Saturday, March 15, 2008

ആദ്യാനുരാഗം

കാലം..(അയ്യടാ...ഇനി അതിട്ടിട്ടു വേണം എന്റെ പ്രായം കണക്കുകൂട്ടാന്‍!!!)ഞാനും സ്റ്റെതസ്കോപ്പും സ്വപ്നങ്ങളില്‍ കള്ളനും പോലീസും കളിയ്ക്കുന്ന കാലം.”എവിടെച്ചെന്നൊളിച്ചാലും നീ എന്റെ കയ്യീന്നു രക്ഷപ്പെടൂലാ..”എന്ന് സി.ഐ.ഡി നസീര്‍ മോഡലില്‍ ഞാനും..“ഓ പിന്നേ.എന്നാ ഒന്നു പിടിച്ചേ..കാണട്ടെ“..എന്നവനും.എനിയ്ക്കൊഴികെ ബാക്കി വീട്ടുകാര്‍ക്കെല്ലാം എന്റെ കഴിവില്‍ അപാരമായ വിശ്വാസമുണ്ടായിരുന്നതിനാലാവാം...”ഇതിനെ പഠിയ്ക്കാന്‍ വിട്ട നേരത്തിന് നാലു തെങ്ങു വെച്ചാ മതിയായിരുന്നു ഭഗവാനേ”എന്നിങ്ങനെ ഇടയ്ക്കിടെ അമ്മ പശ്ചാത്തപിച്ചിരുന്ന കാലം..രാവിലെ കൃത്യം നാലു മണിയ്ക്ക് കിര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്..എന്ന കര്‍ണ്ണാനന്ദകരമായ നാദത്തില്‍ അലാറം അടിയ്ക്കും...പതിവു പോലെ അത് എന്റെ ചെവിയുടേ കീഴില്‍ കറക്റ്റ് ആയി കൊണ്ട് വെച്ചിട്ട് “ഞാനൊന്നുമറിഞ്ഞില്ലേ”പോസില്‍ കിടന്നുറങ്ങുന്ന സഹോദരനിട്ട് ഒരു തൊഴിയും കൊടുത്ത് അലാറം ഓഫ് ചെയ്ത് ഞാന്‍ തിരിഞ്ഞു കിടന്നുറങ്ങും..അല്ലേലും ഒരു പണിയെടുക്കുമ്പോ ഡിസ്റ്റര്‍ബ് ചെയ്യരുതെന്നു ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ..സ്വപ്നത്തില്‍ പോസ് ചെയ്തു നിര്‍ത്തിയ മീരാജാസ്മിനും കുഞ്ചാക്കോബോബനുമായിട്ടുള്ള പാട്ടു സീനില്‍ മീരയുടെ സ്ഥാനത്ത് എന്നെ കട്ട് പേസ്റ്റ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്തതേയുള്ളൂ.“നേരം എത്രായീന്നറിയാമോ...പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ?എഴുന്നേറ്റിരുന്നു നാലക്ഷരം വായിയ്ക്കെടീ!!!“പിന്നേ..നേരം എത്രായീന്നു എനിയ്ക്ക് കൃത്യമായിട്ടറിയാം...നാലു മണി കഴിഞ്ഞ് കൃത്യം പത്തു മിനുട്ട്..അമ്മ കൊച്ചു വെളുപ്പാന്‍ കാലത്തെ സമയം അറിയാനിറങ്ങിയതാ?”ദാറ്റ് ഡിഡ് ഇറ്റ്!!! അയ്യപ്പബൈജുവിനെ മനസ്സില്‍ ധ്യാനിച്ചു പറഞ്ഞ ആ വാചകം ഏറ്റു...അമ്മേടെ വക സാമാന്യം തരക്കേടില്ലാത്ത ഒരു വീക്ക് എന്റെ നടും‌പുറത്ത്!!(ഹോ..ഈ അടി വരുന്ന വഴിയേ!!)ഇനീം വേണോ എന്ന് വളരെ ഉദാരമനസ്കയായി അമ്മ..വേണ്ട..എന്നു ഞാന്‍.വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ അറിയണമല്ലോ!!!സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നു പറഞ്ഞ സത്യന്‍ അന്തിക്കാടിനെ ഓര്‍ത്തു കൊണ്ട് അന്നത്തെ പ്രഭാത പരിപാടികള്‍ക്ക് തിരശീല വീണു...
അങ്ങനെ ജീവിതം വളരെ സമാധാനപരമായി മുന്നോട്ട് പോകുന്ന ആ കാലഘട്ടം.അങ്ങനെ ഇരിയ്ക്കുമ്പോഴാണു ഞാനൊരു പുതിയ കണ്ടുപിടിത്തം നടത്തിയത്..സംഭവം വേറൊന്നുമല്ല..സ്കൂളിലും ട്യൂഷന്‍ ക്ലാസ്സിലും വരുന്ന പലര്‍ക്കും ടൂവീലര്‍ ഉണ്ട്.”നീ നില്ല് ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് വരാം..,വണ്ടിയ്ക്ക് പെട്രോള്‍ അടിയ്ക്കണം,വണ്ടി സര്‍വീസിംഗിനു കൊടുക്കണം..”എന്നിങ്ങനെ അതുങ്ങടെ വായീന്നു വീഴുന്നതു മുഴുവന്‍ ശകടപുരാണം..കേട്ടു കേട്ട് എനിയ്ക്ക് ഡെസ്പടിച്ചു..ഡെസ്പെന്നു പറഞ്ഞാല്‍ വന്‍ ഡെസ്പ്...നല്ല് മുട്ടന്‍ ഡെസ്പ്..എനിയ്ക്കും വേണം വണ്ടി..എനിയ്ക്കിപ്പം വേണം വണ്ടി..ടൂവീലറ് എനിയ്ക്കിപ്പം വേണം...എന്നു ഞാന്‍ ഊണിലും ഉറക്കത്തിലും അമ്മയുടെ ചെവി തിന്നാന്‍ തുടങ്ങി..പ്രതീക്ഷിച്ച പോലെ ആദ്യ റെസ്പോണ്‍സ് കൈ കൊണ്ടായിരുന്നില്ല..നാക്കായിരുന്നു ഫസ്റ്റ് ലൈന്‍ ഓഫ് ഡിഫന്‍സ്..”വണ്ടിയല്ല..എന്റെ കയ്യീന്നു നീ വേറെ വല്ലോം മേടിയ്ക്കും..”എന്നു ഭീഷണിപ്പെടുത്തി മാ‍താശ്രീ എന്റെ നിവേദനം നിഷ്കരുണം നിരാകരിച്ചു.കീഴ്ക്കോടതി നിരാകരിച്ച അപ്പീലും കൊണ്ട് ഞാന്‍ ഹൈക്കമാന്‍ഡിന്റെ അടുത്തെത്തു..”അച്ഛാ..നമുക്കൊരു ടൂവീലര്‍ മേടിയ്ക്കാം..അതാവുമ്പൊ എല്ലാത്തിനും എന്തു സൌകര്യമാ...അത്യാവശ്യത്തിനു കടയില്‍ പോകാം..നമ്മള്‍ ഒന്നോ രണ്ടോ പേര്‍ക്കു വേണ്ടി കാറെടുക്കണ്ട..അല്ലേലും പെട്രോളിനൊക്കെ എന്തോ വിലയാ.(ഉവ്വ..സ്കൂട്ടര്‍ പിന്നെ പച്ചവെള്ളമൊഴിച്ചാണല്ലോ ഓടുന്നെ!)പിന്നെ എനിയ്ക്ക് സ്കൂളിലും ട്യൂഷനും ഒക്കെ പോകാനും എളുപ്പമായി.അല്ല..ഞാന്‍ നടന്നു പൊക്കോളാം..എന്നാലും ചെറിയ ദൂരത്തിനൊക്കെ കാറ് എടുക്കുന്ന ചെലവോര്‍ക്കുമ്പോ..”അങ്ങനെ അഭിനവ ചെലവു ചുരുക്കല്‍ ബഡ്ജറ്റ് അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ച് അന്ത്യവിധിയ്ക്കായി ഞാന്‍ കാത്തു നിന്നു..പിതൃവദനേ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..അവസാനത്തെ ഡയലോഗ് നല്‍കിയ ഷോക്കില്‍ നിന്ന് വിട്ടു മാറിയിട്ടില്ല എന്നു വ്യക്തം..റിക്കവറി റ്റൈം അനുവദിച്ചു കൊണ്ട് ഞാന്‍ വെയിറ്റ് ചെയ്തു.. അധികം വൈകാതെ വിധി വന്നു..”ശരിയാ..ഇന്നത്തെ കാലത്ത് ഒരു സ്കൂട്ടര്‍ ഒരാവശ്യമാ..പിന്നെ നിനക്ക് ബസ്സു കാത്തു നിന്ന് സമയം വെയിസ്റ്റാക്കണ്ടല്ലോ..അത്രേം നേരം കൂടെ എന്തെങ്കിലും വായിയ്ക്കാമല്ലോ!.”തൂക്കിക്കൊല്ലാന്‍ വിധിയ്ക്കപ്പെട്ടവനു ദയാഹര്‍ജി അനുവദിച്ച പോലെ ഞാന്‍ സന്തോഷം കൊണ്ട് അന്തം വിട്ട് തുള്ളിച്ചാടി..അച്ഛന്റെ ശരീരഭാരം 80 കിലോയും എന്റേത് 40 കിലോയും ആയതു കാരണവും...ഫെയര്‍ ആന്റ് ലവ്‌ലിയുടെ പരസ്യത്തില്‍ ഭൂമികാ ചൌളയ്ക്ക് ശേഷം വരുത്താന്‍ ഫോര്‍മാറ്റ് ചെയ്തു കൊണ്ടിരിയ്ക്കുന്ന ഈ മുഖം “ചതഞ്ഞു മരിച്ചു”എന്ന തലക്കെട്ടോടെ പത്രത്തില്‍ വരുന്നതില്‍ താത്പര്യമില്ലാത്തതു കൊണ്ടും മാത്രം ഞാന്‍ അച്ഛനെ പൊക്കിയെടുത്ത് തുള്ളിച്ചാടുക എന്ന ഉദ്യമത്തില്‍ നിന്നു പിന്തിരിഞ്ഞു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു..ആവേശോജ്ജ്വലമാ‍യ സ്വീകരണങ്ങളേറ്റു വാങ്ങിക്കൊണ്ട് സ്കൂട്ടിപെപ്പൊരെണ്ണം വീടിന്റെ മുറ്റത്ത് വന്നിറങ്ങി..ഗ്രഹണി പിടിച്ച പിള്ളേര്‍സ് ചക്ക കീ സബ്ജി കണ്ടതു പോലത്തെ പോസില്‍ അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ അതിനു ചുവട്ടില്‍ കുത്തിയിരുന്നു...
എന്നാല്‍ ജീവിതം ഒരു പൂമെത്തയല്ല..എന്നു പണ്ടാരോ പറഞ്ഞത് എത്ര ശരി..
സ്വപ്നത്തില് സ്കൂട്ടിയോടിയ്ക്കാന്‍ ലൈസന്‍സ് വേണ്ട...ഡ്രൈവിംഗ് അറിയണ്ട..എന്തിനു ബോധം പോലും വേണ്ട...പക്ഷേ സ്വപ്നങ്ങളിലെ ഡ്രൈവിംഗ് അല്ലല്ലോ അനുഭവങ്ങളിലെ ഡ്രൈവിംഗ്..അവിടെ ലൈസന്‍സ് വേണം..ലേണേര്‍സ് വേണം...ഓരോരോ വൃത്തികെട്ട നിയമങ്ങളേ!!!ഇന്‍ഡ്യന്‍ മോട്ടോര്‍ വാഹന ആക്റ്റ് കാലോചിതമായി പുനരാവിഷ്കരിയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എന്റെ തല പുകഞ്ഞു തുടങ്ങി..അങ്ങനെ വാക്വം സ്പേസിലും പുകയുണ്ടാക്കാം എന്ന മഹനീയമായ കണ്ടുപിടിത്തം ശാസ്ത്രലോകത്തിനു സംഭാവന ചെയ്തു..
അപ്പോ പറഞ്ഞു വന്നത്..എന്റെ ഡ്രൈവിംഗ് പതനം..അല്ല, പഠനം.അത്തരം ഒരു വന്‍‌ റിസ്ക് ഏറ്റെടുക്കാന്‍ തക്ക ഇന്‍ഷുറന്‍സ് കൊടുക്കാന്‍ നിലവിലൊരു കമ്പനിയും തയ്യാറില്ലാത്തതു കൊണ്ടാണോ അതോ തിരുവനന്തപുരം സിറ്റിയില്‍ ഡ്രൈവിംഗ് ഉപജീവനമാര്‍ഗമാക്കി ജീവിയ്ക്കുന്ന സഹോദരങ്ങളുടെ വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണോ എന്നറിയില്ല..ഏതായാലും ആ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല..വീണ്ടും നീണ്ട കാത്തിരിപ്പ്.....
പക്ഷേ ഭഗവതി എന്നെ അങ്ങനെ കാത്തിരുത്താന്‍ തയ്യാറില്ലായിരുന്നു...എന്റെ അമ്മാവന്റെ പുത്രന്‍ ഒരു ചേട്ടനുണ്ട്..മരംകയറ്റം,കട്ടുതീറ്റ,മതിലുചാട്ടം,കുളം കലക്കല്‍,ചീട്ടുകളി എന്നിത്യാദി സുകുമാരകലകളില്‍ പി എച് ഡി എടുത്ത ചേട്ടനെയും ബിരുദാനന്തര ബിരുദമെടുത്തു അദ്ദേഹത്തിന്റെ കീഴില്‍ റിസര്‍ച്ച് ചെയ്യുന്ന എന്നെയും വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നത് “ബോബനും മോളിയും” എന്നായിരുന്നു..അങ്ങനെ പെങ്ങളെ ഡ്രൈവിംഗ് പഠിപ്പിയ്ക്കാന്‍ ആരോമല്‍ ചേകവരെ പോലെ അരയും തലയും മുറുക്കി അദ്ദേഹം ചാടി വീണു..!!!(വിനാശകാലേ വിപരീതബുദ്ധി!)
തിരുവനന്തപുരം സിറ്റിയിലെ റോഡുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഡ്രൈവിംഗ് മഹാമഹത്തിനു കൊടി കയറി..കവടിയാര്‍,ശാസ്തമംഗലം ഭാഗത്തെ റോഡുകളില്‍ ഞാന്‍ അശ്വതി,ഭരണി,കാര്‍ത്തിക തുടങ്ങിയ 27 നക്ഷത്രങ്ങളും സ്കൂട്ടി കൊണ്ട് വരച്ചു കളിയ്ക്കുമ്പോള്‍ പുറകിലിരുന്ന ചേട്ടന്‍ ആ‍ നക്ഷത്രങ്ങളെണ്ണുകയായിരുന്നു!
രണ്ടാഴ്ചത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം “ഒരു അധ്യാപകന്റെ അപേക്ഷയാണ്..”എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗോടെ എന്റെ ഡ്രൈവിംഗ് പഠനം ഉപസംഹരിയ്ക്കപ്പെട്ടു.
പക്ഷേ അങ്ങനെ വിട്ടു കൊടുത്താലൊക്കുമോ..ഒന്നുമില്ലേലും ഞാനും ഉണ്ണിയാര്‍ച്ചയുമൊക്കെ ഒരു വര്‍ഗമല്ലേ..എന്നൊക്കെ വിചാരിച്ച്..വണ്‍ ഫൈന്‍ മോര്‍ണിംഗ്..സുന്ദരമായ ഒരു ഞായറാഴ്ച പ്രഭാതം...പതിവില്ലാതെ കുളിച്ച് കുറിയടിച്ച എന്നെ കണ്ട് ഞെട്ടിയ മമ മാതാ ഉവാച:“നീ ഇതെന്തിനുള്ള പുറപ്പാടാ?”
കോണ്‍ഫിഡന്‍സോമീറ്റര്‍ നൂറേ നൂറ്റിപ്പത്ത്..നൂറേ നൂറ്റിപ്പത്തില്‍ പറന്നു കൊണ്ടിരിക്കുന്ന ഞാനുണ്ടോ അതു വല്ലതും ചെവിക്കൊള്ളുന്നു?നേരെ ചെന്ന് ഒരു മൂലയക്ക് സ്വൈര്യമായിട്ടിരുന്ന സ്കൂട്ടിയെ തട്ടിയുണര്‍ത്തി..‘ഇപ്പോ വരാമേ’ എന്ന് അമ്മയോട് പറഞ്ഞ് ‘സ്റ്റാര്‍ട്ട് ആക്കല്‍’ സ്റ്റാര്‍ട്ട് ചെയ്തു..കുറേ ചവിട്ടിനും തൊഴിയ്ക്കും ശേഷം സ്റ്റാര്‍ട്ടായപ്പോള്‍ അമ്മയുടെ കമന്റ്..”ഇതിന്റെ ഒരു കുറവുണ്ടിവിടെ എല്ലാര്‍ക്കും”‘പിന്നേ..എനിയ്ക്കറിയാത്ത പോലെ..എന്നെ തല്ലണ്ടാ..ഞാന്‍ നന്നാവൂലാന്നു പണ്ടേ എഴുതി സര്‍ട്ടിഫൈ ചെയ്തു തന്നിട്ടുള്ളതല്ലേ?പിന്നെന്തിനാ വെറുതേ പ്രയോജനമില്ലാതെ എനര്‍ജി വേസ്റ്റ് ചെയ്യുന്നേ പ്രിയ മാതാവേ?”എന്ന് അര്‍ത്ഥം വരുന്ന ഒരു ചിരിയും ചിരിച്ച് സ്കൂട്ടിപ്പുറത്ത് ചാടിക്കേറി..പോകുന്ന പോക്കില്‍ അമ്മയുടെ “എന്‍‌ മകളാശു നടക്കുന്ന നേരത്തും തന്‍ ശകടത്തിന്മേലേറുന്ന നേരത്തും..സമ്മോദമാര്‍ന്നു രക്ഷിച്ചീടുക നിങ്ങള്‍”എന്നു എഡിറ്റ് ചെയ്ത് ചൊല്ലിയ ദേവീസ്തുതി എനിയ്ക്കിട്ടൊരു താങ്ങാണെന്നു പോലും ആ നേരത്ത് കത്തിയില്ല.അത്രയ്ക്കായിരുന്നു ക്ലോസപ്പ് ആത്മവിശ്വാ‍സം!
അങ്ങനെ എങ്ങനെയൊക്കെയോ സ്റ്റാര്‍ട്ടാക്കിയെടുത്ത വണ്ടിയില്‍ കയറി ഞാന്‍ ഇരിയ്ക്കേണ്ട താമസം...അവന്‍ എന്നെയും കൊണ്ട് ഒറ്റപ്പാച്ചില്‍!ആദ്യമൊന്നും സംഗതിയുടെ ഗൌരവം (അതല്ലേലും എല്ലാക്കാര്യത്തിലും വൈകിയേ ഈ പറഞ്ഞ സാധനം എനിയ്ക്ക് പിടികിട്ടാറുള്ളൂ..)അങ്ങട് കത്തിയില്ല..സൊ..ഞാന്‍ സുവ്വി..സുവ്വണ്ണല..സുവ്വണ്ണലാലാ..പാട്ടൊക്കെ പാടി വഴിയേ പോകുന്ന പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഹായ് കൊടുത്ത് വളരെ ഹാപ്പിയായി സവാരി ചെയ്തു..
ദോഷം പറയരുതല്ലോ..തുടക്കം വളരെ മനോഹരമായിരുന്നു...എന്നെയും കൊണ്ട് സ്കൂട്ടി വളരെ സേഫ് ആയി വീടിനു മുന്നിലെത്തി...വെല്‍ ബിഗണ്‍ ഈസ് ഹാഫ് ഡണ്‍ എന്നത് എത്ര സത്യം!എന്നെയും കൊണ്ട് അത്രയും എത്തിച്ചപ്പോഴേയ്ക്കും പാവം തളര്‍ന്നു പോയി..
എന്നാപ്പിന്നെ ഒന്നു സഹായിച്ചേക്കാം എന്നോര്‍ത്ത് ഞാന്‍ അവനെ അകത്തെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി..കൂട്ടത്തില്‍ പുറത്തേയ്ക്കുന്തി നിന്ന എന്തിലോ പിടിച്ചു തിരിച്ചു..നേര്‍ത്തെ ഈ സാധനത്തില്‍ പിടിച്ചു കറക്കിയപ്പഴാ സ്കൂട്ടന്‍ എന്നെയും കൊണ്ട് ഒരു റൌണ്ടടിച്ചിട്ട് തിരിച്ച് സേഫ്‌ലാന്‍ഡ് ചെയ്തത്..
പക്ഷേ ചക്ക-മുയല്‍ തിയറി കാറ്റില്‍ പറത്തിക്കൊണ്ട് ശബ്ദത്തേക്കാള്‍ വേഗത്തില്‍(അങ്ങനെ പറയാന്‍ ശബ്ദത്തിന്റെ വേഗം അറിയാവോന്നു ചോദിച്ചാല്‍ ഇല്ല..പക്ഷേ ആ പാച്ചിലില്‍ എന്റെ നിലവിളി ശബ്ദം മുങ്ങിപ്പോയി..അതു കൊണ്ട് പറഞ്ഞതാ)
അവന്‍ ഒറ്റപ്പാ‍ച്ചില്‍...മാക്സിമം സ്പീഡില്‍..പിറകേ ഞാനും...!!!ഏതാനും നിമിഷത്തെ ആ കള്ളനും പോലീസും കളിയ്ക്കൊടുവില്‍ ഞാന്‍ അവനെ തോല്‍പ്പിച്ചു.പട്ടി അണയ്ക്കുമ്പോലെ അണച്ചു കൊണ്ട് ഞാന്‍ അവനെ “ആറ്റിലെയ്ക്കച്യുതാ ചാടല്ലേ” പോസില്‍ വട്ടം പിടിച്ചു ..സംഗതി അവിടം കൊണ്ടും തീര്‍ന്നില്ല..മൂക്കറ്റം വെള്ളമടിച്ച ചില ചേട്ടന്മാരെ പോലെ “നീയാരാടീ എന്നെ പിടിയ്ക്കാന്‍”എന്ന് എക്സ്പ്രഷനില്‍ അവന്‍ പിന്നെയും മുന്നോട്ട് കുതിച്ചു..
നേരെ ചെന്നു ചാര്‍ത്തിയത് ഞങ്ങടെ വീട് എന്ന എക്കോസിസ്റ്റത്തിന്റെ ഏക ജലശ്രോതസ്സായിരുന്ന മെയിന്‍ പൈപ്പിനിട്ട്..ഏതാണ്ട് പൂര്‍വകാല ‘മോങ്ങാനിരുന്ന ഡോഗ് എഗ്രിമെന്റ്’ പോലെ അതു പൊട്ടി ലിറ്ററു കണക്കിനു വെള്ളം കുതിച്ചു ചാടി..ഇത്രേം വെള്ളം കൊണ്ട് എത്ര സുനാമി ഉണ്ടാക്കാം എന്റ ഒരിപ്പുറത്ത് ഭഗവതിയേ..എന്നു ഞാന്‍ വണ്ടറടിയ്ക്കുമ്പോഴേക്കും “അതു കൊണ്ടരിശം തീരാഞ്ഞിട്ട്’ ശകടന്‍ പൊത്തോ എന്ന ശ്രവണസുന്ദരമായ സംഗീതം പൊഴിച്ചു കൊണ്ട് നിലം പൊത്തി..അവനു താഴെ ഞാനും..ഇതിനാണോ ഈ താഴത്തും വെയ്ക്കില്ല ;തലയിലും വെക്കില്ല എന്നു പറേന്നേ?
ഏതായാലും ആ വീഴ്ചയോടെ ദ് ഗ്രേറ്റ് ഡ്രൈവിംഗ് അഡ്വഞ്ചറിന്റെ അനിവാര്യമായ പരിസമാപ്തിയായി..കയ്യിലും കാലിലും അല്ലാതെ തന്നെ സാമാന്യം തേയ്മാനം ഉണ്ടായിരുന്നതിനാല്‍ അമ്മയ്ക്ക് അതു തല്ലിയൊടിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല...“ഇനി അതേലെങ്ങാനും തൊട്ടാല്‍” എന്ന അര്‍ത്ഥഗര്‍ഭമായ വാക്കുകളോടെ പിതാശ്രീയും കേസ് രാജിയാക്കി.സംഭവത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഏക വ്യക്തി എന്റെ അനിയനായിരുന്നു...രണ്ട് ദിവസം വീട്ടില്‍ വെള്ളമില്ലാതിരുന്നതിനാല്‍(പിന്നേ ഇമ്മിണി പുളിയ്ക്കും..മെയിന്‍ പൈപ്പിനിട്ടല്ലേ താങ്ങിയത്.)രാവിലെ എഴുന്നേറ്റ് കുളിയ്ക്കുക എന്ന മൃഗീയപീഡനത്തില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു..ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി അന്നു മുഴുവന്‍ അവന്‍ എന്നെ ചേച്ചീന്നു വിളിച്ചു..(അല്ലാത്തപ്പോള്‍ വിളിയ്ക്കുന്നതെന്താന്നെഴുതിയിട്ട് വേണം ഗൂഗിള്‍ എന്റെ ബ്ലോഗ് ഒബ്ജെക്ഷണബിള്‍ കണ്ടന്റ് ഇട്ടെന്നും പറഞ്ഞ് എടുത്ത് തോട്ടില്‍ കളയാന്‍!)
ബാക്കിപത്രം:നഷ്ടസ്വപ്നങ്ങളുടെ തുരുമ്പും പേറി..ആ കന്നി റൈഡിന്റെ കറുത്ത ഓര്‍മ്മകളുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയായി ആ സ്കൂട്ടിപെപ്പ് ഇന്നും ഞങ്ങടെ കാര്‍ഷെഡിന്റെ മൂലയ്ക്കിരിപ്പുണ്ട്...അവനെ കാണുമ്പോഴെല്ലാം ഞാന്‍ അറിയാതെ മൂളിപ്പോകും”മറന്നിട്ടുമെന്തിനോ..മനസ്സില്‍ തുളുമ്പുന്നു...”ആരുകണ്ടു..ചിലപ്പോള്‍ അവന്റെ ദയനീയമായ ഞരക്കങ്ങളും ഒരു പാട്ടിന്റെ ഈണമായിരിക്കാം”അന്നു നിന്നെ കണ്ടതില്‍ പിന്നെ..അനുരാഗമെന്തെന്നു ഞാനറിഞ്ഞു..അതിനുള്ള വേദന ഞാനറിഞ്ഞൂ..”

11 comments:

അജീഷ് said...

നന്നായിട്ടുണ്ട് അമ്മൂസേ.. നല്ല ഭാഷ. ഇനിയും എഴുതൂ...
വേറെ ഒന്നും പറയാനില്ല!!

ഇത് �മലയാള�ത്തിലെഴുതിയപ്പോള്� വായിച്ചിട്ടുണ്ട് കമന്റിയിട്ടുമുണ്ട്. എങ്കിലും ഇവിടേക്കൂടി ആയിക്കോട്ടേ.. ഒട്ടും കൂടുതലാകില്ല!

തോന്ന്യാസി said...

എന്റെ കാര്‍ത്തൂ, ആളറിയാതെയാണെങ്കിലും ഞാനാണല്ലോ നിന്നോടാദ്യം മടിച്ചു നില്‍ക്കാതെ കടന്നു വരൂ എന്നാക്രോശിച്ചത്

അണ്ണന്‍ പറഞ്ഞപോലെ മുന്‍പ് വായിച്ചതാണേലും കെടക്കട്ടെ എന്റെ വക ഒരു കമന്റ്

പിന്നേയ് ആ വേര്‍ഡ് വെരിഫിക്കേഷന്‍ അങ്ങ് എടുത്തുകളഞ്ഞേക്കൂ

പൊറാടത്ത് said...

കൊള്ളാം കാര്‍ത്യായനീ.. സ്വാഗതം..

ഇനിയും എഴുതൂ‍..

വേഡ് വെരിഫിക്കേഷന്‍ വേണോ..?!

സുരേഷ് said...

കൊള്ളാം കെട്ടോ അപര്‍ണ്ണ കാര്‍ത്തൂ......
ഡാക്കിട്ടരു പരൂഷ പാസായില്ലെങ്കിലും മക്കള് ജീവിക്കും ..അതിനുള്ള “മരുന്ന്” ഒക്കെ കയ്യിലുണ്ടല്ലോ.. ;)

Keep writing dear. All the very best

കാര്‍ത്ത്യായനി said...

അജീഷേട്ടാ..താങ്ക്യൂ..താങ്ക്യൂ..നാരങ്ങാമുട്ടായി പാര്‍സല്‍ അയച്ചിട്ടുണ്ടേ...:)
തോന്ന്യാസീ...ആളറിയാതെയുള്ള ആ ആക്രോശത്തിനും നന്ദി.വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു മാറ്റിയിട്ടുണ്ടേ..
@പൊറാടത്ത്: നന്ദി...വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ടേ,
സുരേഷേട്ടാ..ഡാക്കിട്ടരു പരൂഷ പാസ്സാവാനുള്ള മരുന്നും കൂടെ ഒപ്പിയ്ക്കാനുള്ള ശ്രമത്തിലാ..അതിനു വേണ്ടി..പേരറിയാവുന്നവരും കണ്ടാലറിയാവുന്നവരുമായ എല്ലാ ഈശ്വരന്മാര്‍ക്കും ആപ്ലിക്കേഷന്‍ പോയിട്ടുന്റ്..താന്‍ പാതി ദൈവം പാതി എന്നാ!!

വിന്‍സ് said...

ഹഹ കൊള്ളാമല്ലോ. എനിക്കിഷ്ട്ടപെട്ടു.

Sandeep S. said...

സ്കൂട്ടി പുരാണം അസ്സലായി .

നല്ല ഭാഷ .. ഇതു കൈവിട്ടു കളയല്ലേ ..
പൊളിച്ചു അടുക്ക് ..ഹിഹി ..

renjoos said...

nannayitnduuu, but upamma korachhhu kudiyoo ennu shamshayam....

Its me Devi said...

molu,u rock!

കാര്‍ത്ത്യായനി said...

devzeeee:)

ഹാപ്പി ബാച്ചിലേഴ്സ് said...

പഴയ പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചതാണേ.. കൊള്ളാട്ടൊ.