എന്റെ കഥയുടെ പേരാണ്... "ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"
കഥ നടക്കുന്നത്...കോട്ടയം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കന്യാസ്തീയമ്മമാര്‍ നടത്തുന്ന സ്കൂളില്‍.കോട്ടയം മൗണ്ട്കാര്‍മ്മല്‍...ഈയുള്ളവള്‍ അന്നവിടെ ഊ.കെ.ജിയില്‍ പഠിയ്ക്കുന്നു..പ്രായം നാലു വയസ്സ്..ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ "മോള്‍ക്ക് പാട്ടു പാടാനറിയ്യോ?" എന്നു ചോദിച്ച മദറിന്റെ മുഖത്തു നോക്കി.."അറിയാം പക്ഷേ ഇപ്പം പാടാന്‍ മനസ്സില്ല" എന്ന് വിനയപുരസ്സരം ഉവാചിച്ചതിന്റെ പരിണത ഫലമായിരുന്നു..കുട്ടിയ്ക്ക് മാനസിക വളര്‍ച്ച അല്പം കൂടുതലാണെന്നും എത്രയും വേഗം ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കിയില്ലെങ്കില്‍ ഭാരതത്തിനു നഷ്ടമാവുക ഒരതുല്യ പ്രതിഭയയെ ആണെന്നുമുള്ള സിസ്റ്റര്‍മാരുടെ കണ്ടെത്തലും തത്ഫലമായി മൂന്നു വയസ്സിലേ ഉള്ള എന്റെ എല്‍.കെ.ജി രംഗപ്രവേശവും...
..കരച്ചിലില്‍ മുങ്ങിയ എന്റെ വിദ്യാലയ ജീവിതത്തിലെ ആ ആദ്യദിനങ്ങളെക്കുറിച്ച് വളരെയൊന്നും ഓര്‍മ്മയിലില്ല..ഓര്‍മ്മ വെയ്ക്കുമ്പോള്‍ കാണുന്നത് കഞ്ഞി മുക്കിയ മഞ്ഞ കോട്ടണ്‍ സാരിയും ബ്രൗണ്‍ ബ്ലൗസുമിട്ട് ...കവിളത്തൊരു കുഞ്ഞ് അരിമ്പാറയും കയ്യില്‍ "എ,ബി,സി,ഡി" പഠിയ്പ്പിയ്ക്കുന്ന ചിത്രപ്പുസ്തകവുമായി നില്ക്കുന്ന ഷൈനി മിസ്സിനെയാണ്....കവിളത്തെ ആ അരിമ്പാറയാണ് പില്ക്കാല ജീവിതത്തില്‍ ഏറെ പ്രശസ്തി നേടിത്തന്ന "ആ കവിളത്ത് മുന്തിരിങ്ങായുള്ള പൂതത്തിന്റെ ക്ലാസ്സിലെനിയ്ക്ക് പോകണ്ടായേ" എന്ന ക്ലാസ്സിയ്ക്കല്‍ മുദ്രാവാക്യം സൃഷ്ടിയ്ക്കാന്‍ എനിയ്ക്ക് പ്രചോദനമായത്..
..(ഷൈനി മിസ്സേ...അറിയാത്ത പ്രായത്തില്‍ ചെയ്തതിനും പറഞ്ഞതിനുമെല്ലാം "മാപ്പ്")
u.കെ.ജി യില്‍ എത്തി..
വെക്കേഷന് കഴിഞ്ഞ് ക്ലാസ് തുറന്നതേയുള്ളൂ...ഉച്ച കഴിഞ്ഞ നേരം..
എല്‍.കെ.ജിയില്‍ ആയിരുന്നപ്പോള്‍ ഈ നേരത്ത് പഠിപ്പൊന്നുമില്ല.ഉച്ചയ്ക്ക് സ്കൂളു വിടും..
യു.കെ.ജിയില്‍ ഉച്ചയ്ക്ക് ശേഷം ഉറക്കമാണ് പരിപാടി..ഇപ്പഴത്തെപ്പോലെയല്ല..ടീച്ചര്‍മാരുടെ അറിവോടും സമ്മതത്തോടും ഒക്കെത്തന്നെ.!!



എനിയ്ക്കാണേല്‍ ആകെ മൊത്തം ഈ സെറ്റപ്പ് അത്ര പിടിച്ചില്ല..ഒന്നാമത് വൈകിട്ട് വരെ അവിടെ പിടിച്ചിരുത്തുന്നത്..ഉച്ചയ്ക്ക് വിട്ടാലല്ലേ വിളിയ്ക്കാന്‍ വരുന്ന സുഭദ്ര ഇന്റിയെ സോപ്പടിച്ച് കോട്ടയം സ്റ്റാന്‍ഡിലെ ജ്യൂസ് സ്റ്റാളില്‍ നിന്ന് പൈനാപ്പിള്‍ ജ്യൂസും, പനമ്പാലം കവലയിലെ ഉദയന്‍ മാമന്റെ കടേന്ന് സ്പീഡില്‍ നടക്കുന്നതിനു കൂലിയായി ഓറഞ്ച് മുട്ടായിയും വാങ്ങിത്തിന്നാന് പറ്റൂ!!
ഇതീപ്പം മുട്ടായീമില്ല ജ്യൂസുമില്ല..വൈകിട്ട് സ്കൂളു വിടുമ്പോള്‍ വിളിയ്ക്കാന്‍ ഓട്ടോച്ചേട്ടന്‍ ചാക്കോ അങ്കിള്‍ വരും..പുള്ളീടെ ഓട്ടോയിലാണേല്‍ മൊത്തം പന്ത്രണ്ടിലും പത്തിലും ഒക്കെയുള്ള വല്യ ചേട്ടന്മാരും ചേച്ചിമാരുമൊക്കെയാ..അവരുടെ മുന്നില്‍ നമ്മളു വെറും പീക്കിരി!!



അതിന്റെ കൂടെ ഇടി വെട്ടിയവനെ പാമ്പു കടിച്ചപോലെ..അന്നു രാവിലെ അടുത്തിരിയ്ക്കുന്ന റോണിയുടെ "നീ എന്നെ കല്യാണം കഴിയ്ക്കുവോ?" എന്ന പ്രപ്പോസല്‍ നിഷ്കരുണം തള്ളിയതിനു പ്രതികാരമായി അവന്റെയും ടീംസിന്റെയും വക പിച്ചല്,മാന്തല്‍ എന്നിങ്ങനെ പ്രതിഷേധപ്രകടനം വേറെയും.!!അങ്ങനെ മൊത്തത്തില്‍ ഡെസ്പ് ഓഫ് ദ് ഡേ ആയി ഇരിയ്ക്കുന്ന ഒരുച്ചനേരം..റോണിയുമായി ബ്രേക് അപ് ആയതിനാല്‍ ഇനി കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് ആ ഭാഗത്തേയ്ക്ക് നോക്കാന്‍ പറ്റൂല(പിന്നേ..എന്റെ പട്ടി നോക്കും!)..ഇപ്പുറത്തെ ബെഞ്ചിലെ ഷിന്റുവുമായി പിന്നെ പണ്ടേ ഒടക്കാണല്ലോ.




റോണിയും ടീംസും അപ്പുറത്ത് ദേ പ്ലേസ് നെയിം പറഞ്ഞു കളിയ്ക്കുന്നു..എന്നെ കേള്‍പ്പിയ്ക്കാനായി പൂര്‍വാധികം ഗോഷ്ടി-ചേഷ്ടകളോടെയാണ് കളിയരങ്ങ്...പിന്നേ.ഈ കളിയൊക്കെ എന്നാ ഉണ്ടായേ????മുഖത്ത് പൂര്‍വാധികം വെറുപ്പും വരുത്തി ഞാനിരുന്നു..
അതുകൊണ്ടായില്ലല്ലൊ..വല്ലാതെ ബോറടിയ്ക്കുന്നു..കൈ ആണേല്‍ തരിച്ചു വരുന്നുണ്ട്..
എന്നിലെ പ്രതികാരദാഹി ഉണര്‍ന്നു...കൈ നീട്ടി റോണിയുടെ പെന്‍സില്‍ ബോക്സ് എടുത്തു..(നമുക്കു പിന്നെ ഈ ജാതി സാധനമൊന്നും പണ്ടേ ഇല്ലല്ലോ!)
അതില്‍ ഇന്നലെ അവന്റെ പപ്പ (അതേ..പിറക്കാതെ പോയ എന്റെ അമ്മായിഅപ്പന്!) അമേരിയ്ക്കേന്ന് കൊണ്ടുവന്ന റബ്ബര്‍ ഭദ്രമായി ഇരിപ്പുണ്ട്......കളിയില്‍ മുഴുകിയ റോണി ഇതൊന്നും അറിയുന്നില്ല..അതിരഹസ്യമായി ഞാന്‍ ആ റബറിന്റെ മോനെ തൂക്കി വെളിയിലിട്ടു.... അതിക്രൂരമായി അവനെ തുണ്ടം തുണ്ടം കടിച്ചു മുറിച്ചു....
എന്നിട്ട് ആ തുണ്ടുകളെല്ലാം ഭദ്രമായി ബോക്സില്‍ തിരികെ വെച്ചു..ഒരെണ്ണമൊഴികെ..
അവനാണു നമ്മുടെ കഥാനായകന്
!!ദി സണ്‍ ഓഫ് ദ് റബ്ബര്‍!!!!
ഞാന്‍ പതുക്കെ അവനെ നീക്കി നിരക്കി ....ബ്രേക് അപ്പിനും അതിനു ശേഷമുള്ള അതിര്‍ത്തിത്തര്‍ക്കത്തിനും 'ഇതിന്റെ ഇപ്പുറത്തോട്ട് കാലു കുത്തിയാ നിന്നെ എന്റെ പോലീസച്ചാച്ചനെ കൊണ്ട് ഇടിപ്പിയ്ക്കും" എന്ന ഉഗ്രശാസനത്തിനും ശേഷം ചോക്ക് കൊണ്ട് വരച്ച അതിര്‍ത്തിരേഖയ്ക്കിപ്പുറത്ത് എന്റെ തട്ടകത്തിലെത്തിച്ചു...ഇനി ഇവനെ എന്തു ചെയ്യും??
കളിയും കഴിഞ്ഞ് റോണി വരുമ്പോള്‍ ലിവനെ എന്റെ കയ്യില്‍ കണ്ടാല്‍ പ്രശ്നമാവും..അതിനു മുന്‍പേ തെളിവു നശിപ്പിയ്ക്കണം...ബോക്സ് കൊണ്ട് അവന്റെ ഗ്യാങ്ങിലെ ഒരു കുരുത്തം കെട്ടവന് യമഹാ ഓടിച്ചു കളിയ്ക്കുന്നു..അതു കാരണം തിരികെ നിക്ഷേപിയ്ക്കാനും വയ്യ!!വായിലിട്ടാല്‍ മുളച്ച് മരമായാലോ എന്ന പേടി കാരണം അതു തീരെ വയ്യ!!ഇനി എന്തു ചെയ്യും???
ഉദ്വേഗജനകമായ അനേകം നിമിഷങ്ങള്‍ക്കൊടുവിലാണ് ഇത്രയും നേരം എന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായിരുന്ന..അകത്തേയ്ക്ക് എന്തെങ്കിലും പോയാല്‍ മുളച്ചു വരാന്‍ തക്ക വെള്ളം ഒരിയ്ക്കലും എത്താന്‍ സാധ്യതയില്ലാത്ത ഒരിടം ഞാനോര്‍ത്തത്..
എന്റെ സ്വന്തം മൂക്കും അതിലെ രണ്ട് ഓട്ടകളും...പരിസരത്ത് ഏതെങ്കിലും അടുക്കളയില്‍ "വെച്ച കോയീന്റെ മണം"ഉണ്ടോ എന്നു കണ്ടെത്തലായിരുന്നു അത്രയും കാലം അവരുടെ പ്രധാന ജോലി..ഇരുപത്തിനാലു മണിയ്ക്കൂറും തുറന്നിരിയ്ക്കുന്ന ഒരു വായ ഉണ്ടായിരുന്നതിനാല്‍
ശ്വാസം വലിയ്ക്കുക എന്നത് ഒരു പ്രശ്നമായി തോന്നിയതും ഇല്ല..ഇനിയിപ്പോ ഈ കുഞ്ഞ് റബ്ബര്‍ കഷണം അവിടെ ഇരുന്നാലും ഈ പറഞ്ഞ പണിയ്ക്കൊന്നും ഒരു മുടക്കവും വരാനില്ല താനും..അങ്ങനെ ലോജിക്കലായി ചിന്തിച്ചപ്പോള്‍ എല്ലാം കൊണ്ടും ഐ ഫൗണ്ട് മൂക്ക് ഇസ് അ ബെറ്റര്‍ ഓപ്ഷന്!!!
പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു..ഞാന്‍ പോലുമറിയാതെ ആ റബ്ബര്‍ കഷ്ണം എന്റെ മൂക്കിന്റെ അന്തരാത്മാവിന്റെ അഗാധഗര്‍ത്തത്തിലേയ്ക്ക് യാത്രയായി...യാത്രയാക്കിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ പോസില്‍ മുന്‍പത്തെപോലെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു..
ഒരു പുണ്യപ്രവൃത്തി ചെയ്തതിന്റെ മെന്റല്‍ സാറ്റിസ്ഫാക്ഷന് കാരണമാവാം..കിടന്ന കിടപ്പില്‍ ഉറങ്ങിപ്പോയി..ഇതാ ഇക്കാലത്താര്‍ക്കും ഒരുപകാരം ചെയ്യാന്‍ വയ്യെന്നു പറേണേ!!!
ഉണര്‍ന്നപ്പോഴേയ്ക്കും ബെല്ലടിച്ചു.....ജോനകന്മാരെ തുരത്തിയ ഉണ്ണിയാര്‍ച്ച ആരോമലാങ്ങളയോട് ചെന്ന് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോലെ ഞാന്‍ ഓട്ടോയിലെ എന്റെ സഹയാത്രികരും മറ്റൊരു സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നിബിന് ചേട്ടനോട് "ഇന്നൊരു സംഭവമുണ്ടായി..എന്നു തുടങ്ങി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു "..
ഒടുവില്‍ കഥയിലെ ടേര്‍ണിംഗ് പോയിന്റായ റബറിന്റെ യാത്ര എത്തിയപ്പോള്‍ വണ്ടി മുഴുവന്‍ ഒരു നിശ്ശബ്ദത..നിബിന് ചേട്ടനും കൂട്ടുകാരന് ആനന്ദ് ചേട്ടനും നിഷച്ചേച്ചിയും മിനിച്ചേച്ചിയുമെല്ലാം ഏതാണ്ടൊരു അത്ഭുത ജീവിയെ കാണുമ്പോലെ എന്നെ നോക്കുന്നു...
പിന്നെ കൂട്ടത്തോടെ മുന്നിലേയ്ക്ക് കഴുത്തു നീട്ടീ ഓട്ടൊ ഓടിയ്ക്കുന്ന ചാക്കോ അങ്കിളിനെ നോക്കുന്നു..ഞാന്‍..ചാക്കോ അങ്കിള്‍..ചാക്കോ അങ്കിള്‍...ഞാന്‍..അങ്ങനെ ലോംഗ്ഷോട്ടുകളിലൂടെ രംഗം പുരോഗമിച്ചു കൊണ്ടിരുന്നു..ആരും ഒന്നും മിണ്ടുന്നില്ല..ഒടുവില്‍ ഹരിഹര്‍ നഗറിലെ മഹാദേവന് തോമസ്സുകുട്ടിയോട് പറഞ്ഞപോലെ നിബിന് ചേട്ടന് ചാക്കോ അങ്കിളിനോട് "ചാക്കോങ്കിളേ...മെഡിക്കല്‍ കോളേജ്!!"
പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു..ആംബുലന്‍സായി മാറിയ ഓട്ടോറിക്ഷ സംക്രാന്തിക്കവലയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പറക്കുന്നു...
എന്റെ മൂക്കിനുള്ളിലെ അഗാധ ഗര്‍ത്തത്തിലേയ്ക്ക് നോക്കി ഓരോ നിമിഷവും നിബിന് ചേട്ടന് ഞെട്ടി വിറയ്ക്കുന്നു..ഇടയ്ക്കിടെ തിരിഞ്ഞു നോക്കി ചാക്കോങ്കിള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്നു...'ഇതിനും മാത്രമിവിടേപ്പോ എന്താണ്ടായ്യേ??..'എന്ന മുഖഭാവത്തോടെ നിഷച്ചേച്ചിയുടെ മടിയിലിരുന്ന് ഞാന്‍ ലോകവീക്ഷണം നടത്തുന്നു!!
ആശുപത്രിയിലെ അത്യാഹിത വിഭാഗം വളരെ പരിചിതമായ ഒരു ലോകമായിരുന്നു..കഴിഞ്ഞാഴ്ച വന്നപ്പോ ഈ ഡോക്റ്ററാന്റി പച്ചസ്സാരിയാ ഉടുത്തിരുന്നേ..
അന്ന് വന്നപ്പോ ഒരു അപ്പൂപ്പന് എനിയ്ക്ക് ഫൈവ് സ്റ്റാറു വാങ്ങിത്തന്നു..എന്നിങ്ങനെയുള്ള ഓര്‍മ്മക്കുറിപ്പുകളിലൂടെ കഴിയുന്നത്ര ഞാനത് മിനിച്ചേച്ചിയ്ക്കും മറ്റും മനസ്സിലാക്കിക്കൊടുത്ത് അവരുടെ ആധിയകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..
ഡോക്ടറങ്കിള്‍ വന്നു.."ഹാ..ഇത് നമ്മുടെ സ്ഥിരം പാര്‍ട്ടിയല്ലേ...ഇന്നെന്നതാ ഒപ്പിച്ചേ?"
അദ്ദേഹം കുശലാന്വേഷണം നടത്തി..ചാക്കോങ്കിള്‍ കാര്യം പറഞ്ഞു..ഞാന്‍ ഹാജരാക്കപ്പെട്ടു..
പുള്ളി അറ്റം വളഞ്ഞ എന്താണ്ടൊ ഒരു കുന്ത്രാണ്ടം എടുത്ത് എന്റെ മൂക്കില്‍ കടത്തി..
പുറത്ത് വന്നപ്പോളതാ അതിന്റെ അറ്റത്തിരിയ്ക്കുന്നു ..അതിക്രൂരമായി തേജോവധം ചെയ്ത്.വളരെ കഷ്ടപ്പെട്ട്..ബുദ്ധിമുട്ടി നാസാദ്വാരങ്ങളില്‍കുത്തിക്കയറ്റിയ....എന്റ....യുദ്ധത്തടവുകാരന്...!!
എന്റെ ആദ്യ പ്രതികാരത്തിന്റെ ഇര!!ബ്രസീലിലെവിടെയോ ജനിച്ച്..അമേരിക്കയിലേ ഏതോ ഫാക്റ്ററിയിലൂടെ ഒരു ഇന്‍ഡ്യന്‍ മൂക്കിലെത്തിപ്പെട്ട...ആഗോളവത്കരണത്തിന്റെ മകുടോദാഹരണം. ... .ദ് സണ്‍ ഓഫ് എ റബ്ബര്‍!!!
ഏതായാലും ചാക്കോങ്കിള്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ മനോരമയൊക്കൊരു വാര്‍ത്ത നഷ്ടമായി...എന്നല്ലാതെന്തു പറയാന്‍..
കാറും കോളും ഒഴിഞ്ഞ്പ്പോള്‍ ഡോക്ടര്‍ അടുത്തു വിളിച്ച് രഹസ്യമായി ചോദിച്ചു.."എന്തിനാ മോളേ റബ്ബറെടുത്ത് മൂക്കിലിട്ടേ?" ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"









പിന്നല്ലാണ്ട്...എന്നെ തിരിഞ്ഞു നോക്കാത്ത ആ റോണി കാരണമാ ഞാന്‍ റബ്ബര്‍ മൂക്കില്‍ കേറ്റിയതെന്ന് ഞാന്‍ പറയണാരുന്നോ????പിന്നേ..അതങ്ങ് പള്ളീല് പറഞ്ഞാ മതി!!!

