Thursday, April 17, 2008

എന്റെ വിഷു

പൊന്നുരുക്കിയൊഴിയ്ക്കുന്നുണ്ടംബരം
കര്‍ണ്ണികാരങ്ങള്‍ക്കു കമ്മല്‍ പണിയുവാന്‍.
നെല്ലറകള്‍ നിറയുന്നു വേനലിന്‍
വന്‍ വറുതിക്കാലമാണെങ്കിലും..
മാമലനാടിന്നന്‍പെഴും മടിത്തട്ടില്‍
സായന്തനങ്ങളൊരുക്കും വിഷുക്കണി.
മാങ്ങയുമുണ്ടാം കണിവെള്ളരി,കൊന്നപ്പൂവും
മാധവരൂപം,മായാത്ത സമൃദ്ധിയും..
മാനസേ തെളിയുന്നുണ്ടാമനോഹര ദൃശ്യം
മായികസുന്ദരമൊരു സ്വപ്നം പോലവേ!
നാടതങ്ങകലെയാണേറെ വഴിയ്ക്കപ്പുറം,
പോകുവാന്‍ പഴുതില്ല ഹൃത്തടം പിടച്ചാലും!

എഴുത്തുമേശമേലിരിപ്പൂ രാമാ‍യണം,
അതിന്റെയൊന്നാം താളില്‍ പതിച്ച ദേവീരൂപം
എടുത്തു കണ്ണോടു ചേര്‍ക്കും,പ്രാര്‍ത്ഥിയ്ക്കും,
അടുത്തകൊല്ലവും നന്മകള്‍,അതാണെന്‍ വിഷു.

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും,
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും..

ഞായറാണിന്ന്,ഞാനുറങ്ങട്ടെയെന്നായ്
ആയിരമാലസ്യത്തില്‍ പുതപ്പുകള്‍ നെയ്യവേ,
ജാലകത്തിങ്കല്‍ കേട്ടൂ പരിചിതമേതോ സ്വരം,
വാലു കുലുക്കിച്ചിരിയ്ക്കും വിഷുക്കിളി!


പൊരിയുന്ന വേനലില്‍ തണല്‍ തേടി വന്നതോ?
പരദേശിയ്ക്കൊരു വിഷുക്കണി കൊണ്ടുവന്നതോ?
ഒരുപാടു സ്നേഹത്തിന്‍ പായസപ്പങ്കുമായ്
അരുമയായെന്നമ്മ ചൊല്ലിയയച്ചതോ?
അറിയില്ല,എങ്ങനെ ,എന്തിനെന്നെങ്കിലും,
ചിരപരിചിത,എന്റെ പ്രിയ കളിത്തോഴി നീ.

മഴവില്ലു പോലുള്ള പട്ടിളം പീലിയും
നറുതേന്‍ ചൊരിയുന്ന കളകള നാദവും
ഉടലാകെയായിരം പൂമ്പൊടിക്കൂട്ടുമായ്
വരമായി വന്നു നീയീവഴിയോമലേ
പഴയൊരീ പരിചയം കണ്ടു പുതുക്കുവാന്‍


കണിയായി നിറയട്ടെ നീയെന്നുമെന്‍‌മുന്നില്‍,
ശ്രുതി ചേര്‍ന്നു നില്‍ക്കട്ടെ നീയെന്റെയാത്മാവില്‍,
തെളിവും നിറവും പരത്തിനിന്നീടുമാ
നിലവിളക്കിന്റെ തിരിനാളം പോലവേ!

12 comments:

കാര്‍ത്ത്യായനി said...

ഒരു ഹോസ്റ്റല്‍ വിഷു!!!

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല വരികള്‍. ചൊല്ലാനും പറ്റും. ഇനിയും എഴുതൂ.. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Unknown said...

കണിയായി നിറയട്ടെ നീയെന്നുമെന്‍‌മുന്നില്‍
ശ്രുതി ചേര്‍ന്നു നില്‍ക്കട്ടെ നീയെന്റെയാത്മാവില്‍
തെളിവും നിറവും പരത്തിനിന്നീടുമാ
നിലവിളക്കിന്റെ തിരിനാളം പോലവേ!
മനോഹരമായിട്ടുണ്ട് ഈ വരികള്‍
മന്‍സില്‍ ഒരു നല്ല്ല കണി കണ്ട പ്രതീതി

നന്ദു said...

കാര്‍ത്ത്യായനി,
നല്ല കവിത.. വിഷുവിനെക്കുറീച്ച് വളരെ സൂക്ഷ്മമായ നിരീക്ഷണം.

നെല്ലറകള്‍ നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍ പക്ഷെ ഒക്കെയും വിസ്മൃതിയിലാണ്ടുപോയില്ലേ? എങ്കിലും പ്രത്യാശ കൈവിടാതെ നാമിന്നും ഐശ്വര്യത്തിന്റെ പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. വിഷുപ്പുലരിയില്‍ സമൃദ്ധിയിലേക്ക് കണ്ണുകള്‍ തുറക്കുന്നു..

തുടര്‍ന്നും എഴുതൂ..!

siva // ശിവ said...

so nice poem....

തോന്ന്യാസി said...

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും..


കാര്‍ത്തൂ ഒറപ്പിച്ചു നീ കവയത്രി തന്നെ......

Rafeeq said...

നന്നായിട്ടുണ്ട്‌.. :)

ഹരിയണ്ണന്‍@Hariyannan said...

നാടതങ്ങകലെയാണേറെ വഴിയ്ക്കപ്പുറം
പോകുവാന്‍ പഴുതില്ല ഹൃത്തടം പിടച്ചാലും

ഇതും

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും

എന്നതും

സൂപ്പര്‍...

Suvi Nadakuzhackal said...

നെല്ലറകള്‍ ഒക്കെ കേരളത്തില്‍ കാലി ആയിക്കൊണ്ടിരിക്കുന്നു. കൃഷി ചെയ്തിടത്തൊക്കെ കര്‍ഷകര്‍ക്ക്‌ കൊയ്യാന്‍ ആവുന്നില്ല.

sreejith said...

Ithinu Vattayo?

കാര്‍ത്ത്യായനി said...

ഒരുപാട് വൈകിയ ഒരു നന്ദി..എല്ലാ‍വര്‍ക്കും..
പരീക്ഷ ആയതിനാല്‍ ബ്ലോഗ് അനിശ്ചിതകാല അടച്ചുപൂട്ടലില്‍ ആയിരുന്നു..അതാണ് വൈകിയത്..
സ്നേഹപൂര്‍വം..കാര്‍ത്ത്യായനി..

അനില്‍ ഐക്കര said...

ജനിച്ചനാടിന്റെയതിര്‍ത്തികള്‍ക്കിപ്പുറം
വളര്‍ച്ച തേടി വന്നടിഞ്ഞ നാള്‍ മുതല്‍
മനസ്സിലാണെന്നും വിഷുവുമോണവും,
മീനഭരണിയും ധനുമാസത്തിരുവാതിരപ്പാട്ടും..

Adaaar....