Monday, November 16, 2009

ഒരു വടക്കന്‍ വീരഗാഥ..!!!

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ഫോണ്‍ കിടന്ന് നിലവിളിയ്ക്കുന്നു..വീട്ടീന്ന് അനിയനാ..”മ്മൂ..ഞാനിന്നൊരു സ്വപ്നം കണ്ടു...അമ്മു ഒരു മരത്തേന്ന് വീണെന്നും വീണ ഉടനെ അമ്മൂനെ കുറേ പട്ടികള്‍ ചേര്‍ന്ന് കടിച്ച് കീറിക്കൊന്നെന്നും!!”...
സ്വപ്നം ഇതാണേലും ,അതു കണ്ട് ഞാന്‍ ജീവനോടുണ്ടോ അതോ വല്ല പട്ടികളും ബിരിയാണിയാക്കിയോ എന്നറിയാന്‍ നീ വിളിച്ചല്ലോ..ഈ ചേച്ചിയ്ക്ക് സന്തോഷമായെടാ!!സന്തോഷമായി!!!..

എന്നങ്ങോട്ട് ആത്മഗതിയ്ക്കാന്‍ വിട്ടില്ല..അതിനും മുന്നേ അമ്മ ഫോണ്‍ വാങ്ങിപ്പറഞ്ഞു..”അതേ സ്വപ്നമൊന്നുമല്ല..ശരിയ്ക്കും ഇന്നിവിടെ മരത്തേന്ന് വീണ ഒരു മരപ്പട്ടിയെ പട്ടികളു ചേര്‍ന്ന് കടിച്ചു കൊന്നാരുന്നു!!”...സന്തോഷമായമ്മേ...സന്തോഷമായി!!!!


അങ്ങനെ മാവേന്ന് മരപ്പട്ടി വീണു ചത്തതും,അതിനെ മരണാനന്തരബഹുമതികളോടെ കാലോചിതമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെയുള്ള അന്താരാഷ്ട്ര ഉച്ചകോടിയ്ക്കിടയിലാണ്...ആ മഹാ‍സത്യം എനിയ്ക്ക് മനസ്സിലായത്......

ഈ പറഞ്ഞ സര്‍വശ്രീ മരപ്പട്ടി മഹാനെ ഞാനിന്നു വരെ നേരില്‍ കണ്ടിട്ടില്ല!!!

ഈ സത്യം ഉണര്‍ത്തിച്ചപ്പോള്‍ എന്റെ വത്സലമാതാവ് മൊഴിഞ്ഞു...”മരപ്പട്ടിയെ മാത്രമല്ല..ഉടുമ്പിനേം,വെരുകിനേം കീരിയേം നീ കണ്ടിട്ടുണ്ട്!!”...
ഓഹോ!!അപ്പോള്‍ അങ്ങനെയാണു കാര്യങ്ങള്‍....ഇപ്പറഞ്ഞ എല്ലാ വന്യജീവികളെയും നോം തൃക്കണ്‍ പാര്‍ത്തിട്ടുണ്ട്...അല്ലാ...എനിയ്ക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ,,,ഞാനെന്നാ ആന വളര്‍ത്തിയ വാനമ്പാടിയോ????

വിശദമായ ചരിത്രാന്വേഷണത്തില്‍,ചില സത്യങ്ങള്‍ വെളിവായി...
മാതാവിന്റെ ഉദ്യോഗാര്‍ത്ഥം നോം ബാല്യകാലം...ച്ചാല്‍ ഒരു 2-3 വയസ്സു വരെ ചിലവഴിച്ചത് തിരുവല്ലായിലുള്ള അമ്മയുടെ അച്ഛന്റെ വീട്ടിലായിരുന്നു...ഒരുപാട് മരങ്ങളുള്ള ഒരു പറമ്പിലാണ് ആ വീട്...അതിരില്‍ക്കൂടെ മണിമലയാറ് ഒഴുകുന്നുണ്ട്..വീട്ടില്‍ എന്റെ കെയര്‍ ടേക്കേര്‍സ് ആയി വല്യമ്മൂമ്മ,രവിയപ്പൂപ്പന്‍,കുട്ടമ്മാവന്‍,രത്നമ്മ...പിന്നെ രത്നമ്മേടെ മൂന്നു മക്കള്‍..,ഹരിച്ചേട്ടന്‍...
വീടിനു പുറത്ത് ഒരു പശു,ഒരു പൂച്ച,കുറേ കോഴികള്‍,പിന്നെ ആറ്റില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു മുതല...

അങ്ങനെ കിരീടം വെയ്ക്കാത്ത രാജ്ന്ഞി ആയി നോം വാണരുളുന്ന സമയം..അക്കാലങ്ങളില്‍ അങ്ങനിരിയ്ക്കുമ്പോള്‍ ., .ഇടയ്ക്ക് പ്രപഞ്ചഗതിയെത്തന്നെ മാറ്റിമറിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്കുത്തരം തേടി ഞാന്‍ അമ്മൂമ്മേടെ അടുത്തു ചെല്ലും..
”അമ്മൂമ്മേ,അച്യുതം കേശവം ന്നും പറഞ്ഞ് വായില്‍ വരുന്നതൊക്കെ പറയുന്നതെന്തിനാ?????,

പുത്രകാമേഷ്ടി നടത്തി പായസം വാങ്ങിച്ചപ്പോള്‍ ദശരഥന്റെ കൈ പൊള്ളീലേ??

അങ്ങനെയുള്ള അതിതീക്ഷ്ണമായ ചിന്തകളുടെ തീച്ചൂ‍ളയില്‍ നിന്നും പൊങ്ങിവന്ന ഒരു സംശയമായിരുന്നു “ഈ ഉടുമ്പിനെ കണ്ടാല്‍ എങ്ങനിരിയ്ക്കും???? എന്നുള്ളത്...

സംഭവം വിഷയമായി...ആഗോള പ്രശ്നമായി..ഒടുവില്‍ കുറ്റൂര്‍ പഞ്ചായത്തിനെയാക് ഇളക്കിമറിച്ച് എവിടന്നൊക്കെയോ ഹരിച്ചേട്ടന്‍ ഒരു ഉടുമ്പിനെ പിടിച്ച് കൊണ്ട് വന്ന് കെട്ടിയിട്ടു...അമ്മുക്കുഞ്ഞിന് കാണാന്‍!!!...ഒരു ചാക്കു ചരടില്‍ കുടുക്കു ജനല്‍ക്കമ്പിയേല്‍ കുടുക്കിയിടും..വൈകിട്ടാവുമ്പോള്‍ അഴിച്ചു വിടും...പിന്നെ അതൊരു പതിവായി..ഉടുമ്പ്,വെരുക്,കീരി..അങ്ങനെ നാനാവിധ ജന്തുജാലങ്ങള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോ നടത്തി..(മനേകാജീ..ആപ് ക്ഷമാ കീജിയേ..)

അപ്പോള്‍ അതാണു കാര്യം....ബാല്യത്തിലേയുള്ള മൃഗസ്നേഹം വളര്‍ന്നപ്പോഴും പിന്തുടര്‍ന്നു..പിന്നെപ്പിന്നെ ഞാന്‍ എവിടെപ്പോയാലും ഏതേലുമൊക്കെ പെറ്റ്സ് വേണംന്ന് തോന്നാന്‍ തുടങ്ങി...

എല്‍.കെ,ജിയിലോ മറ്റോ പഠിയ്ക്കുമ്പോള്‍ അമ്മ എനിയ്ക്ക് ഉറൂബിന്റെ “ഉണ്ണിയുടെ ആട്ടിന്‍‌കുട്ടി” കഥ പറഞ്ഞു തന്നു...അതിനുശേഷം അതിലെ അങ്കവാലന്‍ എന്ന കോഴി ആയി ഹീറോ...ഊണിലും ഉറക്കത്തിലും അങ്കവാലന്‍...കൊക്കും പൂവും പഞ്ചവര്‍ണ്ണത്തിലുള്ള വാലുമായി അവനങ്ങനെ എന്റെ ഉറക്കം കെടുത്തി...ഞാന്‍ അമ്മേടെ സ്വൈര്യവും കെടുത്തി...

കാറിച്ച സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ എവിടന്നോ അമ്മ ഒരു കോഴിക്കുഞ്ഞിനെ കൊണ്ടുവന്നു..പോരേ പൂരം...താഴത്തും വെക്കാതെ,തലയിലും വെക്കാതെ,ഞാനതിനെ വളര്‍ത്താന്‍ തുടങ്ങി..പേരും ഇട്ടു..”അങ്കവാലന്‍!!!”..
പിന്നെ കുറേ നാള്‍ അങ്കവാലനായിരുന്നു വി.ഐ.പി..ഞാന്‍ തിന്നുന്നതെല്ലാം അതിനും കൊടുക്കും..ചോറ്,നെയ്യ്,മീന്‍,ജിലേബി,മുട്ടായി,..എന്നു വേണ്ടാ...ശരിയ്ക്കും രാജകീയ ജീവിതം...
കാര്യങ്ങള്‍ വളരെ സ്മൂത്തായി പൊയ്ക്കൊണ്ടിരുന്നപ്പോളാണ് എനിയ്ക്കൊരു ഉള്‍വിളി.....




......പേരു മാത്രം അങ്കവാലന്‍ എന്നായതു കൊണ്ട് കാര്യമില്ല..ആ‍ പേര് എന്തു കൊണ്ടും തനിയ്ക്ക് യോജിച്ചതാണെന്ന് തെളിയിയ്ക്കേണ്ട ബാധ്യത കൂടി അവനുണ്ട്...
.
...കഥയിലെ അപ്പുവിന്റെ അങ്കവാലന്‍ വന്‍ സംഭവമാണ്.അടുത്ത വീട്ടിലെ കോഴിയെ കൊത്തിത്തോല്‍പ്പിയ്ക്കുന്നതൊക്കെ പറയുന്നുണ്ട്...അപ്പോ എന്റെ അങ്കവാലനും മോശമാവരുതല്ലോ!!!
നഗരിത്തലയ്ക്കലെ അങ്കത്തട്ടില്‍ മയിലിനെപ്പോലെ പറന്നു വെട്ടിയ ആരോമല്‍ ചേകവരെ പ്പോലെ,
തച്ചോളി ഒതേനനെപ്പോലെ....ബാബു ആന്റണിയെ പോലെ,സുരേഷ് ഗോപിയെപ്പോലെ..

അങ്കവാലന്‍ അങ്കം വെട്ടണം!!!!!!


എതിരാളിയേം ഞാന്‍ തന്നെ കണ്ടു പിടിച്ചു...അപ്പുറത്തെ അപ്പുച്ചേട്ടന്റെ വീട്ടിലെ പൂവങ്കോഴി...
ചുവന്നപൂവും,കറുത്തു മിനുത്ത ബോഡിയും...അവനാളൊരു ഗ്ല്ലാമര്‍ താരമാ...കണ്ടാലൊരു പൃഥ്വിരാജ്!!!!

അങ്കത്തിനു നാള്‍ കുറിച്ചൂ....അങ്കത്തട്ടൊരുങ്ങി..ചേകവന്മാരൊരുങ്ങി..പാണന്മാര്‍ നാടാകെ പാടി നടന്നു പബ്ലിസിറ്റി കൊടുത്തു....

തുടര്‍ന്നുള്ള ദിവസങ്ങള്‍ അതി തീക്ഷ്ണമായ പരീക്ഷണ നിരീക്ഷണങ്ങളുടേതായിരുന്നു....
അങ്കവാലനു ദിവസവുമുള്ള നെയ്യ്,പാല്‍,ചോറ് മെനു കൂടാതെ...അഡീഷണല്‍ ഫുഡ് സപ്പ്ലിമെന്റ്സ്...ലൈക്, മീന്മുള്ള്,തവിട്,പുഴു,പ്രാണി,പാറ്റ!!!....... ഇതിനെയൊക്കെ തപ്പി ഞാന്‍ ദിവസം മുഴുവന്‍ പറമ്പില്‍ അലഞ്ഞു നടന്നു.. അവന്‍ കോഴിക്കൂട്ടില്‍ എനെര്‍ജി ഡ്രിങ്കും കഴിച്ച് വിശ്രമിച്ചു!!!

അത്രേമൊക്കെയായിട്ടും പോരാ... അങ്ങോട്ട് പുഷ്ടിപ്പെടുന്നില്ല എന്റെ ബാബു ആന്റണി......ഇനിയിപ്പോ എന്താ ചെയ്യാ??????അങ്കത്തിനാണേലൊട്ട് ദിവസോമില്ല..അപ്പുറത്തെ പൃഥ്വിരാജ് ആണേല്‍ മസിലൊക്കെ പെരുപ്പിച്ച് വന്‍ ഡെമോ....പിന്നേം ടെന്‍ഷന്‍....!!!!

ആ ആഴ്ച ലീവിനു വന്നപ്പോ അച്ഛന്‍ കൊണ്ട് വന്ന ച്യവനപ്രാശം അപ്പോഴാണ് ഓര്‍മ്മയിലെത്തിയത്...
കണ്ണും പൂട്ടി ധ്യാനിച്ചിരിയ്കണ ച്യവനമഹര്‍ഷീടെ പടമുള്ള കുപ്പിയ്ക്കകത്ത് ബ്രൌണ്‍ നിറത്തിലുള്ള ഒരു സാധനം...മധുരത്തിന്റെ കൂടെ ചെറിയ എരിവും ഉള്ളതിനാല്‍ ബോണ്‍‌വിറ്റയും ഹോര്‍ലിക്സും പോലെ വെറുതേ വാരിത്തിന്നു വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പറ്റത്തില്ല,..
ആകെമൊത്തം യാതൊരു പ്രയോജനവുമില്ല ... സൊ... നോം അമ്മയോട് നേരെ ചൊവ്വെ ചെന്ന് കാര്യം അവതരിപ്പിച്ചു..

“മേ...എനിയ്ക്ക് ആ ച്യവനപ്രാശം കുറച്ച് തരോ???”
നേരെ ചൊവ്വെയുള്ള ഭക്ഷണം പോലും അകത്തോട്ട് കേറ്റാന്‍ ക്വട്ടെഷന്‍ ടീമിനെ വിളിയ്ക്കേണ്ട മൊതലാ ച്യവനപ്രാശം ചോദിയ്ക്കുന്നത്.. ഏതൊരമ്മയും ഞെട്ടും... എന്റമ്മയും ഞെട്ടി!!!!!

എന്നിട്ട് ചോദിച്ചു...”എന്തിനാ???’

ഞാന്‍ സത്യം പറഞ്ഞു ......”അങ്കവാലന് കൊടുക്കാനാ!!!”
പിന്നീടവിടെ നടന്നത് മണിച്ചിത്രത്താഴിനെ വെല്ലുന്ന പ്രകടനമായിരുന്നു...

ഗംഗയില്‍ നിന്നും നാഗവല്ലിയിലേയ്ക്കുള്ള പ്രയാണത്തിനിടെ ഒരു ശങ്കരനാരായണന്‍ തമ്പിയാവാന്‍ താത്പര്യമില്ലാത്തതു കൊണ്ട് ഞാനോടി രക്ഷപ്പെട്ടു!!

പിന്നെ ച്യവനപ്രാശത്തിനു പകരം എന്നും രാത്രി എനിയ്ക്കുള്ള വിറ്റാമിന്‍ ഗുളിക അടിച്ചു മാറ്റി കൊടുത്തു സോള്‍വ് ചെയ്തു...

അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിവസം വന്നെത്തി...

അങ്കത്തട്ടില്‍ ചേകവന്മാര്‍ മുഖത്തോട് മുഖം നോക്കി..എന്തിനും തയ്യാറായി നിന്നു...
പുറത്ത് കാണികളായി അനുച്ചേച്ചി,കണ്ണന്‍ ചേട്ടന്‍.,സുഭ്ദ്ര ഇന്റി,ജോമോന്‍ ചേട്ടന്‍,കണ്മണി,പൊന്നുമണി,സുകുച്ചേട്ടന്‍...

വീറും വാശിയും സ്ഫുരിയ്ക്കുന്ന “അടിയെടാ,കൊത്തെടാ,ചാടെടാ..മാറെടാ” ആക്രോശങ്ങളുമായി ഇരുവശത്തും ഞാനും അപ്പുച്ചേട്ടനും.

ചേകവക്കോഴികള്‍ രണ്ടും കുറച്ചു നേരം ആര്‍ട്ട് പടം പോലെ..മുഖത്തോട് മുഖം നോക്കി ഭാവാഭിനയം നടത്തി...പൃഥ്വിരാജിന്റെ മുഖത്ത് “മടങ്ങിപ്പോ മക്കളേ....മടങ്ങിപ്പോ” എന്നൊരു ഭാവം...

കൌണ്ടര്‍ ഭാവാഭിനയത്തിനായി അങ്കവാലന്റെ മുഖത്തു നോക്കിയ ഞാന്‍ ചെറുതായിട്ടൊന്ന് ഞെട്ടി...

‘“ഹൈറ്റെകും ബ്ലൂചിപും കൊണ്ടമ്മാനമാടിയ മോഹന്‍ തോമസിനോട് കൌണ്ടര്‍ ഡയലോഗടിയ്ക്കുന്ന സുരേഷ് ഗോപീടെ എക്സ്പ്രഷനു പകരം അവിടെ ...,

ഒരു വശപ്പിശക് ഭാവം..
ഒരു മാതിരി ഉമ്മറിനെ കണ്ട ജയഭാരതീടെ മുഖഭാവം...

“എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ...പ്ലീസ്..ഞാനൊരു പാവമല്ലേ” ആറ്റിറ്റ്യൂഡ്...

ആറ്റിറ്റ്യൂഡ് മാത്രമല്ല..കക്ഷീടെ ബോഡി ലാംഗ്വേജിനും ഒരു ചാന്തുപൊട്ട് സ്റ്റൈല്‍...
ഈശ്വരാ‍.... ചീത്തപ്പേരുണ്ടാക്കുവോ ഇവന്‍??

മറ്റേ സൈഡില്‍ പൃഥ്വിരാജ് കത്തിക്കയറുന്നു...ചാടുന്നു..ഓടുന്നു..പറക്കുന്നു..കൊത്തുന്നു...
എന്റെ കണ്ണിലിരുട്ടു കയറി...
അരമണിയ്ക്കൂറില്‍ ചാന്തുപൊട്ട് ടേന്‍ഡ് ബാബു ആന്റണിയെ അവന്‍ ചുരുട്ടിക്കൂട്ടി കൈയ്യില്‍ തന്നു..


തകര്‍ന്ന സ്വപ്നങ്ങളുടെ ആംബുലന്‍സില്‍ അവനേയും കേറ്റി ഞാന്‍ വീട്ടിലെത്തി...വീട്ടില്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്ന തെറി മുഴുവന്‍ ഒന്നും വിട്ടു പോകാതെ ഏറ്റുവാങ്ങി...

“എന്തൊക്കെയായിരുന്നു....വിറ്റാമിന്‍.ച്യവനപ്രാശം,മീന്‍,ഇറച്ചി...ഒലക്കേടെ മൂട്..!!അതേയമ്മേ. ,,.അതേ.!!..അവസാനം പവനായി ശവമായി!!!!”

തീറ്റിച്ച വിറ്റാമിന്റെയൊക്കെ ഒരു ഗുണം കൊണ്ടായിരിക്കും...പവനായി പൂര്‍ണമായും ശവനായി ആയില്ല..
പാതിചത്ത അവന്റെ വായില്‍ മഞ്ഞള്‍ വെള്ളം ഇറ്റിച്ചു കൊടുത്തു കൊണ്ടിരുന്ന എന്റ കണ്ണിലേയ്ക്ക് നോക്കി അവന്‍ കരഞ്ഞു..കൊക്കൊ...കോ..കോ....”എന്നെ കൊണ്ട് ഇത്രേ പറ്റൂ!!!”
“പണ്ടാരക്കോഴീ..നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട്!!!! യൂ കോഴീടെ മകനേ!!!!”

കോഴിക്കൂട്ടിന്റെ മുന്നില്‍ അടയിരിയ്ക്കുന്ന എന്നെ കണ്ട് അച്ഛന്‍ കാര്യം ചോദിച്ചു...ദുഖത്തോടെ ഞാനാ സത്യം വെളിപ്പെടുത്തി..എന്റെ അങ്കവാലന്‍ തോറ്റു തുന്നം പാടിയ കഥ..!!

കാര്യം കേട്ടപ്പോള്‍ അച്ഛനൊരു സംശയം....”നീ ആ കോഴിയെ ഇങ്ങു കൊണ്ടു വന്നേ..ഞാനൊന്നു നോക്കട്ടേ...”

അങ്ങനെ അങ്കവാലന്‍ ഫിറ്റ്നെസ് ടെസ്റ്റിനു വിധേയനായി...
പരിശോധനാഫലം ഞെട്ടിയ്ക്കുന്നതായിരുന്നു...

ഇത്രയും നാള്‍ ഞാന്‍ താലോലിച്ചു വളര്‍ത്തിയ...
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ...കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ തേജോമയനായ..
പുരുഷസൌന്ദര്യത്തിന്റെ മകുടോദാഹരണമായ...
എന്റെ അങ്കവാലന്‍....

അവന്‍..
അവന്‍...

അങ്കവാലന്‍ ഒരു പിടക്കോഴിയാണ്!!!!!!!!

സത്യം!!!..

ബാബു ആന്റണി നിമിഷനേരം കൊണ്ട് സാരി ചുറ്റി ബീനാ ആന്റണിയായി...
സുരേഷ് ഗോപി ഫിലോമിനയായി...

ഛേ!!!വാട്ട് എ ഷെയിം!!!യൂ നാസ്റ്റി ഫീമെയില്‍ കുക്കുട്,ഹൌ ഡേര്‍ യൂ ഫാന്‍സി ഡ്രെസ് മീ??”

നീയാരെടീ പന്നപ്പെടക്കോഴീ ദയയിലെ മന്‍‌ജുവാര്യരുടെ അനിയത്തിയോ?????”


അതായിരുന്നു അനിവാര്യമായ പര്യവസാനം..
അതോടെ എല്ലാത്തിനും ഒരു തീരുമാനമായി...
അങ്കവാലി എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ട ആ പെടക്കോഴീടെ പതിനാറടിയന്തിരത്തിന്റെ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു...

പാലു കൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ അവളെ അതേ കൈ കൊണ്ട് തന്നെ എനിയ്ക്ക് ചോറിന്റെ കൂടെ കുഴച്ചുരുട്ടി തിന്നണം എന്ന അപേക്ഷ തള്ളപ്പെട്ടു..

അക്കരെയുള്ള അന്നാമ്മച്ചേടത്തിയ്ക്ക് അവളെ വളര്‍ത്താന്‍ കൊടുത്ത് പകരം ഒരു സുന്ദരന്‍ പൂവങ്കോഴിയെ വാങ്ങി അമ്മ എനിയ്ക്ക് ഫ്രൈയാക്കി തന്നു...

അതോടെ അങ്കവാലന്‍-വാലി ദ് ഗ്രേറ്റ് സ്റ്റോറി ഓഫ് ട്രാന്‍സ്ഫോര്‍മേഷന്‍ ഞാന്‍ താത്കാലികമായി മറന്നു....

വീണ്ടും കുറേക്കാലം ഉത്സവപ്പറമ്പിലൊക്കെ കളറടിച്ച കൊഴിക്കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഞാന്‍ വയലന്റാവുകയും അതുങ്ങളെ പിടിയ്ക്കാന്‍ ചെല്ലുകയും ചെയ്തിരുന്നു..എന്നും..”മിണ്ടാതെ വന്നില്ലേല്‍ ഇന്നു തല്ലിക്കൊല്ലും ഞാന്‍ “ എന്ന മാതൃവചനം കേട്ട് അടങ്ങുകയും ചെയ്തിരുന്നു എന്നത് പില്‍ക്കാല ചരിത്രം.....

!










.




..

24 comments:

കാര്‍ത്ത്യായനി said...

ഒരു വടക്കന്‍ വീരഗാഥ...

ഉറക്കമില്ലാത്ത സ്റ്റഡിലീവ് രാത്രികളിലൊന്നില്‍ വിളിയ്ക്കാതെ വന്നു കയറിയ പഴയ ഒരോര്‍മ്മ...
നട്ടപ്പാതിരയ്ക്ക് പഠിത്തം തുടങ്ങണോ വേണ്ടായോ എന്നാലോചിച്ച് കണ്‍ഫു അടിച്ചിരുന്ന എന്നെ തെലുങ്കും തമിഴും കന്നഡയും പറഞ്ഞ് ഭീഷണിപ്പെടുത്തി ഇന്നു തന്നെ പോസ്റ്റ് കമ്പ്ലീറ്റ് ചെയ്യിച്ച പണിക്കര്‍ സാറിന് സ്പെശല്‍ തേങ്ക്സ്!!!

Panicker said...

യൂ ആര്‍ വെല്‍കം ... ഭീഷണിയും മോട്ടിവേഷനും തമ്മില്‍ തിരിച്ചറിയാന്‍ വയ്യേ ?

എന്തായാലും, ഉടുമ്പിനെ കണ്ടിട്ടില്ലാന്നു പറഞ്ഞത് പാവം ഹരിച്ചേട്ടന്‍ അറിയണ്ട. പുള്ളി കുറെ കഷ്ടപ്പെട്ട് അതിനെയൊക്കെ പിടിച്ചു കൊണ്ട് വന്നു കാണിച്ചതല്ലേ?

അങ്കവാലന്‍റെ അനുഭവം ആയിരുന്നല്ലോ എന്‍റെ ചൂബിനും..

അപ്പോള്‍ അങ്ങനെയാണ് ചിക്കന്‍ ഒരു വീക്ക്‌നെസ് ആയത്..

അമ്മൂനെ ഒരു മരങ്കേറിയായ മരപ്പട്ടിയോടുപമിച്ച അനിയന്‍റെ കാവ്യഭാവന ശ്ലാഖനീയമാണെന്നു ഈയവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു ..

Ashly said...

Wonderful !!! Great writing style !!!!ചിരിച്ചു ..ചിരിച്ചു.....ഒരു വഴിയ്ക്‌ ആയി

Visala Manaskan said...

തകർത്ത്ണ്ട് ട്ടാ.. :)

Kaithamullu said...

ഭീഷണിയും മോട്ടിവേഷനും തമ്മില്‍ തിരിച്ചറിയാന്‍ വയ്യേ ?

പണിക്കര്‍ സാറിന്റെ കൂടെ എന്റെ വകയും ഒരു മോട്ടിവേഷന്‍, അമ്മൂ!

ഇനി ഇടക്കിടെ കാണണൊ, ട്ടാ!

മത്താപ്പ് said...

കൊട് കൈ
ജോറായിണ്ട്.....

രാജീവ് സാക്ഷി | Rajeev Sakshi said...

അടിപൊളി!!

കുഞ്ഞന്‍ said...

puli pole vannavan elipoleyaayippoyallo....

wish u more sleppless nights....

Unknown said...

എന്തൂറ്റാ അലക്ക്. ഗംഭീരമായി

Unknown said...

Amarnnu amarchayil Edathu vachu
Valathukalil chaadi chavitti
Valinjamarnnu nivarnnu
Edathukalil amarnnu
valathu theruthu
Edathu kalil chaadikketti valinjamarnnu othiramkadakavum
(Ankachuvadu)
Achan

kichu / കിച്ചു said...

കാര്‍ത്ത്യായനിക്കൊച്ചേ..
അങ്കത്തട്ടിലു നിറഞ്ഞാടീട്ടാ..:)

ചേച്ചിപ്പെണ്ണ്‍ said...

കാര്‍ത്തു വേ ഉഗ്രന്‍ ....നന്നായി ചിരിച്ചു ......

Mr. X said...

ചിരിച്ചു. നല്ലോണം.

Mr. X said...

BTW, ഒരു സംശയം...
അപ്പോള്‍ പൃഥ്വിരാജും മുന്നില്‍ വന്ന് പെട്ട സംവൃതയെ ജയസൂര്യ ആയി തെറ്റിദ്ധരിച്ചോ?

ശ്രീ said...

വായിച്ച് കുറച്ചങ്ങ് പോയപ്പോള്‍ തോന്നിയിരുന്നു ഇമ്മാതിരി വല്ല അക്കിടീം പറ്റിക്കാണും എന്ന്.

എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്.

Rare Rose said...

ഹി..ഹി..കലക്കന്‍ എഴുത്ത് ട്ടാ കാര്‍ത്തുക്കുട്ടീ.ആ അങ്കവാലന്റെ നില്‍പ്പൊക്കെ മനസ്സിലിങ്ങനെ കാണാന്‍ പറ്റി..:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നേരെ ചൊവ്വെയുള്ള ഭക്ഷണം പോലും അകത്തോട്ട് കേറ്റാന്‍ ക്വട്ടെഷന്‍ ടീമിനെ വിളിയ്ക്കേണ്ട മൊതലാ...

correct..randennam ente veettilum undu..

ഇസാദ്‌ said...

ഹഹ, തകര്‍പ്പന്‍ ! എന്താ കലക്ക് .. ചിരിച്ച് ചിരിച്ച് എടങ്ങേറായി. ആശംസകള്‍.

നിങ്ങള്‍ ഒരു സംഭവം തന്നെ, സംശല്യാ.

ഇപ്പൊഴാണ് ഈ ബ്ലോഗ് കണ്ണില്‍ പെട്ടത്. എല്ലാ പോസ്റ്റും വായിക്കട്ടേ ...

അപ്പൊ ശരി.

SR.EE.RAJ said...

best kannaa best.

ദീപ്സ് said...

ഹഹ....ച്യവനപ്രാശ്..ഓംപ്രകാശ്....ഹഹ..കൊട്ടേഷന്‍ ...കൊള്ളാംസ്

കാര്‍ത്ത്യായനി said...

അല്ലാ...ഇതാരൊക്കെയാ ഈ വന്നേക്കണേ??
പരീക്ഷ,സിസ്റ്റം തകരാറ്,അവധി,കീമാന്‍ പണിമുടക്ക് അങ്ങനെ കുറേ കാരണങ്ങളുണ്ട് വൈകിയതിനു...ക്ഷമിയ്ക്കുമല്ലോ..

വിശാലേട്ടാ..നന്ദി...:)
പണിക്കര്‍ സാറേ,,ആ ശ്ലാഘനീയമായ “ഫാവനയ്ക്ക് നമോവാകം :)
പുള്ളിപ്പുലി,കുഞ്ഞന്‍,സാക്ഷി ,മത്താപ്പ്,നന്ദി..
കപ്പിത്താനേ..നന്ദീണ്ടേയ്..
കൈതമുള്ളേ ആ മോട്ടിവേഷനു താങ്ക്സ് :)
കിച്ചു,ച്ചേച്ചിപ്പെണ്ണ്...സ്വാഗതം..:)
ദീപ്സ്...എന്താപറഞ്ഞേ???ക്വട്ടേഷന്‍????എന്നുവെച്ചാലെന്ത?? :P
DOODE,,THANKS MAN :)
ഇസാദ്,നന്ദി വീണ്ടൂം വരിക :)
ശ്രീ,അപൂര്‍വ റോസാപൂവേ ,നന്ദി :)
ആര്യന്‍ ജീ..അത് ആ പൂവങ്കോഴിയോട് തന്നെ ചോദിയ്ക്കേണ്ടി വരുവോന്നാ എന്റെ സംശയം :)
നിലാവേ,ഇക്കാര്യത്തില്‍ ഞങ്ങളൊക്കെ ഒറ്റക്കെട്ടാ!!

കാര്‍ത്ത്യായനി said...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ് പുതുവത്സരാശംസകള്‍...:)




പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു..ആ പരീക്ഷയില്ലേ?അതു ഞാന്‍ ജയിച്ചു!!!!

Rahul C Raju said...

hey kaartyayani (guess am spellin it ryt ;),

Nice post.... n ya, good writin style too....

hweva, d post wud have had been betta, had d openin few paras been bit more live.... Though u have compensated that on the remaining part of the post.... Wit no flattery,lemma admit, ur choice of humour is well in place....

So..., keep bloggin lady.......

sylesh said...

:D awesome..