Sunday, July 20, 2008

മിസ് യൂ..

ഒരുമിച്ചായിരുന്നു നമ്മളെപ്പോഴും..
വീട്ടിലും സ്കൂളിലും..പാടത്തും പറമ്പിലും..
മണലിലാദ്യക്ഷര മധുരം വരഞ്ഞപ്പോള്‍
മഴമുത്തു ചിതറിയ വഴികള്‍ കടന്നപ്പോള്‍
മതിയാകുവോളം കളിച്ചു തിമിര്‍ക്കുമ്പോള്‍
ഒരു പൊതിച്ചോറു കൊണ്ടിരുവയര്‍ നിറച്ച്
മധുരസൌഹൃദത്തിനാല്‍ വയര്‍ നിറച്ചുണ്ടു നാം..
നീട്ടിയൊരെന്‍‌ കൈയ്യില്‍ തിണര്‍ത്തു കിടന്നൊരാ
നീലിച്ച ചൂരല്‍‌പ്പാടില്‍ വിരലോടിച്ചു നീ
പേരറിയാത്ത പച്ചില മരുന്നതിന്‍
നീരെടുത്തിറ്റിച്ചു നോവു പൊറുക്കുവാന്‍
ഒരുമിച്ചായിരുന്നു നാമപ്പോഴുമന്യോന്യം..
മിഠായി മണമുള്ള വിരലുകള്‍ കോര്‍ത്തുകൊണ്ട്..
ഇന്നെന്റെ ഹോം പേജില്‍ നിന്റെ റിക്വസ്റ്റ് ഞാന്‍ കണ്ടു..
നീ ചോദിച്ചിരിയ്ക്കുന്നു..”ഓര്‍മ്മയുണ്ടോ?”
ഇല്ല..ഓര്‍മ്മയില്ല..മറന്നിരിയ്ക്കുന്നു..
മനപൂര്‍വവുമല്ലാതെയും പലതും മറന്ന കൂട്ടത്തില്‍..
നിന്നെയും ഞാന്‍ മറന്നു..
നന്മമാത്രമളക്കുന്ന ഗ്രാമവും..നാമം ചൊല്ലുമരയാലും
നരവീണൊരമ്മയും നിത്യാര്‍ദ്ര തുളസിയും..
എന്റെ ഓര്‍മ്മയുടെ ഡിസ്ക് സ്പേസ് കൈയ്യേറിയാല്‍
പിന്നെ ഞാന്‍ എവിടെ സ്റ്റോര്‍ ചെയ്യും എന്റെ കണക്കുകള്‍?
മിനിട്ടുകള്‍ ഡോളറുകളാക്കാന്‍ ഞാന്‍ കൃത്യം ഫോര്‍മാറ്റ് ചെയ്തു വെച്ചിരിയ്ക്കുന്ന
എന്റെ സോഫ്റ്റ്വെയറുകള്‍?
ഓഹരിവിപണിയിലെ കാളയ്ക്കും കരടിയ്ക്കുമൊപ്പം ചാഞ്ചാടുന്ന ഹൃദയത്തെ നിലയ്ക്കു നിര്‍ത്താന്‍
ഞാന്‍ കഴിയ്ക്കുന്ന ബി.പി.ടാബ്‌ലറ്റുകള്‍?
വേഗം..വേഗം എന്നലറുന്ന ഘടികാര സൂചികള്‍ക്കൊപ്പം കീ കൊടുത്തു വെച്ച..
അലക്കിത്തേച്ചു തേഞ്ഞ ...പല്ലിളിയ്ക്കുന്ന വാക്കുകള്‍?
അതു കൊണ്ട്..അതു കൊണ്ട് നമുക്കൊഴിവാക്കാം..
എല്ലാ ബാധ്യതകളെയും..
സ്നേഹം..സൌഹൃദം...ബന്ധങ്ങള്‍ തുടങ്ങിയ ആന്റിക് പീസുകളെയും..
എന്നിട്ട് പരസ്പരം ഫ്രണ്ട് ലിസ്റ്റുകളില്‍ അഭയം കണ്ടെത്താം..
ഒരു റിക്വസ്റ്റിന്റെ അകലത്തില്‍..
പുതിയ കാലത്തിന്റെ സൌഹൃദം തേടാം..
പക്ഷേ അതിനു നീ എന്റെ ഫാന്‍ ആവണം..
ഞാന്‍ നിനക്കു ടെസ്റ്റിമോണിയലും എഴുതാം..
റ്റില്‍ ദെന്‍...മിസ് യൂ ഡിയര്‍..
ടേക് കെയര്‍..കീപ് ഇന്‍‌ റ്റച്ച്...
..