ങളെക്കുറിച്ച് വളരെയൊന്നും ഓര്‍മ്മയിലില്ല..ഓര്‍മ്മ വെയ്ക്കുമ്പോള്‍ കാണുന്നത് കഞ്ഞി മുക്കിയ മഞ്ഞ കോട്ടണ്‍ സാരിയും ബ്രൗണ്‍ ബ്ലൗസുമിട്ട് ...കവിളത്തൊരു കുഞ്ഞ് അരിമ്പാറയും കയ്യില്‍ "എ,ബി,സി,ഡി" പഠിയ്പ്പിയ്ക്കുന്ന ചിത്രപ്പുസ്തകവുമായി നില്‍ക്കുന്ന ഷൈനി മിസ്സിനെയാണ്....കവിളത്തെ ആ അരിമ്പാറയാണ് പില്‍ക്കാല ജീവിതത്തില്‍ ഏറെ പ്രശസ്തി നേടിത്തന്ന "ആ കവിളത്ത് മുന്തിരിങ്ങായുള്ള പൂതത്തിന്റെ ക്ലാസ്സിലെനിയ്ക്ക് പോകണ്ടായേ" എന്ന ക്ലാസ്സിയ്ക്കല്‍ മുദ്രാവാക്യം സൃഷ്ടിയ്ക്കാന്‍ എനിയ്ക്ക് പ്രചോദനമായത്..
..(ഷൈനി മിസ്സേ...അറിയാത്ത പ്രായത്തില്‍ ചെയ്തതിനും പറഞ്ഞതിനുമെല്ലാം "മാപ്പ്")
u.കെ.ജി യില്‍ എത്തി..
വെക്കേഷന്‍ കഴിഞ്ഞ് ക്ലാസ് തുറന്നതേയുള്ളൂ...ഉച്ച കഴിഞ്ഞ നേരം..
എല്‍.കെ.ജിയില്‍ ആയിരുന്നപ്പോള്‍ ഈ നേരത്ത് പഠിപ്പൊന്നുമില്ല.ഉച്ചയ്ക്ക് സ്കൂളു വിടും..
യു.കെ.ജിയില്‍ ഉച്ചയ്ക്ക് ശേഷം ഉറക്കമാണ് പരിപാടി..ഇപ്പഴത്തെപ്പോലെയല്ല..ടീച്ചര്‍മാരുടെ അറിവോടും സമ്മതത്തോടും ഒക്കെത്തന്നെ.!!!!....ബെഞ്ചിന്മേല്‍ തല വെച്ച് ഉറക്കം.....ഉറങ്ങിയാലും ശരി ഇല്ലെങ്കിലും ശരി..ആ നേരത്ത് ഒറ്റ തലയും ബെഞ്ചിന്റെ മുകളില്‍ കാണരുത്..!!!!
എനിയ്ക്കാണേല്‍ ആകെ മൊത്തം ഈ സെറ്റപ്പ് അത്ര പിടിച്ചില്ല..ഒന്നാമത് വൈകിട്ട് വരെ അവിടെ പിടിച്ചിരുത്തുന്നത്..ഉച്ചയ്ക്ക് വിട്ടാലല്ലേ വിളിയ്ക്കാന്‍ വരുന്ന സുഭദ്ര ഇന്റിയെ സോപ്പടിച്ച് കോട്ടയം സ്റ്റാന്‍ഡിലെ ജ്യൂസ് സ്റ്റാളില്‍ നിന്ന് പൈനാപ്പിള്‍ ജ്യൂസും, പനമ്പാലം കവലയിലെ ഉദയന്‍ മാമന്റെ കടേന്ന് സ്പീഡില്‍ നടക്കുന്നതിനു കൂലിയായി ഓറഞ്ച് മുട്ടായിയും വാങ്ങിത്തിന്നാന്‍ പറ്റൂ!!
ഇതീപ്പം മുട്ടായീമില്ല ജ്യൂസുമില്ല..വൈകിട്ട് സ്കൂളു വിടുമ്പോള്‍ വിളിയ്ക്കാന്‍ ഓട്ടോച്ചേട്ടന്‍ ചാക്കോ അങ്കിള്‍ വരും..പുള്ളീടെ ഓട്ടോയിലാണേല്‍ മൊത്തം പന്ത്രണ്ടിലും പത്തിലും ഒക്കെയുള്ള വല്യ ചേട്ടന്മാരും ചേച്ചിമാരുമൊക്കെയാ..അവരുടെ മുന്നില്‍ നമ്മളു വെറും പീക്കിരി!!

അതിന്റെ കൂടെ ഇടി വെട്ടിയവനെ പാമ്പു കടിച്ചപോലെ..അന്നു രാവിലെ അടുത്തിരിയ്ക്കുന്ന റോണിയുടെ "നീ എന്നെ കല്യാണം കഴിയ്ക്കുവോ?" എന്ന പ്രപ്പോസല്‍ നിഷ്കരുണം തള്ളിയതിനു പ്രതികാരമായി അവന്റെയും ടീംസിന്റെയും വക പിച്ചല്‍,മാന്തല്‍ എന്നിങ്ങനെ പ്രതിഷേധപ്രകടനം വേറെയും.!!അങ്ങനെ മൊത്തത്തില്‍ ഡെസ്പ് ഓഫ് ദ് ഡേ ആയി ഇരിയ്ക്കുന്ന ഒരുച്ചനേരം..റോണിയുമായി ബ്രേക് അപ് ആയതിനാല്‍ ഇനി കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് ആ ഭാഗത്തേയ്ക്ക് നോക്കാന്‍ പറ്റൂല(പിന്നേ..എന്റെ പട്ടി നോക്കും!)..ഇപ്പുറത്തെ ബെഞ്ചിലെ ഷിന്റുവുമായി പിന്നെ പണ്ടേ ഒടക്കാണല്ലോ....ബാക്കി കുഞ്ഞാടുകളെല്ലാം നല്ല ഉറക്കത്തിലും..എനിയ്ക്കാണേല്‍ ഈ പറഞ്ഞ സാധനത്തിന്റെ കണിക പോലുമില്ല!!
റോണിയും ടീംസും അപ്പുറത്ത് ദേ പ്ലേസ് നെയിം പറഞ്ഞു കളിയ്ക്കുന്നു..എന്നെ കേള്‍പ്പിയ്ക്കാനായി പൂര്‍‌വാധികം ഗോഷ്ടി-ചേഷ്ടകളോടെയാണ് കളിയരങ്ങ്...പിന്നേ.ഈ കളിയൊക്കെ എന്നാ ഉണ്ടായേ????മുഖത്ത് പൂര്‍‌വാധികം വെറുപ്പും വരുത്തി ഞാനിരുന്നു..
അതുകൊണ്ടായില്ലല്ലൊ..വല്ലാതെ ബോറടിയ്ക്കുന്നു..കൈ ആണേല്‍ തരിച്ചു വരുന്നുണ്ട്..


എന്നിലെ പ്രതികാരദാഹി ഉണര്‍ന്നു...കൈ നീട്ടി റോണിയുടെ പെന്‍സില്‍ ബോക്സ് എടുത്തു..(നമുക്കു പിന്നെ ഈ ജാതി സാധനമൊന്നും പണ്ടേ ഇല്ലല്ലോ!)
അതില്‍ ഇന്നലെ അവന്റെ പപ്പ (അതേ..പിറക്കാതെ പോയ എന്റെ അമ്മായിഅപ്പന്‍!) അമേരിയ്ക്കേന്ന് കൊണ്ടുവന്ന റബ്ബര്‍ ഭദ്രമായി ഇരിപ്പുണ്ട്......കളിയില്‍ മുഴുകിയ റോണി ഇതൊന്നും അറിയുന്നില്ല..അതിരഹസ്യമായി ഞാന്‍ ആ റബറിന്റെ മോനെ തൂക്കി വെളിയിലിട്ടു.... അതിക്രൂരമായി അവനെ തുണ്ടം തുണ്ടം കടിച്ചു മുറിച്ചു....
എന്നിട്ട് ആ തുണ്ടുകളെല്ലാം ഭദ്രമായി ബോക്സില്‍ തിരികെ വെച്ചു..ഒരെണ്ണമൊഴികെ..
അവനാണു നമ്മുടെ കഥാനായകന്‍
!!ദി സണ്‍ ഓഫ് ദ് റബ്ബര്‍!!!!

ഞാന്‍ പതുക്കെ അവനെ നീക്കി നിരക്കി ....ബ്രേക് അപ്പിനും അതിനു ശേഷമുള്ള അതിര്‍ത്തിത്തര്‍ക്കത്തിനും 'ഇതിന്റെ ഇപ്പുറത്തോട്ട് കാലു കുത്തിയാ നിന്നെ എന്റെ പോലീസച്ചാച്ചനെ കൊണ്ട് ഇടിപ്പിയ്ക്കും" എന്ന ഉഗ്രശാസനത്തിനും ശേഷം ചോക്ക് കൊണ്ട് വരച്ച അതിര്‍ത്തിരേഖയ്ക്കിപ്പുറത്ത് എന്റെ തട്ടകത്തിലെത്തിച്ചു...ഇനി ഇവനെ എന്തു ചെയ്യും??
കളിയും കഴിഞ്ഞ് റോണി വരുമ്പോള്‍ ലിവനെ എന്റെ കയ്യില്‍ കണ്ടാല്‍ പ്രശ്നമാവും..അതിനു മുന്‍പേ തെളിവു നശിപ്പിയ്ക്കണം...ബോക്സ് കൊണ്ട് അവന്റെ ഗ്യാങ്ങിലെ ഒരു കുരുത്തം കെട്ടവന്‍ യമഹാ ഓടിച്ചു കളിയ്ക്കുന്നു..അതു കാരണം തിരികെ നിക്ഷേപിയ്ക്കാനും വയ്യ!!വായിലിട്ടാല്‍ മുളച്ച് മരമായാലോ എന്ന പേടി കാരണം അതു തീരെ വയ്യ!!ഇനി എന്തു ചെയ്യും???
ഉദ്വേഗജനകമായ അനേകം നിമിഷങ്ങള്‍ക്കൊടുവിലാണ് ഇത്രയും നേരം എന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായിരുന്ന..അകത്തേയ്ക്ക് എന്തെങ്കിലും പോയാല്‍ മുളച്ചു വരാന്‍ തക്ക വെള്ളം ഒരിയ്ക്കലും എത്താന്‍ സാധ്യതയില്ലാത്ത ഒരിടം ഞാനോര്‍ത്തത്..
എന്റെ സ്വന്തം മൂക്കും അതിലെ രണ്ട് ഓട്ടകളും...പരിസരത്ത് ഏതെങ്കിലും അടുക്കളയില്‍ "വെച്ച കോയീന്റെ മണം"ഉണ്ടോ എന്നു കണ്ടെത്തലായിരുന്നു അത്രയും കാലം അവരുടെ പ്രധാന ജോലി..ഇരുപത്തിനാലു മണിയ്ക്കൂറും തുറന്നിരിയ്ക്കുന്ന ഒരു വായ ഉണ്ടായിരുന്നതിനാല്‍
ശ്വാസം വലിയ്ക്കുക എന്നത് ഒരു പ്രശ്നമായി തോന്നിയതും ഇല്ല..ഇനിയിപ്പോ ഈ കുഞ്ഞ് റബ്ബര്‍ കഷണം അവിടെ ഇരുന്നാലും ഈ പറഞ്ഞ പണിയ്ക്കൊന്നും ഒരു മുടക്കവും വരാനില്ല താനും..അങ്ങനെ ലോജിക്കലായി ചിന്തിച്ചപ്പോള്‍ എല്ലാം കൊണ്ടും ഐ ഫൗണ്ട് മൂക്ക് ഇസ് അ ബെറ്റര്‍ ഓപ്ഷന്‍!!!

പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു..ഞാന്‍ പോലുമറിയാതെ ആ റബ്ബര്‍ കഷ്ണം എന്റെ മൂക്കിന്റെ അന്തരാത്മാവിന്റെ അഗാധഗര്‍ത്തത്തിലേയ്ക്ക് യാത്രയായി...യാത്രയാക്കിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ പോസില്‍ മുന്‍പത്തെപോലെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു..

ഒരു പുണ്യപ്രവൃത്തി ചെയ്തതിന്റെ മെന്റല്‍ സാറ്റിസ്ഫാക്‍ഷന്‍ കാരണമാവാം..കിടന്ന കിടപ്പില്‍ ഉറങ്ങിപ്പോയി..ഇതാ ഇക്കാലത്താര്‍ക്കും ഒരുപകാരം ചെയ്യാന്‍ വയ്യെന്നു പറേണേ!!!
ഉണര്‍ന്നപ്പോഴേയ്ക്കും ബെല്ലടിച്ചു.....ജോനകന്മാരെ തുരത്തിയ ഉണ്ണിയാര്‍ച്ച ആരോമലാങ്ങളയോട് ചെന്ന് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോലെ ഞാന്‍ ഓട്ടോയിലെ എന്റെ സഹയാത്രികരും മറ്റൊരു സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നിബിന്‍ ചേട്ടനോട് "ഇന്നൊരു സംഭവമുണ്ടായി..എന്നു തുടങ്ങി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു "..
ഒടുവില്‍ കഥയിലെ ടേര്‍ണിംഗ് പോയിന്റായ റബറിന്റെ യാത്ര എത്തിയപ്പോള്‍ വണ്ടി മുഴുവന്‍ ഒരു നിശ്ശബ്ദത..നിബിന്‍ ചേട്ടനും കൂട്ടുകാരന്‍ ആനന്ദ് ചേട്ടനും നിഷച്ചേച്ചിയും മിനിച്ചേച്ചിയുമെല്ലാം ഏതാണ്ടൊരു അത്ഭുത ജീവിയെ കാണുമ്പോലെ എന്നെ നോക്കുന്നു...
പിന്നെ കൂട്ടത്തോടെ മുന്നിലേയ്ക്ക് കഴുത്തു നീട്ടീ ഓട്ടൊ ഓടിയ്ക്കുന്ന ചാക്കോ അങ്കിളിനെ നോക്കുന്നു..ഞാന്‍‌..ചാക്കോ അങ്കിള്‍..ചാക്കോ അങ്കിള്‍...ഞാന്‍..അങ്ങനെ ലോംഗ്ഷോട്ടുകളിലൂടെ രംഗം പുരോഗമിച്ചു കൊണ്ടിരുന്നു..ആരും ഒന്നും മിണ്ടുന്നില്ല..ഒടുവില്‍ ഹരിഹര്‍ നഗറിലെ മഹാദേവന്‍ തോമസ്സുകുട്ടിയോട് പറഞ്ഞപോലെ നിബിന്‍ ചേട്ടന്‍ ചാക്കോ അങ്കിളിനോട് "ചാക്കോങ്കിളേ...മെഡിക്കല്‍ കോളേജ്!!"

പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു..ആംബുലന്‍സായി മാറിയ ഓട്ടോറിക്ഷ സംക്രാന്തിക്കവലയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പറക്കുന്നു...
എന്റെ മൂക്കിനുള്ളിലെ അഗാധ ഗര്‍ത്തത്തിലേയ്ക്ക് നോക്കി ഓരോ നിമിഷവും നിബിന്‍ ചേട്ടന്‍ ഞെട്ടി വിറയ്ക്കുന്നു..ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ചാക്കോങ്കിള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്നു...'ഇതിനും മാത്രമിവിടേപ്പോ എന്താണ്ടായ്യേ??..'എന്ന മുഖഭാവത്തോടെ നിഷച്ചേച്ചിയുടെ മടിയിലിരുന്ന് ഞാന്‍ ലോകവീക്ഷണം നടത്തുന്നു!!
ആശുപത്രിയിലെ അത്യാഹിത വിഭാഗം വളരെ പരിചിതമായ ഒരു ലോകമായിരുന്നു..കഴിഞ്ഞാഴ്ച വന്നപ്പോ ഈ ഡോക്റ്ററാന്റി പച്ചസ്സാരിയാ ഉടുത്തിരുന്നേ..
അന്ന് വന്നപ്പോ ഒരു അപ്പൂപ്പന്‍ എനിയ്ക്ക് ഫൈവ് സ്റ്റാറു വാങ്ങിത്തന്നു..എന്നിങ്ങനെയുള്ള ഓര്‍മ്മക്കുറിപ്പുകളിലൂടെ കഴിയുന്നത്ര ഞാനത് മിനിച്ചേച്ചിയ്ക്കും മറ്റും മനസ്സിലാക്കിക്കൊടുത്ത് അവരുടെ ആധിയകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

ഡോക്ടറങ്കിള്‍ വന്നു.."ഹാ..ഇത് നമ്മുടെ സ്ഥിരം പാര്‍ട്ടിയല്ലേ...ഇന്നെന്നതാ ഒപ്പിച്ചേ?"
അദ്ദേഹം കുശലാന്വേഷണം നടത്തി..ചാക്കോങ്കിള്‍ കാര്യം പറഞ്ഞു..ഞാന്‍ ഹാജരാക്കപ്പെട്ടു..
പുള്ളി അറ്റം വളഞ്ഞ എന്താണ്ടൊ ഒരു കുന്ത്രാണ്ടം എടുത്ത് എന്റെ മൂക്കില്‍ കടത്തി..
പുറത്ത് വന്നപ്പോളതാ അതിന്റെ അറ്റത്തിരിയ്ക്കുന്നു ..അതിക്രൂരമായി തേജോവധം ചെയ്ത്.വളരെ കഷ്ടപ്പെട്ട്..ബുദ്ധിമുട്ടി നാസാദ്വാരങ്ങളില്‍കുത്തിക്കയറ്റിയ....എന്റ....യുദ്ധത്തടവുകാരന്‍...!!
എന്റെ ആദ്യ പ്രതികാരത്തിന്റെ ഇര!!ബ്രസീലിലെവിടെയോ ജനിച്ച്..അമേരിക്കയിലേ ഏതോ ഫാക്റ്ററിയിലൂടെ ഒരു ഇന്‍ഡ്യന്‍ മൂക്കിലെത്തിപ്പെട്ട...ആഗോളവത്കരണത്തിന്റെ മകുടോദാഹരണം. ... .ദ് സണ്‍ ഓഫ് എ റബ്ബര്‍!!!

ഏതായാലും ചാക്കോങ്കിള്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ മനോരമയൊക്കൊരു വാര്‍ത്ത നഷ്ടമായി...എന്നല്ലാതെന്തു പറയാന്‍..

കാറും കോളും ഒഴിഞ്ഞ്പ്പോള്‍ ഡോക്ടര്‍ അടുത്തു വിളിച്ച് രഹസ്യമായി ചോദിച്ചു.."എന്തിനാ മോളേ റബ്ബറെടുത്ത് മൂക്കിലിട്ടേ?" ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"


പിന്നല്ലാണ്ട്...എന്നെ തിരിഞ്ഞു നോക്കാത്ത ആ റോണി കാരണമാ ഞാന്‍ റബ്ബര്‍ മൂക്കില്‍ കേറ്റിയതെന്ന് ഞാന്‍ പറയണാരുന്നോ????പിന്നേ..അതങ്ങ് പള്ളീല്‍ പറഞ്ഞാ മതി!!!

Sunday, March 15, 2009

കാലാപാനി!!

"നീ ആന്‍ഡമാനില്‍ വരുന്നോ??" ഇടവപ്പാതിയെ കീറിമുറിച്ചാണു ഈ ചോദ്യം കാതില്‍ വന്നു വീണത് എങ്കിലും അതിനൊരു പുതുമഴയുടെ ഇഫക്റ്റ് ആയിരുന്നു..
കാരണം ഒന്ന്:ചോദ്യകര്‍ത്താവ് എന്റെ അമ്മയാണു.അങ്ങനിങ്ങനൊന്നും അലിയുന്ന ഒരു അമ്മമനസ്സല്ല അത്.
കാരണം രണ്ട്: ഹോസ്റ്റലിലെ ക്യാബേജ് പുഴുങ്ങിയതും മീനിട്ട കറിയും ഒക്കെ കഴിച്ചു സ്വന്തം അവതാരോദ്ദേശ്യം തന്നെ പാഴായിപ്പോയ ഒരു പാവം വയറിന്റെ ഉടമയായിരുന്നു അന്ന് ഈയുള്ളവള്‍..
കാരണം മൂന്ന്:ആസന്നമായ പരീക്ഷയില്‍ അതിദാരുണമായി സംഭവിച്ചേയ്ക്കാവുന്ന തോല്‍‌വിയുടെ ധാര്‍മികമായ ഉത്തരവാദിത്വം ആന്‍ഡമാനിലേയ്ക്കു കപ്പല്‍ കയറ്റാം!
ഇങ്ങനെ ഒന്നിലധികം ഹിഡന്‍ അജണ്ടകളോടെ ഉള്ളില്‍ തികട്ടി വന്ന സന്തോഷം മറച്ചു വെച്ച് നോം ഇങ്ങനെ ഉവാച:"അതിപ്പോ..പരീക്ഷയാ..എന്നാലും.ഹാ..നോക്കാം"......
.അങ്ങനെ രണ്ടായിരത്തഞ്ചിലെ ഓണക്കാലത്ത് ഞാനും അനിയനും അച്ഛനും അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആന്‍ഡമാനിലേയ്ക്ക്ബീമാനം കേറി...

.ജീവിതത്തില്‍ ആദ്യായിട്ടാ വിമാനത്തില്‍ കയറുന്നതെന്ന യാതൊരു അഹങ്കാരവുമില്ലാതെ അവിടെക്കണ്ട ഫ്ലൈറ്റ് സ്റ്റുവാര്‍ഡുമാരെ ഒക്കെ വായിനോക്കിയും,എയര്‍ ഹോസ്റ്റസ്സുമാരെ കുടുംബത്തിലെ പുരനിറഞ്ഞു നിക്കണ ചേട്ടന്മാര്‍ക്കു കല്യാണമാലോചിച്ചും പേടിച്ചു കണ്ണടച്ചിരുന്നു ഉറങ്ങിപ്പോയ സഹോദരനെ ഇടയ്ക്കൊന്നു ചൊറിഞ്ഞും കന്നി ആകാശയാത്ര എംജോയ് ചെയ്തു ഞാന്‍..
അങ്ങനെ ആന്‍ഡമാന്‍ .. ചരിത്രമുറങ്ങുന്ന സെല്ലുലാര്‍ ജയിലും പ്രകൃതിനിര്‍മ്മിതമായ ചുണ്ണാമ്പു ഗുഹയുമടക്കം ഒരുപാട് കാഴ്ചകള്‍ക്കു ശേഷം ഈ പോസ്റ്റിനാധാരമായ ആ യാത്രയുടെ ദിവസം വന്നെത്തി..

അന്നത്തെ യാത്ര പവിഴപ്പുറ്റുകള്‍ നിറഞ്ഞ് കോറല്‍ ഐലന്‍ഡിലേയ്ക്കായിരുന്നു..ആ ദ്വീപിലെ ഒരു പ്രത്യേകത എന്താന്നു വെച്ചാല്‍ അവിടെ കടലില്‍ തീരത്തോട് അടുത്ത് പവിഴപ്പുറ്റുകളുടെ ഒരു വന്‍ ശൃംഖല രൂപപ്പെട്ടിട്ടുണ്ട്..കടലില്‍ കുറച്ചു ദൂരം പോയി താഴേയ്ക്കു നോക്കിയാല്‍ പവിഴപ്പുറ്റുകള്‍ കാണാമെന്നര്‍ത്ഥം..പണ്ട് ഇവിടെ അടിവശം സുതാര്യമായ ബോട്ട് സര്‍വ്വീസുകളും ഉണ്ടായിരുന്നത്രേ..
ഞങ്ങള്‍ അവിടെ ചെന്നപ്പോ കുറച്ച് ബംഗാളി ചേട്ടന്മാര്‍ റബ്ബര്‍റ്റ്യൂബും പിന്നെ വെള്ളത്തിന്റെ അടിയില്‍ നിന്നു ശ്വാസം വലിയ്ക്കാനുള്ള നീണ്ട കുഴലും ഒക്കെയായി നില്‍ക്കുന്നു..
പണ്ടു മുതലേ...എനിയ്ക്കീ നീന്തല്‍ എന്നു പറയുന്ന കലയോട് വല്യ പ്രതിപത്തി ഇല്ല...പഠിപ്പിയ്ക്കാന്‍ വീട്ടുകാരും വെള്ളയമ്പലം വാട്ടര്‍ അതോരിറ്റി വക സ്വിമ്മിംഗ് പൂള്‍ അധികൃതരു പഠിച്ച പണി പതിനെട്ടും നോക്കി..എന്തൊക്കെ ചെയ്താലും ഒടുക്കം റബ്ബര്‍ പന്തു പോലെ ഞാന്‍ പൊങ്ങി വരും..നീന്തല്‍ ഒഴികെ വെള്ളത്തില്‍ ഉള്ള സകല കലാപരിപാടികളും (മുങ്ങാം കുഴി,കുത്തി മറിച്ചില്‍,മുങ്ങി വന്നു കാലു വാരി ബാക്കിയുള്ളോരെ പേടിപ്പിയ്ക്കുക ഇത്യാദി വാട്ടര്‍ സ്പോര്‍ട്ട്സ്.)നോം അതിനകം മണിമല,പമ്പ ആറുകളില്‍ ഉള്ള നീണ്ട ജലാധിവാസ പരിപാടികളിലൂടെ സ്വായത്തമാക്കിയിരുന്നു..
അപ്പോ പറഞ്ഞു വന്നത്..ആ ചേട്ടന്മാര്‍ സര്‍‌വായുധ ധാരികളായി അവിടെ നില്‍ക്കുന്നു..
ഒരുപാടാളുകള്‍ അവരുടെ കൂടെ കടലിലേയ്ക്ക് പോകുന്നു..
ആഴക്കടലില്‍ തിരമാലകള്‍ക്കെതിരേ തോണി തുഴഞ്ഞു പരിശീലിച്ച ആ സഹോദരന്മാര്‍ ഓരോരുത്തരെയും കടലിലെ ഒരു പ്രത്യേക പോയിന്റ് വരെ കൊണ്ടു പോയി പവിഴപുറ്റുകളെ എല്ലാം വിശദമായി കാട്ടിക്കൊടുത്ത ശേഷം സുരക്ഷിതരായി തിരിച്ചെത്തിയ്ക്കുന്നു..

ഇതെല്ലാം കണ്ട് വണ്ടറടിച്ച് ആരാധനയോടെ സാഹസികരായ ആ ടൂറിസ്റ്റുകളെയും അവര്‍ക്കൊരു പോറല്‍ പോലുമേല്‍ക്കാതെ കരയില്‍ തിരിച്ചെത്തിയ്ക്കുന്ന ആ ചേട്ടന്മാരെയും ഒക്കെ അന്തം വിട്ടു നോക്കിയിരിക്കുന്നതിനിടയിലാണു അച്ഛന്റെ വിളി..
"നിനക്കല്ലേ കോറല്‍സ് കാണണമെന്നു പറഞ്ഞത്?വാ"
കടലിലൂടെ ബോട്ടില്‍ ഉള്ള റൈഡും,ചുറ്റും തിരമാലകളും പിന്നെ അടിത്തട്ടില്‍ തെളിയുന്ന പവിഴപ്പുറ്റുകളുടെ വര്‍ണ്ണജാലവും എല്ലാം സ്വപ്നം കണ്ടു ഞാനോടിച്ചെന്നു..
നോക്കിയപ്പോള്‍..നേരത്തെ പറഞ്ഞ ആയുധങ്ങളെല്ലാം ധരിച്ച് ഒരു ചേട്ടന്‍ അച്ഛ്നുമായി ഹിന്ദിയില്‍ എന്തൊക്കെയോ സംസാരിയ്ക്കുന്നു..അടുത്തു അമ്മയുമുണ്ട്..
ബോട്ടു പോയിട്ട് അതിന്റെ പൊടി പോലും ആ പരിസരത്തെങ്ങുമില്ല..
"ആപ് ഇന്‍‌കോ ലേ കെ ജാ സക്തേ ഹൈ..മുഝ് കോ ബാക് പെയിന്‍ ഹോ രഹ ഹൈ"
അച്ഛന്റെ ഡയലോഗ്..എന്നെയും അമ്മയെയും കടലിലേയ്ക്ക് കൊണ്ടോയിക്കൊള്ളാന്‍ അച്ഛന്‍ ആ ചേട്ടനോട് പറയുകയാണ്..എന്നാലും..വീട്ടില്‍ വെച്ച് സ്ത്രീയൊരു ശല്യം എന്ന് ഇടയ്ക്കിടെ പറയുമെങ്കിലും ഇത്ര പെട്ടെന്നൊരു കടുത്ത തീരുമാനം പുള്ളി എടുക്കുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല..

അല്ല..അപ്പോ ബോട്ട്..???ഞാന്‍ ആശങ്കിച്ചു..
"ബോട്ടൊന്നുമില്ല.. നമുക്കു രണ്ടാള്‍ക്കും രണ്ട് റബ്ബര്‍റ്റ്യൂബ് തരും.കൂടെ ഇയാളും വരും.കടലില്‍ കോറല്‍സ് ഉള്ള സ്ഥലത്ത് കൊണ്ടു പോയി കാട്ടിത്തരും"അമ്മ വിശദീകരിച്ചു..അതു ശരി..അപ്പോ അമ്മയും കൂടി അറിഞ്ഞോണ്ടാണല്ലേ???ഈ കൂട്ടത്തില്‍ നീന്തല്‍ അറിയാത്ത ഒരേ ഒരംഗം ഞാന്‍ ആണെന്നറിഞ്ഞോണ്ടാണോ ഇങ്ങനെ ഒരു പ്ലാന്‍?എനിയ്ക്ക് ഒരവസരം കൂടി തന്നൂടേ????

കൂടുതല്‍ ചിന്തിയ്ക്കാന്‍ നേരമില്ല..അമ്മ റ്റ്യൂബ് കഴുത്തിലിട്ടു കഴിഞ്ഞു..യാന്ത്രികമായി ഞാനും അതെടുത്തു കഴുത്തിലിട്ടു..എന്നിട്ടു യാത്രയായി..അറ്റമില്ലാത്ത ബേ ഓഫ് ബെംഗാളിന്റെ മടിത്തട്ടിലേയ്ക്ക്...
തുടക്കം വള്രെ മനോഹരമായിരുന്നു..
ഉപ്പുരസമുള്ള വെള്ളത്തിന്റെ ഇളം ചൂടും കാലില്‍ ഇക്കിളി കൂട്ടുന്ന പഞ്ചാരമണലും ഇളം വെയിലും ഉള്ളിലെ ഭയം ഒന്നു കുറച്ചു.
പതുക്കെപ്പതുക്കെ ചില മാറ്റങ്ങള്‍ ..നടക്കുമ്പോള്‍ ഒരു ഫുട്ടിംഗ് ഇല്ല..കാലു നീങ്ങുന്നുണ്ട്..പക്ഷേ ചവിട്ടാന്‍ ശ്രമിയ്ക്കുമ്പോള്‍ താഴെ ശൂന്യത..വൈകാതെ ഞാനാ സത്യം മനസ്സിലാക്കി..എന്നിലെ അഞ്ചടിക്കാരിയുടെ കാലുകള്‍ക്ക് എത്തിച്ചേരാവുന്നതിലും എത്രയോ താഴെയാണു അടിത്തട്ട് എന്ന
ഭീകരസത്യം!.. മാതാജിയ്ക്കും ഗൈഡ് ചേട്ടനും നോ എക്സ്പ്രഷന്‍സ്..എങ്കിലും പ്രതീക്ഷ കൈവിടാതെ കാരാമ തുഴയുന്നതു പോലെ ഞാന്‍ കയ്യും കാലുമിട്ടിളക്കി പിടിച്ചു നിന്നു...

ഒടുവില്‍ നിര്‍ണായകമായ ആ നിമിഷമെത്തി..
പവിഴപ്പുറ്റുകളുടെ സാന്ദ്രത ഏറ്റവും കൂടിയ ഭാഗത്ത് ഞങ്ങളെത്തി..ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ആ ഗൈഡ് ചേട്ടനും അമ്മയും പിന്നെ അവരുടെ കൂടെ വെള്ളത്തില്‍ വീണ പൊങ്ങുതടി പോലെ ഞാനും..
ചേട്ടന്‍ അവിടെ നിന്നു...എന്നിട്ട് ഹിന്ദിയില്‍ ഒറ്റച്ചോദ്യം"ആപ് ഘടേ ഹൊ?"(ഇങ്ങനെ തന്നെ ആണോന്ന് ഉറപ്പില്ല..എന്തായലും പുള്ളി ഉദ്ദേശിച്ചത് വെള്ളത്തില്‍ നില്‍ക്കാനുള്ള നിലയുണ്ടോ എന്നായിരുന്നു)
ജീ ഹാം എന്നു അമ്മയുടെ ഉത്തരം..
ഏതാണ്ടതു പോലൊന്ന് എന്റെ വായീന്നും വീണെന്നു തോന്നുന്നു...
ഏതായാലും അതോടെ എന്റെ അവസാന ആശ്രയമായ റ്റ്യൂബും കൈവിട്ടു പോയി..ആ ചേട്ടന്‍ ഇത്രയും നേരം ഞങ്ങള്‍ രണ്ടാളുടെയും റബ്ബര്‍ റ്റ്യൂബുകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു.."ജീ ഹാം കേട്ടതോടെ അങ്ങേരു കൈ വിട്ടു..അതേ നിമിഷം റ്റ്യൂബില്‍ നിന്നും ഞാന്‍ തല വലിച്ചൂരി..
അതു അതിന്റെ വഴിയ്ക്കു പോയി.

അതോടെ നടുക്കടലില്‍ ഞാന്‍ തീര്‍ത്തും വഴിയാധാരമായി
ഗുളു ഗുളു ശബ്ദത്തോടെ അടിയിലേയ്ക്കു താഴ്ന്നു പോയി ഞാന്‍..
പാരാവാരത്തിന്റെ അഗാധതയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പെറ്റു വളര്‍ത്തിയ സ്വന്തം മാതാവിന്റെ മുഖം ഒരു നോക്കു കണ്ടപ്പോള്‍ വരണ്ടുണങ്ങിയ ചുണ്ടുകള്‍ അവസാനമായി മന്ത്രിച്ചു..
"അയ്യോ...ഞാന്‍ ദേ ചാകാന്‍ പോണേ"
മൂന്നാലു തവണ മുങ്ങിപ്പൊങ്ങിയപ്പോഴേയ്ക്കും ലൈഫ് ഗാര്‍ഡ് ഇടപെട്ടു.വീണ്ടും റ്റ്യൂബ് എന്റെ കഴുത്തില്‍ കയറി..ഞങ്ങള്‍ കരയിലേയ്ക്കു തിരിച്ചു..
വിജയശ്രീലാളിതയായി..സുമാര്‍ അര ലിറ്റര്‍ കടല്‍ വെള്ളം അകത്താക്കി...ഗാര്‍ഡിനാല്‍ ആനയിക്കപ്പെട്ട് കഴുത്തില്‍ റ്റ്യൂബ് മാലയുമായി തീരത്തണഞ്ഞ എന്നെ നോക്കി പിതാശ്രീ ഒന്നു പുഞ്ചിരിച്ചു..ഒരു മൊണാലിസാ ചിരി.."ആകാത്ത പണിയ്ക്കു പോകരുത്" എന്നാണോ അതിനര്‍ത്ഥം??
ബാക്കിപത്രം:ആ സംഭവത്തിനു ശേഷം നാട്ടിലെത്തി ആദയ്ം ചെയ്തത് വെള്ളയമ്പലം വാട്ടര്‍ വര്‍ക്സില്‍ നീന്തല്‍ പഠിയ്ക്കാന്‍ ചേരുക എന്നുള്ളതായിരുന്നു..
പുസ്തകങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച് ഹിന്ദിയല്ല അനുഭവങ്ങളിലെ ഹിന്ദി എന്ന വലിയ പാഠം ഉള്‍ക്കൊണ്ട് ഹിന്ദി സംസാരിയ്ക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങി...ഇന്നും തുടരുന്ന മറ്റൊരു പ്രയാണം..
സര്‍‌വോപരി..മേല്‍ക്കൊണ്ട് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പൂര്‍വാധികം ഭംഗിയായി നല്ല നടപ്പ് ശീലിച്ചു തുടങ്ങി..
(ഒന്നുമില്ലേലും തല്ലും പിടിയുമൊക്കെയാ നടുക്കടലില്‍ ഉപേക്ഷിയ്ക്കപ്പെടുന്ന്തിനേക്കാള്‍ ഭേദം!

Friday, February 27, 2009

എക്കണോമിക്സും വാഴയും പിന്നെ ഞാനും!

ഇതിപ്പോ അബദ്ധം പറ്റിയതാണോന്നു ചോദിച്ചാല്‍ അല്ലേയല്ല..എസ്പെഷ്യലി,,വെന്‍ കമ്പേര്‍ഡ് റ്റു മൈ പ്രീവിയ്സ് എക്സ്പീരിയന്‍സസ് ഏന്‍ഡ് എക്സ്പെരിമെന്റ്സ്..തീരെ അല്ല..
എന്നിരുന്നാലും..ചുമ്മാ പോസ്റ്റുവാ!!!
പിന്നെ "ഇതു നന്നാവുന്ന കേസല്ല "എന്നു ടെസ്റ്റിഫൈ ചെയ്ത് തന്നിട്ടുള്ള എല്ലാ കാര്‍ന്നോന്മാര്‍ക്കും ഒരു പോയിന്റ് ഓഫ് എവിഡെന്‍സ് ആയിക്കോട്ടേന്ന്!!
അപ്പോ കാര്യത്തിലേയ്ക്ക് നേരെ ചൊവ്വെ കടക്കാം...
കാലം ക്രി.പി.2003.ഞാന്‍ അന്നു പത്താം ക്ലാസ്സില്‍....പത്താം ക്ലാസ്സുകാരെ സംബന്ധിച്ചിടത്തോളം അദ്ധ്യയന വര്‍ഷം ഡിസംബര്‍‌ ആവുമ്പോള്‍ തീരും..ഒരായുസ്സിന്റെ കുരുത്തക്കേടു മുഴുവന്‍ എങ്ങനെ ഈ 6 മാസത്തിനുള്ളില്‍ ഒപ്പിച്ചു തീര്‍ക്കും എന്നു കൂലങ്കഷമായി ചിന്തിച്ചു തല പുകയ്ക്കുന്ന സമയം...നമ്മുടെ പിള്ളേരല്ലേ..ഈ ഒരു കൊല്ലം കൂടെ അല്ലേ ഉള്ളു എന്ന ടീച്ചര്‍മാരുടെയും അനധ്യാപകരുടെയും കണ്‍സഷനു മുന്നില്‍ കിരീടം വെയ്കാത്ത രാജ്ഞിയായി വിലസി നടക്കുന്ന കാലം..
രാവിലെ 8.30-8.45 ആകുമ്പോള്‍ സ്കൂള്‍ബസ്സില്‍ സ്കൂളിലെത്തും..പിന്നെ ബാഗ് വലിച്ചെറിഞിട്ട് റൌണ്ട്സിനു പോകും...ച്ചാല്‍...ദിങ്ങനെ തെക്കു വടക്കു നടന്ന് നമ്മുടേ സംഘത്തിലെ മറ്റു വാനരങ്ങളെല്ലാം എത്തിയിട്ടുണ്ടോ എന്നു നോക്കും..പിന്നെ 9.30യ്ക്ക് ടീച്ചര്‍ക്ക് പൈലറ്റായി ക്ലാസ്സില്‍ കയറും...ഉച്ചയ്ക്കും ഇതു പോലെ തെണ്ടിത്തിരിഞ്ഞു നടക്കും...ക്ലാസ്സുകള്‍ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നതിനാല്‍ ഉറങ്ങി ക്ഷീണം തീര്‍ക്കാനും കഴിഞ്ഞിരുന്നു.(അന്നൊരിയ്ക്കല്‍ ഫിസിക്സ് ക്ലാസ്സില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചിട്ട് ക്ലാസ്സ് തീര്‍ന്നപ്പോ സുഹൃത്തുക്കള്‍ ചേര്‍ന്നു കണ്ണില്‍ വയ്ക്കാന്‍ ഈര്‍ക്കിലിക്കഷ്ണം ഓഫര്‍ ചെയ്തത് വേറൊരു ചരിത്രം..)അങ്ങനെ ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായി പോകുന്ന ആ അസുലഭ സുന്ദര കാലഘട്ടം...ഇനി അടുത്ത പണി ആര്‍ക്ക്കിട്ട് വേണം എന്നതിനെ പറ്റി തല പെരുപ്പിക്കുന്ന കാലം...
അന്നൊരു ജൂണ്‍‌മാസപ്പെരുമഴക്കാലം..പുറത്ത് ഇടവപ്പാതി തകര്‍ക്കുന്നു..അതിലും ഗംഭീരമായി അകത്ത് എക്കണൊമിക്സ് തകതകര്‍ക്കുന്നു...പതിവു പോലെ ഞാന്‍ വായിനോട്ടത്തിലും.പക്ഷേ പതിവിനു വിപരീതമായി അന്നത്തെ വായിനോട്ടത്തിന്റേത് ഔട്ട്ഡോര്‍ ലൊക്കേഷനായിരുന്നു..അകത്ത് ജനപ്പെരുപ്പം മൂലം ഭാവി ഭാരതത്തിന്റെ ഭാവിയെപ്പറ്റി ടീച്ചര്‍ ആശങ്കാകുലയാകുന്നു..പുറത്തെ മഴയിലും കാറ്റിലും കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന വാഴത്തയ്യിന്റെ ഭാവിയെപ്പറ്റി ഞാനും...അങ്ങനെ നിമിഷങ്ങള്‍ കടന്നു പോയി..
ജനപ്പെരുപ്പം,വാഴത്തൈ,...വാഴത്തൈ,ജനപ്പെരു
പ്പം..ജനപ്പെരുപ്പം,വാഴത്തൈ...അങ്നഗെന്‍ നിമിഷങ്ങള്‍ കടന്നു പോയി..
നിമിഷങ്ങള്‍ മിനിട്ടുകളായി..മിനിട്ടുകള്‍ ..മിനിട്ടുകള്‍...പിന്നെയും മിനിട്ടുകള്‍.
മുന്‍‌ബെഞ്ചില്‍ വാഴത്തൈ ഇപ്പൊ വീഴുമോ പിന്നെ വീഴുമോ എന്ന ശങ്കയില്‍ ഞാനും ശങ്കയേതുമില്ലാതെ സാമ്പത്തിക ശാസ്ത്രത്തില്‍ വാചാലയാകുന്ന ടീച്ചറും...

പെട്ടെന്ന് അതു സംഭവിച്ചു..
“അരുമക്കിടാങ്ങളിലൊന്നായി..മനതാരിലാശകള്‍ പൂവിടും പോലെ”..ഞാന്‍ “നോക്കി” വളര്‍ത്തിക്കൊണ്ടു വന്ന..അതിനു മുന്‍പുള്ള പല ദിവസങ്ങളിലും വിരസമായ എക്കണോമിക്സ്,കമ്പ്യൂട്ടറ്,ഫിസിക്സ് ക്ലാസ്സുകളില്‍ നിന്ന് മോചനം തനു കൊണ്ടിരുന്ന എന്റെ കൊച്ചു തോഴി..അവള്‍ “പുതും” എന്ന അതിദാരുണമായ ശബ്ദത്തോടെ നിലം പതിച്ചു...ഒപ്പം ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അത്രയും നേരം ഉന്നതമായ താടിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന എന്റെ വലം കയ്യും..സ്വാഭാവികമായും എന്റെ തല താഴെ ബെന്ചില്‍ വന്നിടിച്ചു...അകത്തൊന്നുമില്ലാ‍ായിരുന്നത
ു കൊണ്ട് സാമാന്യം നന്നായി നൊന്തു!!
തത്ഫലമായി “യ്യോ” എന്നു ശ്രുതി മധുരമായ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചു കൊണ്ട് നോം ഇഹലോകത്തിലേയ്ക്ക് തിരിച്ചെത്തി...

ദാറ്റ് ഡിദ് ഇറ്റ്!!!
അത്രയും നേരം എന്റെ കോപ്രായങ്ങള്‍ ഒക്കെ സഹിച്ചു അടുത്തിരിയ്ക്കുകയായിരുന്ന എന്റെ പ്രിയ സഖിയുടെ ക്ഷമയുടെ നെല്ലിപ്പലകയുടേ ആണിക്കല്ല് ഇളക്കാന്‍ മാത്രം കാലിബറ്‌ ഉള്ളതായിരുന്നു ആ ആര്‍ത്തനാദം എന്നു മനസ്സിലായത് അവളുടെ കള്ളിയങ്കാട്ട് നീലി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ നഖം കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ്..കൂടേ നല്ല അസ്സലു മണിപ്രവാളത്തില്‍ “എടീ......... ഇതു ക്ലാസാ..”എന്നു ഒരു ബോധവത്ക്കരണവും..!!
ഭാഗ്യത്തിനു ദീനരോദനം ടീച്ചറിന്റെ ചെവിയില്‍ എത്തിയില്ല..എത്തിയിരുന്നെങ്കില്‍..ഈശ്വരാ
‍ാ‍ാ...
സ്കൂള്‍ജീവിതത്തില്‍ ഇന്നു വരെ 5 അടി മാത്രം കൊണ്ടിട്ടുള്ള വിദ്യാര്‍ത്ഥിനി എന്ന എന്റെ റെക്കോറ്ഡ് സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തല്ല് ഒറ്റ ദിവസം കൊണ്ട് നേടിയവള്‍ എന്ന് തിരുത്ത്പ്പെട്ടേനെ..കൂടെ ‘എന്തു നല്ല കുട്ടി...നല്ല അടക്കവും ഒതുക്കവും”എന്ന ടീച്ചേഴ്സിന്റെ (മാത്രം) ഇമേജും പൊട്ടിപ്പാളീസായേനെ..(അതേന്നേ...സത്യായിട്ടും..!!ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്..പക്ഷേ അമ്മച്ചിയാണേ സത്യാ!!)..

ഇതൊരു അബദ്ധമായിട്ട് കൂട്ടാമോ എന്നു ചോദിച്ചാല്‍ അറിയില്ല..എന്നാലും ഇത് വായിച്ചിട്ട് സ്കൂള്‍ജീവിതത്തിലെ ഏതെങ്കിലും ഒരു മുഹൂര്‍ത്തം എങ്കിലും ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നുവെങ്കില്‍..ഓര്‍ക്കുക..ഈ വധത്തിന്റെ പിന്നിലുള്ള ദുരുദ്ദേശ്യവും അതല്ലാതെ മറ്റൊന്നുമല്ല!!

Monday, February 9, 2009

സ്നേഹാക്ഷരങ്ങളുടെ കര്‍പ്പൂര ഗന്ധം..

തുടക്കത്തിലെ ആവേശം ബോറടിയ്ക്കു വഴിമാറിത്തുടങ്ങിയ ഒരു ഡിസംബര്‍ വെക്കേഷന്‍ ..പറ്റിച്ചേ എന്നു കളിയാക്കിച്ചിരിച്ചു കൊണ്ട് ഓടിപ്പോകുന്ന ദിവസങ്ങള്‍....വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലൂടെ വീണ്ടുമൊരോട്ടപ്രദക്ഷിണമാവാമെന്നോര്‍ത്താണ് മുകളിലെ മുറിയിലെത്തിയത്..അലമാര തുറന്നപ്പോള്‍ സ്വീകരിച്ചത് പക്ഷേ വേറൊരു കൂട്ടര്‍..ഒരു പഴയ ഫോള്‍ഡര്‍ നിറയെ കത്തുകള്‍..
പലരുടേതുമായ ഈ ഓര്‍മ്മപ്പൊട്ടുകളെ ആരാണാവോ ഇവിടെയിങ്ങനെ കൂട്ടിവെച്ചത്?പലയിടത്തും വൈകിയെത്താറുള്ള ഒരു ചരിത്രാന്വേഷിയെ എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ അവര്‍?... .
.അവയ്ക്കെന്തൊക്കെയോ ഒരുപാട് പറയാനുണ്ടായിരുന്നു...നനുത്ത നീലക്കടലാസില്‍ കിനിഞ്ഞ കര്‍പ്പൂരഗന്ധമുള്ള വാക്കുകളിലൂടെ.....വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ..മേല്‍‌വിലാസങ്ങള്‍ പലതും മാറിയെങ്കിലും..പുതുമ മാറാത്ത കുറെയേറെ വിശേഷങ്ങള്‍..

കുട്ടിക്കാലത്ത് അമ്മൂമ്മയ്ക്ക് കത്തെഴുതാന്‍ അമ്മ വിളിയ്ക്കുമ്പോള്‍ "അമ്മൂമ്മയ്ക്കു സുഖമാണോ?മരുന്നു കഴിയ്ക്കുന്നുണ്ടോ?ബാക്കി അമ്മ എഴുതും" എന്നിങ്ങനെ മൂന്നാലു വരി എഴുതിക്കൂട്ടി രക്ഷപ്പെട്ടിരുന്നു..അക്ഷരങ്ങളുടെ മൗനത്തേക്കാള്‍ കളിപ്പാട്ടങ്ങളുടെ കലപിലയേ സ്നേഹിച്ച ആ പച്ചിലക്കാലത്തൊരിയ്ക്കലും അറിഞ്ഞില്ല..ചിതറിത്തെറിച്ച ആ അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലെവിടെയോ ഒരു നാലു വയസ്സുകാരിയുടെ പുഞ്ചിരി തിരഞ്ഞിരുന്ന രണ്ടു നരവീണ കണ്ണുകളുണ്ടായിരുന്നുവെന്ന്..
പിന്നീട് ബാക്കിയെല്ലാം പോലെ കത്തെഴുതലും ഒരു കളിയായി..ചായങ്ങളും തൊങ്ങലുകളും പിടിപ്പിച്ച് അക്ഷരങ്ങളെ അലങ്കരിച്ചു.. കൗമാരത്തിലും കത്തുകളെഴുതിയിരുന്നു.. കൊച്ചു ശാഠ്യങ്ങള്‍ക്കും വികൃതികള്‍ക്കും കൂട്ടായി..കരയുമ്പോള്‍ ചിരിപ്പിയ്ക്കുന്ന..ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കുന്ന..നേര്‍ത്ത വയലറ്റ് നിറമുള്ള സ്വപ്നക്യാന്‍‌വാസില്‍ ഞാന്‍ വരഞ്ഞ പ്രിയപ്പെട്ടവനായി മാത്രം....മൗനത്തിന്റെ ഭാഷയിലെഴുതിയവ...പ്രണയാക്ഷരങ്ങളുടെ കൈയ്യൊപ്പു പതിഞ്ഞവ...ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ളവ..മെയിലുകളൂം ഈ-കാര്‍ഡുകളും നിറഞ്ഞ എന്റെ കമ്പ്യൂട്ടറിനെ താങ്ങുന്ന മേശവലിപ്പില്‍ അവയൊക്കെയും അനാഥരായിട്ട് എത്ര നാളായി?..ആവോ..
ഇപ്പോഴാരും കത്തെഴുതാറില്ലെന്നു തോന്നുന്നു..എസ്.എം.എസ്സുകള്‍ ധാരാളം..വല്ലപ്പോഴും ഈ-മെയിലുകളയയ്ക്കുന്നതു തന്നെ സമയമില്ലാക്കാലത്ത് ആര്‍ഭാടമാണ്...
ഓരോ കത്തും ഓരോ ചരിത്രരേഖയല്ലേ? ചിരിയും കണ്ണീരും സ്നേഹവും ഉപദേശങ്ങളും അക്ഷരങ്ങളെ ദൂതയയ്ക്കുന്നു..കാലത്തിന്റെ കഥപറച്ചിലുകാരാവാന്‍‌..പലരുടെ വിരലുകള്‍ വരഞ്ഞവ...മഷി വീണ മറുകുകളും അക്ഷരപ്പിശകിന്റെ പോറലുകളുമുള്ളവ..പകുതിയ്ക്ക് വെച്ചു വെട്ടിയ വികലാംഗരായ വാചകങ്ങളുടെ നൊമ്പരം പേറുന്നവ..അവയ്ക്ക് പകരം നില്‍ക്കാന്‍ ഡിജിറ്റല്‍ അക്ഷരമാലയ്ക്കാകുമോ?ഒരുപക്ഷേ ഇടവപ്പാതിയുടെ സംഗീതവും മൂവാണ്ടന്‍ മാങ്ങയുടെ കൊതിയ്പ്പിക്കുന്ന മണവും പിറന്നാള്‍പായസത്തിന്റെ മധുരവും അറ്റാച്ച്ഡ് ഫയലുകളായി അയയ്ക്കാവുന്ന കാലം വന്നേയ്ക്കാം..എങ്കിലും വരികള്‍ക്കിടയില്‍ തെളിയുന്ന സ്നേഹത്തിന്റെ ഭാഷ ഈ അക്ഷരങ്ങള്‍ക്കു മാത്രം സ്വന്തം....കാരണം അവയ്ക്കു കര്‍പ്പൂര ഗന്ധമാണ്..സ്നേഹത്തിനും.