Sunday, July 20, 2008

മിസ് യൂ..

ഒരുമിച്ചായിരുന്നു നമ്മളെപ്പോഴും..
വീട്ടിലും സ്കൂളിലും..പാടത്തും പറമ്പിലും..
മണലിലാദ്യക്ഷര മധുരം വരഞ്ഞപ്പോള്‍
മഴമുത്തു ചിതറിയ വഴികള്‍ കടന്നപ്പോള്‍
മതിയാകുവോളം കളിച്ചു തിമിര്‍ക്കുമ്പോള്‍
ഒരു പൊതിച്ചോറു കൊണ്ടിരുവയര്‍ നിറച്ച്
മധുരസൌഹൃദത്തിനാല്‍ വയര്‍ നിറച്ചുണ്ടു നാം..
നീട്ടിയൊരെന്‍‌ കൈയ്യില്‍ തിണര്‍ത്തു കിടന്നൊരാ
നീലിച്ച ചൂരല്‍‌പ്പാടില്‍ വിരലോടിച്ചു നീ
പേരറിയാത്ത പച്ചില മരുന്നതിന്‍
നീരെടുത്തിറ്റിച്ചു നോവു പൊറുക്കുവാന്‍
ഒരുമിച്ചായിരുന്നു നാമപ്പോഴുമന്യോന്യം..
മിഠായി മണമുള്ള വിരലുകള്‍ കോര്‍ത്തുകൊണ്ട്..
ഇന്നെന്റെ ഹോം പേജില്‍ നിന്റെ റിക്വസ്റ്റ് ഞാന്‍ കണ്ടു..
നീ ചോദിച്ചിരിയ്ക്കുന്നു..”ഓര്‍മ്മയുണ്ടോ?”
ഇല്ല..ഓര്‍മ്മയില്ല..മറന്നിരിയ്ക്കുന്നു..
മനപൂര്‍വവുമല്ലാതെയും പലതും മറന്ന കൂട്ടത്തില്‍..
നിന്നെയും ഞാന്‍ മറന്നു..
നന്മമാത്രമളക്കുന്ന ഗ്രാമവും..നാമം ചൊല്ലുമരയാലും
നരവീണൊരമ്മയും നിത്യാര്‍ദ്ര തുളസിയും..
എന്റെ ഓര്‍മ്മയുടെ ഡിസ്ക് സ്പേസ് കൈയ്യേറിയാല്‍
പിന്നെ ഞാന്‍ എവിടെ സ്റ്റോര്‍ ചെയ്യും എന്റെ കണക്കുകള്‍?
മിനിട്ടുകള്‍ ഡോളറുകളാക്കാന്‍ ഞാന്‍ കൃത്യം ഫോര്‍മാറ്റ് ചെയ്തു വെച്ചിരിയ്ക്കുന്ന
എന്റെ സോഫ്റ്റ്വെയറുകള്‍?
ഓഹരിവിപണിയിലെ കാളയ്ക്കും കരടിയ്ക്കുമൊപ്പം ചാഞ്ചാടുന്ന ഹൃദയത്തെ നിലയ്ക്കു നിര്‍ത്താന്‍
ഞാന്‍ കഴിയ്ക്കുന്ന ബി.പി.ടാബ്‌ലറ്റുകള്‍?
വേഗം..വേഗം എന്നലറുന്ന ഘടികാര സൂചികള്‍ക്കൊപ്പം കീ കൊടുത്തു വെച്ച..
അലക്കിത്തേച്ചു തേഞ്ഞ ...പല്ലിളിയ്ക്കുന്ന വാക്കുകള്‍?
അതു കൊണ്ട്..അതു കൊണ്ട് നമുക്കൊഴിവാക്കാം..
എല്ലാ ബാധ്യതകളെയും..
സ്നേഹം..സൌഹൃദം...ബന്ധങ്ങള്‍ തുടങ്ങിയ ആന്റിക് പീസുകളെയും..
എന്നിട്ട് പരസ്പരം ഫ്രണ്ട് ലിസ്റ്റുകളില്‍ അഭയം കണ്ടെത്താം..
ഒരു റിക്വസ്റ്റിന്റെ അകലത്തില്‍..
പുതിയ കാലത്തിന്റെ സൌഹൃദം തേടാം..
പക്ഷേ അതിനു നീ എന്റെ ഫാന്‍ ആവണം..
ഞാന്‍ നിനക്കു ടെസ്റ്റിമോണിയലും എഴുതാം..
റ്റില്‍ ദെന്‍...മിസ് യൂ ഡിയര്‍..
ടേക് കെയര്‍..കീപ് ഇന്‍‌ റ്റച്ച്...
..

Thursday, April 17, 2008

എന്റെ വിഷു

പൊന്നുരുക്കിയൊഴിയ്ക്കുന്നുണ്ടംബരം
കര്‍ണ്ണികാരങ്ങള്‍ക്കു കമ്മല്‍ പണിയുവാന്‍.
നെല്ലറകള്‍ നിറയുന്നു വേനലിന്‍
വന്‍ വറുതിക്കാലമാണെങ്കിലും..
മാമലനാടിന്നന്‍പെഴും മടിത്തട്ടില്‍
സായന്തനങ്ങളൊരുക്കും വിഷുക്കണി.
മാങ്ങയുമുണ്ടാം കണിവെള്ളരി,കൊന്നപ്പൂവും
മാധവരൂപം,മായാത്ത സമൃദ്ധിയും..
മാനസേ തെളിയുന്നുണ്ടാമനോഹര ദൃശ്യം
മായികസുന്ദരമൊരു സ്വപ്നം പോലവേ!
നാടതങ്ങകലെയാണേറെ വഴിയ്ക്കപ്പുറം,
പോകുവാന്‍ പഴുതില്ല ഹൃത്തടം പിടച്ചാലും!

എഴുത്തുമേശമേലിരിപ്പൂ രാമാ‍യണം,
അതിന്റെയൊന്നാം താളില്‍ പതിച്ച ദേവീരൂപം
എടുത്തു കണ്ണോടു ചേര്‍ക്കും,പ്രാര്‍ത്ഥിയ്ക്കും,
അടുത്തകൊല്ലവും നന്മകള്‍,അതാണെന്‍ വിഷു.

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും,
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും..

ഞായറാണിന്ന്,ഞാനുറങ്ങട്ടെയെന്നായ്
ആയിരമാലസ്യത്തില്‍ പുതപ്പുകള്‍ നെയ്യവേ,
ജാലകത്തിങ്കല്‍ കേട്ടൂ പരിചിതമേതോ സ്വരം,
വാലു കുലുക്കിച്ചിരിയ്ക്കും വിഷുക്കിളി!


പൊരിയുന്ന വേനലില്‍ തണല്‍ തേടി വന്നതോ?
പരദേശിയ്ക്കൊരു വിഷുക്കണി കൊണ്ടുവന്നതോ?
ഒരുപാടു സ്നേഹത്തിന്‍ പായസപ്പങ്കുമായ്
അരുമയായെന്നമ്മ ചൊല്ലിയയച്ചതോ?
അറിയില്ല,എങ്ങനെ ,എന്തിനെന്നെങ്കിലും,
ചിരപരിചിത,എന്റെ പ്രിയ കളിത്തോഴി നീ.

മഴവില്ലു പോലുള്ള പട്ടിളം പീലിയും
നറുതേന്‍ ചൊരിയുന്ന കളകള നാദവും
ഉടലാകെയായിരം പൂമ്പൊടിക്കൂട്ടുമായ്
വരമായി വന്നു നീയീവഴിയോമലേ
പഴയൊരീ പരിചയം കണ്ടു പുതുക്കുവാന്‍


കണിയായി നിറയട്ടെ നീയെന്നുമെന്‍‌മുന്നില്‍,
ശ്രുതി ചേര്‍ന്നു നില്‍ക്കട്ടെ നീയെന്റെയാത്മാവില്‍,
തെളിവും നിറവും പരത്തിനിന്നീടുമാ
നിലവിളക്കിന്റെ തിരിനാളം പോലവേ!

Sunday, April 6, 2008

വലുതാവാതിരുന്നെങ്കില്‍..!

കുഞ്ഞിക്കാലാദ്യമായ് പിച്ച വെച്ചതു മുതല്‍
എന്തു കൊതിച്ചിരുന്നെന്നോ വലുതാവാന്‍!
ആരുമറിയാതമ്മ തന്‍ സാരി ചുറ്റി
ആശിച്ചിരുന്നു‘ ഒരിയ്ക്കലമ്മയെപ്പോലെ ഞാനും..’
കുഞ്ഞു വാമൊഴികളില്‍ വല്യ വര്‍ത്താനങ്ങള്‍
കുഞ്ഞാവയോടു കിന്നാരം വല്യേച്ചി മട്ടിലും..
കണ്ടുകൊതിച്ചിരുന്നന്നൊക്കെയേറെ ഞാന്‍
കുറ്റങ്ങളറ്റതാം വല്യോരുടെ ലോകം!
എന്തു സുഖമാണു വലുതായാല്‍,,
പതിവായ് നനയാം പുതുമഴ,ശാസിയ്ക്കില്ലാരും.
പാലുകുടിയ്ക്കേണ്ട,സ്കൂളിലും പോകണ്ട.
പേടിയ്ക്കണ്ട ഹനുമാന്‍ പണ്ടാരത്തെയും
പാട്ടുകാരിക്കിളിക്കൂട്ടത്തിനൊപ്പമായ്
പാറിപ്പറന്നു കളിച്ചു നടക്കൊലാം!
എന്നൊക്കെയായിരമാകാശക്കോട്ടകള്‍
എന്തെന്തു മിന്നുന്ന മഞ്ചാടിക്കനവുകള്‍..
മൊട്ടിന്റെയുള്ളിലൊളിച്ച വസന്തങ്ങള്‍
പെട്ടെന്നൊരു ദിനം കണ്മിഴിയ്ക്കുമ്പോലെ
ഇത്തിരിക്കുഞ്ഞനാം പട്ടുനൂല്‍പ്പുഴുക്കുട്ടന്‍
ഉച്ചമയക്കത്തിന്നൊടുവിലെഴുന്നേല്‍ക്കുമ്പോള്‍
പട്ടിളം ചിറകുകള്‍ വീശിപ്പറക്കുന്ന
കൊച്ചുപൂമ്പാറ്റയായ് മാറുന്നതു പോലെ
പെട്ടെന്നു പിന്നിലായ് വന്നെത്തിയെന്‍ കണ്ണു
പൊത്തിക്കളിപറഞ്ഞീടുന്ന പോലവേ..
‘വന്നൂ ഞാന്‍ നോക്കൂ’,വെന്നോതിച്ചിരിയോടെ
വന്നുവെന്‍ കൌമാരമെന്നില്‍ ,ഞാനറിയാതെ

മിഴികളറിയുകയായ് പുതിയ തിളക്കങ്ങള്‍!
വരവായ് വര്‍ണ്ണങ്ങള്‍ ചാലിച്ച കനവുകള്‍
വലുതാവുകയായീ കൊച്ചു കാന്താരി!

വഴിക്കണ്ണുമായേറെ മോഹിച്ചു നേടിയ
‘വലുതായ്മ’ തന്‍ നിയമങ്ങള്‍ വിചിത്രങ്ങള്‍!
വരികയായ് വിലക്കുകള്‍,തടക,ളുപദേശങ്ങള്‍
വലുതായതിനിത്ര ബഹളങ്ങള്‍ വേണമോ?

ഉറക്കെയിമ്മട്ടില്‍ ചിരിയ്ക്കയോ;
അടയ്ക്കു വായിതെന്നുറച്ച നോട്ടങ്ങള്‍,
പുറത്തിറങ്ങയോ തുണയ്ക്കാരുമില്ലാതെ;
അടക്കം വേണ്ടയോ;മുതിര്‍ന്ന പെണ്ണല്ലയോ?
കുറയ്ക്കയാവാം കുറുമ്പും കൊഞ്ചലുമല്പം,
നിറുത്താ‍മിനി മരംകേറ്റവും മഴനനയലും!
ഒരൊറ്റഞെട്ടിലെപ്പൂക്കളെപ്പോലെന്നും
ചിരിച്ചു നിന്നവര്‍ ,കളിത്തോഴരെങ്കിലും
നിനക്കിനിയവരന്യരാമാണ്‍കുട്ടികള്‍
കളിച്ചു നടക്കുവാന്‍ പ്രായവുമേറിപ്പോയ്
കൊതിച്ചതിതിനോ ഞാനേറെനാള്‍ നോമ്പു നോറ്റി-
രുന്നു നേടിയൊരാ ലോകം വിലക്കുകളുടേതെന്നോ?
തിരിച്ചു തരുമോ മാനം കാട്ടാതെ
എടുത്തു വെച്ചൊരെന്‍ മയില്‍പ്പീലിയുമാ വളപ്പൊട്ടും?
തിരിച്ചു തരുമോ നനുത്ത ബാല്യത്തിന്‍ തണുപ്പുമിളം തെന്നല്‍
കണക്കെത്താളം ചേരുമമ്മ തന്‍ താരാട്ടും?
ഇല്ല,വരില്ല തിരിച്ചിനിയവയൊന്നും..
ഇങ്ങിനി വരില്ലാ മഴയും കിളിപ്പാട്ടും
പുലരികള്‍ക്കിനിയില്ല പൈമ്പാല്‍ മധുരം
നിനവുകള്‍ക്കിനിയില്ല മഞ്ചാടിച്ചന്തം!
തിരിച്ചിനിവരില്ലവയൊന്നുമെങ്കിലും
ചിണുങ്ങിക്കൊഞ്ചുന്നുണ്ടുള്ളിലെവിടെയോ
അടക്കമില്ലാ‍ത്ത പഴയ കാന്താരി “വലുതാവാതിരുന്നെങ്കില്‍!“
.

Friday, March 28, 2008

ഒരു നൊസ്റ്റാള്‍ജിക് സ്വപ്നം

ഒരു മൂളിപ്പാട്ടുമായിളം കൈകള്‍ കോര്‍ത്ത്
കലപിലയോതി നാം നടന്നൊരാവഴികളിന്നുമുണ്ടോ??
ഇന്നുമുണ്ടോ വയല്‍ക്കിളികളും കുസൃതിക്കാറ്റും..
‘നന്നായേ വരൂ’വെന്ന് നമുക്കായ് നേരുന്നൊരാ
അമ്പലമണികള്‍ തന്‍ മന്ദ്രസംഗീതവും...
കാത്തിരിയ്ക്കുന്നുവോ നാമം ചൊല്ലിക്കൊണ്ടിന്നും
അപ്പൂപ്പനരയാലും പേരറിയാത്ത സുന്ദരിക്കിളികളും..
വിടരാറുണ്ടോയിന്നും..പേരറിയാക്കാട്ടുപൂക്കളാ
യിരമാവഴിവക്കില്‍??
നിത്യാര്‍ദ്രയാ തുളസിയിന്നുമുരുവിടാറുണ്ടോ വരിതെറ്റാതെ സന്ധ്യാനാമം?
കറുകത്തുമ്പിലിപ്പൊഴും കണ്ണാടി തീര്‍ക്കാറുണ്ടോ മഴത്തുള്ളികള്‍..
നിന്‍ കണ്‍കളിലിന്നുമുണ്ടോ...കണ്ണീരോ കുസൃതിയോ എന്നറിയാത്തൊരാ-
ത്തിളക്കവും...എനിയ്ക്കു മാത്രം വായിക്കുവാന്‍
മൌനത്തിന്‍ ഭാഷയിലെഴുതിയ വാചാലതയും?
ചുണ്ടിലിന്നും ബാക്കിയോ പണ്ടു നാമെതിരു
പാടിയൊരാ കുയില്‍‌പ്പാട്ടിന്നീണങ്ങള്‍? .
അലറിക്കുതിച്ചെന്നെയുംകൊണ്ടീ തീവണ്ടിയകലുമ്പോള്‍..
ജനാലയ്ക്കലെ മഴത്തുള്ളികളോടിഴചേര്‍ന്ന കണ്ണീര്‍ത്തുള്ളികളോര്‍പ്പിയ്ക്കുന്നു..
ചവിട്ടിയകന്ന പാതകള്‍ക്കപ്പുറം..കയറിപ്പോയ പടവുകള്‍ക്കു താഴെ..
ഓര്‍മ്മകള്‍ സുഗന്ധം തട്ടിത്തൂവിയ ഇടനാഴികളിലെവിടെയോ നീയുണ്ട്..
വാകമരങ്ങള്‍ തണല്‍ വിരിച്ച വഴികളിലെവിടെയോ..
നാമൊരുമിച്ചു കണ്ടൊരാ നൊസ്റ്റാള്‍ജിക് സ്വപ്നവും...

Wednesday, March 19, 2008

മന:പൂര്‍വ്വം മറന്നവ...

കാന്‍സര്‍ വാര്‍ഡിലെ ഓരോരുത്തരോടും കുശലം പറഞ്ഞും ചിരിച്ചും റൌണ്ട്സ് അവസാനിച്ചപ്പോള്‍ മനസ്സോര്‍മ്മിപ്പിച്ചു.. പല കിടക്കകളുമൊഴിയാറായിരിക്കുന്നു.. മറവി മൂടി, തിരിച്ചറിവിനെ പുഞ്ചിരികൊണ്ടു പൊതിഞ്ഞു മനുഷ്യനു നല്‍കിയ ദൈവം മഹാന്‍!! ആശയറ്റ മുഖങ്ങളിലേക്കുറ്റു നോക്കി "എല്ലാം ശരിയാവും" എന്ന നിരര്‍ത്ഥകമായ പതിവു പല്ലവി.... അറിയാതെ നെഞ്ചില്‍ കൈ വെച്ചു പോയി.. സ്റ്റെത്തിലൂടെ മിടിക്കുന്ന ജീവന്റെ താളം ഒപ്പാനല്ലാതെ.. ഈ സ്പര്‍ശം പോലും അപൂര്‍വതയാകുന്നുവോ?.. പ്രാര്‍ത്ഥനയില്‍ ആ മുഖങ്ങളോരോന്നും കടന്നു വരുന്നു.. തന്നിലൂടെ ദൈവകാരുണ്യം തേടുന്നവര്‍. ഇതാ ചിലയ്ക്കുന്നു അവന്‍.. ഗ്ലോബലൈസേഷന്റെ സന്താനം.. ഇപ്പൊ അവന്‍ മൂളുന്നത് ഒരു താരാട്ട് പാട്ടിന്റെ ഈണമാണ്.. ചെവിയോട് ചേരുമ്പോ സ്കൂള്‍ വിട്ട് വന്നു അമ്മയെ കാണാന്‍ ചിണുങ്ങുന്ന ഒരഞ്ചുവയസ്സുകാരിയുടെ കൊഞ്ചല്‍.. വേഗം വാ അമ്മേ... ഇല്ലാ ദാ ഇറങ്ങുമ്പോഴേക്കും വന്നല്ലോ "ഡോക്ടര്‍.. ഒരാളു കൂടി.." ലുക്കീമിയ കാര്‍ന്നു തിന്നുന്ന.. ചെറുതിലേ വാര്‍ദ്ധക്യം ബാധിച്ച ഒരു മുഖം.. അല്ലെങ്കില്‍ ചെറുപ്പത്തിന്റെ ആഘോഷങ്ങള്‍ സമ്മാനിച്ച ഓറല്‍ കാന്‍സര്‍.. അതുമല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു കുടുംബത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു പൂതലിച്ച ശരീരത്തിനെ വിഴുങ്ങന്‍ വെമ്പുന്ന ശ്വാസകോശാര്‍ബുദം.. പക്ഷേ മുന്നിലെത്തിയ മുഖം വ്യത്യസ്തമായിരുന്നു.. ‌രോഗം തളര്‍ത്തിയതെങ്കിലും ആ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യംതുളുമ്പിയിരുന്നു.. തലച്ചോറില്‍ നിയന്ത്രണമില്ലാതെ പെരുകുന്ന ഒരു പിടി കോശങ്ങള്‍ക്ക് വൈദ്യശാസ്ത്രം നല്‍കിയ വലിയ നിര്‍വചനങ്ങളുംപേറി വന്നതാണവര്‍.. ഈ മുഖം.. ഈ അറിവു തിളങ്ങുന്ന കണ്ണുകള്‍ ഇവയൊക്കെ മനസ്സിനെ ഒരുപാട് പുറകിലേയ്ക്ക് വലിക്കുന്നല്ലോ.. പഴയ പള്ളിക്കൂടമുറ്റത്തെ ആ പത്താം ക്ലാസുകാരിയിലേയ്ക്ക്.. ക്ലാസില്‍ മുഴങ്ങുന്ന ആ പ്രൌഢസ്വരം.. ടീച്ചറിന്റെ തീക്ഷ്ണമായ ആ നോട്ടം.. ആ നോട്ടം പുറപ്പെട്ടിരുന്ന അതേകണ്ണുകളല്ലേയിത്? പിന്നിടു ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പൊ മനസ്സിലെ ആ പിന്നിടു ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പൊ മനസ്സിലെ ആ വിഗ്രഹംമിനുക്കാന്‍ മറന്നത് യാദൃശ്ചികം മാത്രമോ? ഇല്ല.. ഒന്നും ഓര്‍‌ക്കാന്‍ സമയമില്ല.. അവന്‍ വീണ്ടും ചിലച്ചു തുടങ്ങിയിരിക്കുന്നു.. ഗ്ളോബലൈസേഷന്റെ സന്താനം.. ഉത്തരവാദിത്തങ്ങള്‍ യാന്ത്രികമായി റേഡിയേഷന്‍ തീയതി കുറിച്ചു നല്‍കുമ്പോ ശ്രമിച്ചു ആ കണ്ണു കളില്‍ നിന്നു രക്ഷപ്പെടാന്‍.. മനസ്സിലെവിടെയോ വിതുമ്പുന്ന ഒരു പതിനഞ്ചുകാരിയെ ശാസിച്ചൊതുക്കി..

Saturday, March 15, 2008

ആദ്യാനുരാഗം

കാലം..(അയ്യടാ...ഇനി അതിട്ടിട്ടു വേണം എന്റെ പ്രായം കണക്കുകൂട്ടാന്‍!!!)ഞാനും സ്റ്റെതസ്കോപ്പും സ്വപ്നങ്ങളില്‍ കള്ളനും പോലീസും കളിയ്ക്കുന്ന കാലം.”എവിടെച്ചെന്നൊളിച്ചാലും നീ എന്റെ കയ്യീന്നു രക്ഷപ്പെടൂലാ..”എന്ന് സി.ഐ.ഡി നസീര്‍ മോഡലില്‍ ഞാനും..“ഓ പിന്നേ.എന്നാ ഒന്നു പിടിച്ചേ..കാണട്ടെ“..എന്നവനും.എനിയ്ക്കൊഴികെ ബാക്കി വീട്ടുകാര്‍ക്കെല്ലാം എന്റെ കഴിവില്‍ അപാരമായ വിശ്വാസമുണ്ടായിരുന്നതിനാലാവാം...”ഇതിനെ പഠിയ്ക്കാന്‍ വിട്ട നേരത്തിന് നാലു തെങ്ങു വെച്ചാ മതിയായിരുന്നു ഭഗവാനേ”എന്നിങ്ങനെ ഇടയ്ക്കിടെ അമ്മ പശ്ചാത്തപിച്ചിരുന്ന കാലം..രാവിലെ കൃത്യം നാലു മണിയ്ക്ക് കിര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്..എന്ന കര്‍ണ്ണാനന്ദകരമായ നാദത്തില്‍ അലാറം അടിയ്ക്കും...പതിവു പോലെ അത് എന്റെ ചെവിയുടേ കീഴില്‍ കറക്റ്റ് ആയി കൊണ്ട് വെച്ചിട്ട് “ഞാനൊന്നുമറിഞ്ഞില്ലേ”പോസില്‍ കിടന്നുറങ്ങുന്ന സഹോദരനിട്ട് ഒരു തൊഴിയും കൊടുത്ത് അലാറം ഓഫ് ചെയ്ത് ഞാന്‍ തിരിഞ്ഞു കിടന്നുറങ്ങും..അല്ലേലും ഒരു പണിയെടുക്കുമ്പോ ഡിസ്റ്റര്‍ബ് ചെയ്യരുതെന്നു ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ..സ്വപ്നത്തില്‍ പോസ് ചെയ്തു നിര്‍ത്തിയ മീരാജാസ്മിനും കുഞ്ചാക്കോബോബനുമായിട്ടുള്ള പാട്ടു സീനില്‍ മീരയുടെ സ്ഥാനത്ത് എന്നെ കട്ട് പേസ്റ്റ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്തതേയുള്ളൂ.“നേരം എത്രായീന്നറിയാമോ...പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ?എഴുന്നേറ്റിരുന്നു നാലക്ഷരം വായിയ്ക്കെടീ!!!“പിന്നേ..നേരം എത്രായീന്നു എനിയ്ക്ക് കൃത്യമായിട്ടറിയാം...നാലു മണി കഴിഞ്ഞ് കൃത്യം പത്തു മിനുട്ട്..അമ്മ കൊച്ചു വെളുപ്പാന്‍ കാലത്തെ സമയം അറിയാനിറങ്ങിയതാ?”ദാറ്റ് ഡിഡ് ഇറ്റ്!!! അയ്യപ്പബൈജുവിനെ മനസ്സില്‍ ധ്യാനിച്ചു പറഞ്ഞ ആ വാചകം ഏറ്റു...അമ്മേടെ വക സാമാന്യം തരക്കേടില്ലാത്ത ഒരു വീക്ക് എന്റെ നടും‌പുറത്ത്!!(ഹോ..ഈ അടി വരുന്ന വഴിയേ!!)ഇനീം വേണോ എന്ന് വളരെ ഉദാരമനസ്കയായി അമ്മ..വേണ്ട..എന്നു ഞാന്‍.വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ അറിയണമല്ലോ!!!സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നു പറഞ്ഞ സത്യന്‍ അന്തിക്കാടിനെ ഓര്‍ത്തു കൊണ്ട് അന്നത്തെ പ്രഭാത പരിപാടികള്‍ക്ക് തിരശീല വീണു...
അങ്ങനെ ജീവിതം വളരെ സമാധാനപരമായി മുന്നോട്ട് പോകുന്ന ആ കാലഘട്ടം.അങ്ങനെ ഇരിയ്ക്കുമ്പോഴാണു ഞാനൊരു പുതിയ കണ്ടുപിടിത്തം നടത്തിയത്..സംഭവം വേറൊന്നുമല്ല..സ്കൂളിലും ട്യൂഷന്‍ ക്ലാസ്സിലും വരുന്ന പലര്‍ക്കും ടൂവീലര്‍ ഉണ്ട്.”നീ നില്ല് ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് വരാം..,വണ്ടിയ്ക്ക് പെട്രോള്‍ അടിയ്ക്കണം,വണ്ടി സര്‍വീസിംഗിനു കൊടുക്കണം..”എന്നിങ്ങനെ അതുങ്ങടെ വായീന്നു വീഴുന്നതു മുഴുവന്‍ ശകടപുരാണം..കേട്ടു കേട്ട് എനിയ്ക്ക് ഡെസ്പടിച്ചു..ഡെസ്പെന്നു പറഞ്ഞാല്‍ വന്‍ ഡെസ്പ്...നല്ല് മുട്ടന്‍ ഡെസ്പ്..എനിയ്ക്കും വേണം വണ്ടി..എനിയ്ക്കിപ്പം വേണം വണ്ടി..ടൂവീലറ് എനിയ്ക്കിപ്പം വേണം...എന്നു ഞാന്‍ ഊണിലും ഉറക്കത്തിലും അമ്മയുടെ ചെവി തിന്നാന്‍ തുടങ്ങി..പ്രതീക്ഷിച്ച പോലെ ആദ്യ റെസ്പോണ്‍സ് കൈ കൊണ്ടായിരുന്നില്ല..നാക്കായിരുന്നു ഫസ്റ്റ് ലൈന്‍ ഓഫ് ഡിഫന്‍സ്..”വണ്ടിയല്ല..എന്റെ കയ്യീന്നു നീ വേറെ വല്ലോം മേടിയ്ക്കും..”എന്നു ഭീഷണിപ്പെടുത്തി മാ‍താശ്രീ എന്റെ നിവേദനം നിഷ്കരുണം നിരാകരിച്ചു.കീഴ്ക്കോടതി നിരാകരിച്ച അപ്പീലും കൊണ്ട് ഞാന്‍ ഹൈക്കമാന്‍ഡിന്റെ അടുത്തെത്തു..”അച്ഛാ..നമുക്കൊരു ടൂവീലര്‍ മേടിയ്ക്കാം..അതാവുമ്പൊ എല്ലാത്തിനും എന്തു സൌകര്യമാ...അത്യാവശ്യത്തിനു കടയില്‍ പോകാം..നമ്മള്‍ ഒന്നോ രണ്ടോ പേര്‍ക്കു വേണ്ടി കാറെടുക്കണ്ട..അല്ലേലും പെട്രോളിനൊക്കെ എന്തോ വിലയാ.(ഉവ്വ..സ്കൂട്ടര്‍ പിന്നെ പച്ചവെള്ളമൊഴിച്ചാണല്ലോ ഓടുന്നെ!)പിന്നെ എനിയ്ക്ക് സ്കൂളിലും ട്യൂഷനും ഒക്കെ പോകാനും എളുപ്പമായി.അല്ല..ഞാന്‍ നടന്നു പൊക്കോളാം..എന്നാലും ചെറിയ ദൂരത്തിനൊക്കെ കാറ് എടുക്കുന്ന ചെലവോര്‍ക്കുമ്പോ..”അങ്ങനെ അഭിനവ ചെലവു ചുരുക്കല്‍ ബഡ്ജറ്റ് അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ച് അന്ത്യവിധിയ്ക്കായി ഞാന്‍ കാത്തു നിന്നു..പിതൃവദനേ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..അവസാനത്തെ ഡയലോഗ് നല്‍കിയ ഷോക്കില്‍ നിന്ന് വിട്ടു മാറിയിട്ടില്ല എന്നു വ്യക്തം..റിക്കവറി റ്റൈം അനുവദിച്ചു കൊണ്ട് ഞാന്‍ വെയിറ്റ് ചെയ്തു.. അധികം വൈകാതെ വിധി വന്നു..”ശരിയാ..ഇന്നത്തെ കാലത്ത് ഒരു സ്കൂട്ടര്‍ ഒരാവശ്യമാ..പിന്നെ നിനക്ക് ബസ്സു കാത്തു നിന്ന് സമയം വെയിസ്റ്റാക്കണ്ടല്ലോ..അത്രേം നേരം കൂടെ എന്തെങ്കിലും വായിയ്ക്കാമല്ലോ!.”തൂക്കിക്കൊല്ലാന്‍ വിധിയ്ക്കപ്പെട്ടവനു ദയാഹര്‍ജി അനുവദിച്ച പോലെ ഞാന്‍ സന്തോഷം കൊണ്ട് അന്തം വിട്ട് തുള്ളിച്ചാടി..അച്ഛന്റെ ശരീരഭാരം 80 കിലോയും എന്റേത് 40 കിലോയും ആയതു കാരണവും...ഫെയര്‍ ആന്റ് ലവ്‌ലിയുടെ പരസ്യത്തില്‍ ഭൂമികാ ചൌളയ്ക്ക് ശേഷം വരുത്താന്‍ ഫോര്‍മാറ്റ് ചെയ്തു കൊണ്ടിരിയ്ക്കുന്ന ഈ മുഖം “ചതഞ്ഞു മരിച്ചു”എന്ന തലക്കെട്ടോടെ പത്രത്തില്‍ വരുന്നതില്‍ താത്പര്യമില്ലാത്തതു കൊണ്ടും മാത്രം ഞാന്‍ അച്ഛനെ പൊക്കിയെടുത്ത് തുള്ളിച്ചാടുക എന്ന ഉദ്യമത്തില്‍ നിന്നു പിന്തിരിഞ്ഞു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു..ആവേശോജ്ജ്വലമാ‍യ സ്വീകരണങ്ങളേറ്റു വാങ്ങിക്കൊണ്ട് സ്കൂട്ടിപെപ്പൊരെണ്ണം വീടിന്റെ മുറ്റത്ത് വന്നിറങ്ങി..ഗ്രഹണി പിടിച്ച പിള്ളേര്‍സ് ചക്ക കീ സബ്ജി കണ്ടതു പോലത്തെ പോസില്‍ അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ അതിനു ചുവട്ടില്‍ കുത്തിയിരുന്നു...
എന്നാല്‍ ജീവിതം ഒരു പൂമെത്തയല്ല..എന്നു പണ്ടാരോ പറഞ്ഞത് എത്ര ശരി..
സ്വപ്നത്തില് സ്കൂട്ടിയോടിയ്ക്കാന്‍ ലൈസന്‍സ് വേണ്ട...ഡ്രൈവിംഗ് അറിയണ്ട..എന്തിനു ബോധം പോലും വേണ്ട...പക്ഷേ സ്വപ്നങ്ങളിലെ ഡ്രൈവിംഗ് അല്ലല്ലോ അനുഭവങ്ങളിലെ ഡ്രൈവിംഗ്..അവിടെ ലൈസന്‍സ് വേണം..ലേണേര്‍സ് വേണം...ഓരോരോ വൃത്തികെട്ട നിയമങ്ങളേ!!!ഇന്‍ഡ്യന്‍ മോട്ടോര്‍ വാഹന ആക്റ്റ് കാലോചിതമായി പുനരാവിഷ്കരിയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എന്റെ തല പുകഞ്ഞു തുടങ്ങി..അങ്ങനെ വാക്വം സ്പേസിലും പുകയുണ്ടാക്കാം എന്ന മഹനീയമായ കണ്ടുപിടിത്തം ശാസ്ത്രലോകത്തിനു സംഭാവന ചെയ്തു..
അപ്പോ പറഞ്ഞു വന്നത്..എന്റെ ഡ്രൈവിംഗ് പതനം..അല്ല, പഠനം.അത്തരം ഒരു വന്‍‌ റിസ്ക് ഏറ്റെടുക്കാന്‍ തക്ക ഇന്‍ഷുറന്‍സ് കൊടുക്കാന്‍ നിലവിലൊരു കമ്പനിയും തയ്യാറില്ലാത്തതു കൊണ്ടാണോ അതോ തിരുവനന്തപുരം സിറ്റിയില്‍ ഡ്രൈവിംഗ് ഉപജീവനമാര്‍ഗമാക്കി ജീവിയ്ക്കുന്ന സഹോദരങ്ങളുടെ വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണോ എന്നറിയില്ല..ഏതായാലും ആ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല..വീണ്ടും നീണ്ട കാത്തിരിപ്പ്.....
പക്ഷേ ഭഗവതി എന്നെ അങ്ങനെ കാത്തിരുത്താന്‍ തയ്യാറില്ലായിരുന്നു...എന്റെ അമ്മാവന്റെ പുത്രന്‍ ഒരു ചേട്ടനുണ്ട്..മരംകയറ്റം,കട്ടുതീറ്റ,മതിലുചാട്ടം,കുളം കലക്കല്‍,ചീട്ടുകളി എന്നിത്യാദി സുകുമാരകലകളില്‍ പി എച് ഡി എടുത്ത ചേട്ടനെയും ബിരുദാനന്തര ബിരുദമെടുത്തു അദ്ദേഹത്തിന്റെ കീഴില്‍ റിസര്‍ച്ച് ചെയ്യുന്ന എന്നെയും വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നത് “ബോബനും മോളിയും” എന്നായിരുന്നു..അങ്ങനെ പെങ്ങളെ ഡ്രൈവിംഗ് പഠിപ്പിയ്ക്കാന്‍ ആരോമല്‍ ചേകവരെ പോലെ അരയും തലയും മുറുക്കി അദ്ദേഹം ചാടി വീണു..!!!(വിനാശകാലേ വിപരീതബുദ്ധി!)
തിരുവനന്തപുരം സിറ്റിയിലെ റോഡുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഡ്രൈവിംഗ് മഹാമഹത്തിനു കൊടി കയറി..കവടിയാര്‍,ശാസ്തമംഗലം ഭാഗത്തെ റോഡുകളില്‍ ഞാന്‍ അശ്വതി,ഭരണി,കാര്‍ത്തിക തുടങ്ങിയ 27 നക്ഷത്രങ്ങളും സ്കൂട്ടി കൊണ്ട് വരച്ചു കളിയ്ക്കുമ്പോള്‍ പുറകിലിരുന്ന ചേട്ടന്‍ ആ‍ നക്ഷത്രങ്ങളെണ്ണുകയായിരുന്നു!
രണ്ടാഴ്ചത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം “ഒരു അധ്യാപകന്റെ അപേക്ഷയാണ്..”എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗോടെ എന്റെ ഡ്രൈവിംഗ് പഠനം ഉപസംഹരിയ്ക്കപ്പെട്ടു.
പക്ഷേ അങ്ങനെ വിട്ടു കൊടുത്താലൊക്കുമോ..ഒന്നുമില്ലേലും ഞാനും ഉണ്ണിയാര്‍ച്ചയുമൊക്കെ ഒരു വര്‍ഗമല്ലേ..എന്നൊക്കെ വിചാരിച്ച്..വണ്‍ ഫൈന്‍ മോര്‍ണിംഗ്..സുന്ദരമായ ഒരു ഞായറാഴ്ച പ്രഭാതം...പതിവില്ലാതെ കുളിച്ച് കുറിയടിച്ച എന്നെ കണ്ട് ഞെട്ടിയ മമ മാതാ ഉവാച:“നീ ഇതെന്തിനുള്ള പുറപ്പാടാ?”
കോണ്‍ഫിഡന്‍സോമീറ്റര്‍ നൂറേ നൂറ്റിപ്പത്ത്..നൂറേ നൂറ്റിപ്പത്തില്‍ പറന്നു കൊണ്ടിരിക്കുന്ന ഞാനുണ്ടോ അതു വല്ലതും ചെവിക്കൊള്ളുന്നു?നേരെ ചെന്ന് ഒരു മൂലയക്ക് സ്വൈര്യമായിട്ടിരുന്ന സ്കൂട്ടിയെ തട്ടിയുണര്‍ത്തി..‘ഇപ്പോ വരാമേ’ എന്ന് അമ്മയോട് പറഞ്ഞ് ‘സ്റ്റാര്‍ട്ട് ആക്കല്‍’ സ്റ്റാര്‍ട്ട് ചെയ്തു..കുറേ ചവിട്ടിനും തൊഴിയ്ക്കും ശേഷം സ്റ്റാര്‍ട്ടായപ്പോള്‍ അമ്മയുടെ കമന്റ്..”ഇതിന്റെ ഒരു കുറവുണ്ടിവിടെ എല്ലാര്‍ക്കും”‘പിന്നേ..എനിയ്ക്കറിയാത്ത പോലെ..എന്നെ തല്ലണ്ടാ..ഞാന്‍ നന്നാവൂലാന്നു പണ്ടേ എഴുതി സര്‍ട്ടിഫൈ ചെയ്തു തന്നിട്ടുള്ളതല്ലേ?പിന്നെന്തിനാ വെറുതേ പ്രയോജനമില്ലാതെ എനര്‍ജി വേസ്റ്റ് ചെയ്യുന്നേ പ്രിയ മാതാവേ?”എന്ന് അര്‍ത്ഥം വരുന്ന ഒരു ചിരിയും ചിരിച്ച് സ്കൂട്ടിപ്പുറത്ത് ചാടിക്കേറി..പോകുന്ന പോക്കില്‍ അമ്മയുടെ “എന്‍‌ മകളാശു നടക്കുന്ന നേരത്തും തന്‍ ശകടത്തിന്മേലേറുന്ന നേരത്തും..സമ്മോദമാര്‍ന്നു രക്ഷിച്ചീടുക നിങ്ങള്‍”എന്നു എഡിറ്റ് ചെയ്ത് ചൊല്ലിയ ദേവീസ്തുതി എനിയ്ക്കിട്ടൊരു താങ്ങാണെന്നു പോലും ആ നേരത്ത് കത്തിയില്ല.അത്രയ്ക്കായിരുന്നു ക്ലോസപ്പ് ആത്മവിശ്വാ‍സം!
അങ്ങനെ എങ്ങനെയൊക്കെയോ സ്റ്റാര്‍ട്ടാക്കിയെടുത്ത വണ്ടിയില്‍ കയറി ഞാന്‍ ഇരിയ്ക്കേണ്ട താമസം...അവന്‍ എന്നെയും കൊണ്ട് ഒറ്റപ്പാച്ചില്‍!ആദ്യമൊന്നും സംഗതിയുടെ ഗൌരവം (അതല്ലേലും എല്ലാക്കാര്യത്തിലും വൈകിയേ ഈ പറഞ്ഞ സാധനം എനിയ്ക്ക് പിടികിട്ടാറുള്ളൂ..)അങ്ങട് കത്തിയില്ല..സൊ..ഞാന്‍ സുവ്വി..സുവ്വണ്ണല..സുവ്വണ്ണലാലാ..പാട്ടൊക്കെ പാടി വഴിയേ പോകുന്ന പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഹായ് കൊടുത്ത് വളരെ ഹാപ്പിയായി സവാരി ചെയ്തു..
ദോഷം പറയരുതല്ലോ..തുടക്കം വളരെ മനോഹരമായിരുന്നു...എന്നെയും കൊണ്ട് സ്കൂട്ടി വളരെ സേഫ് ആയി വീടിനു മുന്നിലെത്തി...വെല്‍ ബിഗണ്‍ ഈസ് ഹാഫ് ഡണ്‍ എന്നത് എത്ര സത്യം!എന്നെയും കൊണ്ട് അത്രയും എത്തിച്ചപ്പോഴേയ്ക്കും പാവം തളര്‍ന്നു പോയി..
എന്നാപ്പിന്നെ ഒന്നു സഹായിച്ചേക്കാം എന്നോര്‍ത്ത് ഞാന്‍ അവനെ അകത്തെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി..കൂട്ടത്തില്‍ പുറത്തേയ്ക്കുന്തി നിന്ന എന്തിലോ പിടിച്ചു തിരിച്ചു..നേര്‍ത്തെ ഈ സാധനത്തില്‍ പിടിച്ചു കറക്കിയപ്പഴാ സ്കൂട്ടന്‍ എന്നെയും കൊണ്ട് ഒരു റൌണ്ടടിച്ചിട്ട് തിരിച്ച് സേഫ്‌ലാന്‍ഡ് ചെയ്തത്..
പക്ഷേ ചക്ക-മുയല്‍ തിയറി കാറ്റില്‍ പറത്തിക്കൊണ്ട് ശബ്ദത്തേക്കാള്‍ വേഗത്തില്‍(അങ്ങനെ പറയാന്‍ ശബ്ദത്തിന്റെ വേഗം അറിയാവോന്നു ചോദിച്ചാല്‍ ഇല്ല..പക്ഷേ ആ പാച്ചിലില്‍ എന്റെ നിലവിളി ശബ്ദം മുങ്ങിപ്പോയി..അതു കൊണ്ട് പറഞ്ഞതാ)
അവന്‍ ഒറ്റപ്പാ‍ച്ചില്‍...മാക്സിമം സ്പീഡില്‍..പിറകേ ഞാനും...!!!ഏതാനും നിമിഷത്തെ ആ കള്ളനും പോലീസും കളിയ്ക്കൊടുവില്‍ ഞാന്‍ അവനെ തോല്‍പ്പിച്ചു.പട്ടി അണയ്ക്കുമ്പോലെ അണച്ചു കൊണ്ട് ഞാന്‍ അവനെ “ആറ്റിലെയ്ക്കച്യുതാ ചാടല്ലേ” പോസില്‍ വട്ടം പിടിച്ചു ..സംഗതി അവിടം കൊണ്ടും തീര്‍ന്നില്ല..മൂക്കറ്റം വെള്ളമടിച്ച ചില ചേട്ടന്മാരെ പോലെ “നീയാരാടീ എന്നെ പിടിയ്ക്കാന്‍”എന്ന് എക്സ്പ്രഷനില്‍ അവന്‍ പിന്നെയും മുന്നോട്ട് കുതിച്ചു..
നേരെ ചെന്നു ചാര്‍ത്തിയത് ഞങ്ങടെ വീട് എന്ന എക്കോസിസ്റ്റത്തിന്റെ ഏക ജലശ്രോതസ്സായിരുന്ന മെയിന്‍ പൈപ്പിനിട്ട്..ഏതാണ്ട് പൂര്‍വകാല ‘മോങ്ങാനിരുന്ന ഡോഗ് എഗ്രിമെന്റ്’ പോലെ അതു പൊട്ടി ലിറ്ററു കണക്കിനു വെള്ളം കുതിച്ചു ചാടി..ഇത്രേം വെള്ളം കൊണ്ട് എത്ര സുനാമി ഉണ്ടാക്കാം എന്റ ഒരിപ്പുറത്ത് ഭഗവതിയേ..എന്നു ഞാന്‍ വണ്ടറടിയ്ക്കുമ്പോഴേക്കും “അതു കൊണ്ടരിശം തീരാഞ്ഞിട്ട്’ ശകടന്‍ പൊത്തോ എന്ന ശ്രവണസുന്ദരമായ സംഗീതം പൊഴിച്ചു കൊണ്ട് നിലം പൊത്തി..അവനു താഴെ ഞാനും..ഇതിനാണോ ഈ താഴത്തും വെയ്ക്കില്ല ;തലയിലും വെക്കില്ല എന്നു പറേന്നേ?
ഏതായാലും ആ വീഴ്ചയോടെ ദ് ഗ്രേറ്റ് ഡ്രൈവിംഗ് അഡ്വഞ്ചറിന്റെ അനിവാര്യമായ പരിസമാപ്തിയായി..കയ്യിലും കാലിലും അല്ലാതെ തന്നെ സാമാന്യം തേയ്മാനം ഉണ്ടായിരുന്നതിനാല്‍ അമ്മയ്ക്ക് അതു തല്ലിയൊടിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല...“ഇനി അതേലെങ്ങാനും തൊട്ടാല്‍” എന്ന അര്‍ത്ഥഗര്‍ഭമായ വാക്കുകളോടെ പിതാശ്രീയും കേസ് രാജിയാക്കി.സംഭവത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഏക വ്യക്തി എന്റെ അനിയനായിരുന്നു...രണ്ട് ദിവസം വീട്ടില്‍ വെള്ളമില്ലാതിരുന്നതിനാല്‍(പിന്നേ ഇമ്മിണി പുളിയ്ക്കും..മെയിന്‍ പൈപ്പിനിട്ടല്ലേ താങ്ങിയത്.)രാവിലെ എഴുന്നേറ്റ് കുളിയ്ക്കുക എന്ന മൃഗീയപീഡനത്തില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു..ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി അന്നു മുഴുവന്‍ അവന്‍ എന്നെ ചേച്ചീന്നു വിളിച്ചു..(അല്ലാത്തപ്പോള്‍ വിളിയ്ക്കുന്നതെന്താന്നെഴുതിയിട്ട് വേണം ഗൂഗിള്‍ എന്റെ ബ്ലോഗ് ഒബ്ജെക്ഷണബിള്‍ കണ്ടന്റ് ഇട്ടെന്നും പറഞ്ഞ് എടുത്ത് തോട്ടില്‍ കളയാന്‍!)
ബാക്കിപത്രം:നഷ്ടസ്വപ്നങ്ങളുടെ തുരുമ്പും പേറി..ആ കന്നി റൈഡിന്റെ കറുത്ത ഓര്‍മ്മകളുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയായി ആ സ്കൂട്ടിപെപ്പ് ഇന്നും ഞങ്ങടെ കാര്‍ഷെഡിന്റെ മൂലയ്ക്കിരിപ്പുണ്ട്...അവനെ കാണുമ്പോഴെല്ലാം ഞാന്‍ അറിയാതെ മൂളിപ്പോകും”മറന്നിട്ടുമെന്തിനോ..മനസ്സില്‍ തുളുമ്പുന്നു...”ആരുകണ്ടു..ചിലപ്പോള്‍ അവന്റെ ദയനീയമായ ഞരക്കങ്ങളും ഒരു പാട്ടിന്റെ ഈണമായിരിക്കാം”അന്നു നിന്നെ കണ്ടതില്‍ പിന്നെ..അനുരാഗമെന്തെന്നു ഞാനറിഞ്ഞു..അതിനുള്ള വേദന ഞാനറിഞ്ഞൂ..”

Thursday, March 13, 2008

പട്ടണപ്രവേശം..

പ്രിയ ബൂലോകസുഹൃത്തുക്കളേ..
ചിരിയുടെയും ചിന്തയുടെയും ഈ ലോകത്തേയ്ക്ക് വലതുകാല്‍ വെച്ച് ഈയുള്ളവളും പ്രവേശിയ്ക്കുന്നു..അനുഗ്രഹിയ്ക്കുക..സഹിയ്ക്കുക..ക്ഷമിയ്ക്കുക...